IM Special

പാട്ടിന്റെ പാലാഴി തീര്‍ത്ത് അക്ബര്‍ ചാവക്കാടിന്റെ സംഗീത യാത്ര

ഡോ. അമാനുല്ല വടക്കാങ്ങര

പാട്ടിന്റെ പാലാഴി തീര്‍ത്താണ് അക്ബര്‍ ചാവക്കാടെന്ന കലാകാരന്‍ തന്റെ പ്രവാസ ജീവിതം വര്‍ണാഭമാക്കുന്നത്. കോവിഡ് പ്രതിസന്ധി വേദികള്‍ നഷ്ടപ്പെടുത്തുമ്പോഴും പാടാനും പാട്ടുകേള്‍ക്കാനുമുള്ള അവസരങ്ങളൊന്നും പാഴാക്കാതെയാണ് സംഗീത യാത്രയിലൂടെ അക്ബര്‍ ജീവിത സായൂജ്യം കണ്ടെത്തുന്നത്.

കൊച്ചുനാളിലെ പാടി തുടങ്ങിയ അക്ബര്‍ മദ്രസയിലെ നബി ദിനാഘോഷ പരിപാടികളിലെ സ്ഥിരസാന്നിധ്യമായിരുന്നു. ആദ്യമൊക്കെ പാട്ടുകാരുടെ സഹായിയായി കൂടെ പാടിയാണ് തുടങ്ങിയത്. കളിക്കൂട്ടുകാരനായ നവാസാണ് ആദ്യമായി വേദിയിലേക്ക് കൊണ്ടു വന്നത്. പിന്നീട് സ്വന്തമായി പാടാന്‍ തുടങ്ങി. സ്‌ക്കൂളില്‍ നിന്നും നിരവധി സമ്മാനം നേടിയ അക്ബര്‍ സബ് ജില്ല വരെ മാപ്പിളപ്പാട്ട് മല്‍സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. തൃപ്രയാര്‍ വലപ്പാട് മായ ആര്‍ട്സ് കോളേജിലെത്തിയതോടെയാണ് അക്ബറിന്റെ പാട്ടുജീവിതത്തില്‍ വലിയ മാറ്റമുണ്ടായത്. കോളേജ് ആര്‍ട്‌സ് ഡേകളിലൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ച അക്ബര്‍ സ്റ്റേറ്റ് പാരലല്‍ കലോല്‍സവ സംഗീത വേദികളില്‍ നിറഞ്ഞു നിന്നു.

നിസരി ഓര്‍ക്കസ്ട്രയുടെ ഭാഗമായ അക്ബര്‍ ചാവക്കാട് ഏരിയയില്‍ ആദ്യമായി കരോക്ക ഗാനമേള സംഘടിപ്പിച്ച് സഹൃദയരുടെ കയ്യടി വാങ്ങി. സിനിമ ഗാനം, ലളിത ഗാനം, മാപ്പിളപ്പാട്ട് മല്‍സരങ്ങളിലൊക്കെ പങ്കെടുക്കാന്‍ ലഭിക്കുന്ന ഒരവസരവും നഷ്ടപ്പെടുത്താതെ സജീവമായി നിലനില്‍ക്കുവാന്‍ അക്ബര്‍ പ്രത്യേകം ശ്രദ്ധിച്ചു. നാട്ടികയില്‍ നടന്ന ‘മഴ’ സംഗീത പരിപാടിയില്‍ വിജയിച്ച് അന്നത്തെ ജലസേചന മന്ത്രിയായിരുന്ന എം.കെ. പ്രേമചന്ദ്രനില്‍ നിന്നും സമ്മാനം വാങ്ങിയതാണ് പാട്ടിന് ലഭിച്ച ആദ്യത്തെ പ്രധാന അംഗീകാരം.

റിയാലിറ്റി ഷോകള്‍ വ്യാപകമാകുന്നതിന് മുമ്പ് ദൂരദര്‍ശനിലെ സല്ലാപം പരിപാടി, കൈരളി ചാനലിലെ ഗന്ധര്‍വ സംഗീതം, ജീവന്‍ ടി.വി.യിലെ വോയ്സ് 2005 എന്നിവയിലൊക്കെ പങ്കെടുത്ത അക്ബര്‍ 2009 ലെ കൈരളി പട്ടുറുമാല്‍ സീസണ്‍ രണ്ടിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

തൃശൂര്‍ കല്യാണ്‍ റിക്കോര്‍ഡ്സില്‍ കൂട്ടുകാരന്‍ ഷഫ്നാസ് കൊണ്ടുപോയി പാടിച്ചതാണ് ആദ്യമായി റിക്കോര്‍ഡിംഗ് സ്റ്റുഡിയോ അനുഭവം. പിന്നീട് പല ആല്‍ബങ്ങളിലും പാടാന്‍ അവസരം ലഭിച്ചു. പ്രശസ്തമായ അഴകേ കിനാവേ എന്ന ആല്‍ബത്തിലെ ടൈറ്റില്‍ സോംഗ് പാടിയത് അക്ബര്‍ ചാവക്കാടാണ് . എല്ലാ പാട്ടുകളും വഴങ്ങുമെങ്കിലും നാട്ടില്‍ അധികവും കല്യാണപാര്‍ട്ടികളുമായി ബന്ധപ്പെട്ട പരിപാടികളാണ് ലഭിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ മാപ്പിളപ്പാട്ടുകളാണ് കൂടുതലായും പാടിയത്.

ഖത്തറിലെ ചെറുതും വലുതുമായ നിരവധി വേദികളില്‍ അക്ബര്‍ തന്റെ സംഗീത പാഠവം തെളിയിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്ത് ബ്ളാംഗാട് അഷ്റഫ് പണിക്കവീട്ടിലിന്റേയും സുലൈഖയുടേയും മകനായാണ് അക്ബര്‍ ജനിച്ചത്. ചെറുപ്പം മുതലേ പാട്ടില്‍ കമ്പമുണ്ടായിരുന്നെങ്കിലും കുറേ വേദികളില്‍ പാടിയ ശേഷമാണ് സംഗീതം പഠിക്കാന്‍ തുടങ്ങിയത്. സംഗീതം പഠിച്ചാല്‍ പാട്ടുകള്‍ ഒന്നുകൂടി മൊഞ്ചാകുമെന്നും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നും സന്തോഷ് എന്ന സുഹൃത്താണ് അക്ബറിനെ ബോധ്യപ്പെടുത്തിയത്. അങ്ങനെ 5 വര്‍ഷത്തോളം ഗുരുവായൂര്‍ ചെമ്പൈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വേണു സാറിന് കീഴില്‍ 5 വര്‍ഷത്തോളം സംഗീതം അഭ്യസിച്ചു. ഇപ്പോള്‍ സംഗീതോപകരണങ്ങളിലാണ് താല്‍പര്യം. ജോയ് ഖത്തറിന് കീഴില്‍ വയലിന്‍ പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ജുബീനയാണ് ഭാര്യ. മുഹമ്മദ് നബ്ഹാന്‍, ഹവ്വ മെഹ്‌നൂര്‍, സൈബ അക്ബര്‍ എന്നിവരാണ് മക്കള്‍. മൂത്തമകന്‍ വരയിലും മകള്‍ പാട്ടിലും തല്‍പരനാണ് .

Related Articles

Back to top button
error: Content is protected !!