വാട്ടര്‍ സ്പോര്‍ട്സ് ഇനങ്ങളുടെ ചാര്‍ജ് 50 % കുറച്ച് കതാറ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുകയും രാജ്യം മെല്ലെ മെല്ലെ സാധാരണ നിലയിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ വേനലവധിക്ക് കൂടുതലാളുകളെ ആകര്‍ഷിക്കുന്നതിനായി എല്ലാ വാട്ടര്‍ സ്പോര്‍ട്സ് ഇനങ്ങളുടെയും ചാര്‍ജ് 50 % കുറച്ച് കതാറ രംഗത്തെത്തി.
മോട്ടോര്‍ ഘടിപ്പിച്ച ബോട്ട് സവാരി, കാറ്റമരന്‍ സവാരി, വാട്ടര്‍ സ്‌കീയിംഗ്, പാരാസെയിലിംഗ്, മോട്ടോര്‍ ഇതര പ്രവര്‍ത്തനങ്ങളായ സീ പെഡല്‍ ബോട്ട്, കയാക് എന്നിവയൊക്കെ ഇപ്പോള്‍ പകുതി നിരക്കില്‍ ലഭ്യമാണെന്ന് കതാറ അറിയിച്ചു
30 മിനിറ്റ് ബോട്ട് സവാരിക്ക് ഇപ്പോള്‍ 60 റിയാലാണ് നല്‍കേണ്ടത്. കാറ്റമരന്‍ സവാരിക്ക് 100 റിയാലാണ് ചാര്‍ജ്. വാട്ടര്‍ സ്‌കീയിംഗിനും പാരാസെയിലിംഗിനും യഥാക്രമം 75 റിയാല്‍, 50 റിയാല്‍ എന്നിങ്ങനെയാണ് പുതിയ ചാര്‍ജ്. അതേസമയം മോട്ടോര്‍ ഇതര പ്രവര്‍ത്തനങ്ങള്‍ക്ക് 25 റിയാലാണ് ഈടാക്കുക.
വാട്ടര്‍ സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നുവെന്നും എല്ലാ വാട്ടര്‍ സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ക്കും ലൈഫ് ജാക്കറ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്നും കതാറ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. 16 വയസ്സിന് താഴെയുള്ള കുട്ടികളെ മുതിര്‍ന്നവരോടൊപ്പം മാത്രമേ അനുവദിക്കൂ. ചില പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് 3:30 മുതല്‍ സൂര്യാസ്തമയം വരെ നീണ്ടുനില്‍ക്കുന്ന ബീച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂട്ടിയുള്ള ബുക്കിംഗ് ആവശ്യമില്ലെന്നും ബീച്ചിലെത്തുന്നവര്‍ക്ക് രാത്രി 11 വരെ ബീച്ചില്‍ തുടരാമെന്നും കതാറ പ്രസ്താവിച്ചു.
ഗേറ്റ് നമ്പര്‍ 1, ഗേറ്റ് നമ്പര്‍ 8 എന്നിവയില്‍ നിന്ന് ബീച്ചിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റ് വാങ്ങാം. ഇഹ്തിറാസ് സ്റ്റാറ്റസ് പച്ചയുള്ള ആര്‍ക്കും പ്രവേശനം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 55449862 എന്ന നമ്പറില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ ബന്ധപ്പെടാം.
ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് മുതിര്‍ന്നവര്‍ക്ക് 10 റിയാല്‍ പ്രവേശന ഫീസുണ്ട്. എന്നാല്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇത് സൗജന്യമാണ്. മറൈന്‍ സ്പോര്‍ട്സിനായി ബുക്കിംഗ് നടത്തുന്നവര്‍ക്ക് ബീച്ചിലേക്ക് സൗ ജന്യ പ്രവേശനം അനുവദിക്കുമെന്നും കതാറ വ്യക്തമാക്കി.