IM Special

കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ ( 7)

ദുബൈ മിറാക്കിള്‍ ഗാര്‍ഡന്‍

ഡോ. അമാനുല്ല വടക്കാങ്ങര

മരുഭൂമിയുടെ നടുവില്‍ ഒരു പൂന്തോട്ടം എന്നു കേള്‍ക്കുമ്പോള്‍ തന്നെ വളരെ കൗതുകകരമായി തോന്നുമെങ്കിലും പേരു പോലെ തന്നെ പൂക്കളാല്‍ അദ്ഭുതം തീര്‍ക്കുന്ന ഒന്നാണ് ദുബൈയിലെ മിറാക്കിള്‍ ഗാര്‍ഡന്‍. 17 ഏക്കറില്‍ 72,000 ചതുരശ്രമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ പൂന്തോട്ടം വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട ലക്ഷക്കണക്കിന് പൂക്കളാല്‍ കാഴ്ചയുടെ നിറവസന്തമൊരുക്കുന്നു. ഗാര്‍ഡന്‍ പൂര്‍ണമായി കാണണമെങ്കില്‍ ഒരു ദിവസം മുഴുവന്‍ അവിടെ ചിലവഴിക്കേണ്ടി വരും. ചുരുങ്ങിയത് മൂന്ന് നാല് മണിക്കൂറെങ്കിലും ചിലവഴിക്കാതെ മിറാക്കിള്‍ ഗാര്‍ഡന്‍ ആസ്വദിക്കാനാവില്ല.

എന്തൊക്കെ വിസ്മയ കാഴ്ചകളാണ് ദുബൈ നഗരം സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. മരുഭൂമിയെ മലര്‍വാടിയാക്കി മാറ്റിയാണ് പൂക്കളുടെ വിസ്മയം തീര്‍ക്കുന്ന മിറാക്കിള്‍ ഗാര്‍ഡന്‍ നമ്മുടെ മനം കവരുന്നത്. സൗന്ദര്യത്തിന്റേയും ഭാവനയുടേയും അതിരുകളില്ലാത്ത ലോകത്ത് മായാകാഴ്ചകളൊരുക്കുന്ന മിറാക്കിള്‍ ഗാര്‍ഡന്‍ ശരിക്കും ഒരു അത്ഭുതം തന്നെയാണ്. നെതര്‍ലാന്റ്‌സിലെ ക്യൂകന്‍ഹോഫ് ഗാര്‍ഡനാണ് വലിപ്പം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ഗാര്‍ഡനെങ്കിലും പൂക്കളുടെ എണ്ണത്തില്‍ ദുബൈ മിറാക്കിള്‍ ഗാര്‍ഡനാണ് മുന്നില്‍. ക്യൂകന്‍ഹോഫില്‍ 7 മില്യണ്‍ പൂക്കള്‍ വിരിഞ്ഞുനില്‍ക്കുമെങ്കില്‍ ദുബൈ മിറാക്കിള്‍ ഗാര്‍ഡില്‍ 50 മില്യണ്‍ പൂക്കളാണ് വിരിയാറുള്ളത്.

2013 ലെ വാലന്റൈന്‍ ദിനത്തിന്റെ തലേന്നായി സിറ്റി ലാന്റ് റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റാണ് ദുബൈയുടെ പുതിയ ആകര്‍ഷണമായി മിറാക്കിള്‍ ഗാര്‍ഡന്‍ തുറന്നത്. ഓരോ വര്‍ഷവും പ്രത്യേക സീസണിലാണ് മിറാക്കള്‍ ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ലക്ഷക്കണക്കിനാളുകളെ കൊതിപ്പിച്ച ഈ മിറാക്കിള്‍ ഗാര്‍ഡന്റെ പത്താം സീസണിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മള്‍ട്ടി-സെന്‍സറി അനുഭവം വാഗ്ദാനം ചെയ്യുന്ന, ഇതുവരെ കണ്ടിട്ടില്ലാത്ത പുഷ്പ ഇന്‍സ്റ്റാളേഷനുകളാല്‍ പൂന്തോട്ടം അലങ്കരിച്ചിരിക്കുന്നു.

2021 നവംബര്‍ ഒന്നിന് തുറന്ന മിറാക്കിള്‍ ഗാര്‍ഡന്‍ 2022 മെയ് 22 വരെ തുറന്ന് പ്രവര്‍ത്തിക്കും. സാധാരണ ഗതിയില്‍ മുതിര്‍ന്നവര്‍ക്ക് 55 ദിര്‍ഹമും കുട്ടികള്‍ക്ക് 40 ദിര്‍ഹമുമാണ് പ്രവേശന ഫീസ്. ദുബൈ എക്‌സ്‌പോയുടെ സമയവുമായി ബന്ധപ്പെട്ടതിനാല്‍ ഈ വര്‍ഷം കൂടുതലാളുകള്‍ ഈ വിസ്മയം കാണാനെത്തുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

ദുബായ് മിറാക്കിള്‍ ഗാര്‍ഡനില്‍ 150 ദശലക്ഷത്തിലധികം പ്രകൃതിദത്ത പൂക്കളും 120-ലധികം ഇനങ്ങളില്‍ നിന്നുള്ള ചെടികളും ഉണ്ട്, അവയില്‍ ചിലത് അപൂര്‍വവും ഗള്‍ഫ് മേഖലയില്‍ മറ്റൊരിടത്തും കൃഷി ചെയ്യാത്തതുമാണെന്നാണ് പറയപ്പെടുന്നത്.

ദുബൈ മിറാക്കിള്‍ ഗാര്‍ഡന്റെ തുടര്‍ച്ചയായ പത്താം സീസണ്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും കൂടുതല്‍ ആകര്‍ഷണങ്ങളുമായി, പൂന്തോട്ടം കുടുംബങ്ങളെ പിടിച്ചിരുത്തുമെന്നുമാണ് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്റെ സ്രഷ്ടാവും സഹസ്ഥാപകനും ബൊട്ടാണിക്കല്‍ പ്രോജക്റ്റിന്റെ ഡെവലപ്പറും സിറ്റിലാന്‍ഡ് ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനുമായ അബ്ദുല്‍ നാസര്‍ റഹ്ഹല്‍ പത്താം സീസണ്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞത്. ദുബായ് മിറാക്കിള്‍ ഗാര്‍ഡനിലെ സുരക്ഷിതവും രസകരവുമായ അന്തരീക്ഷത്തില്‍ പുതിയ ഇന്‍സ്റ്റാളേഷനുകള്‍ സന്ദര്‍ശകരെ സന്തോഷിപ്പിക്കാനും അവര്‍ക്ക് പ്രകൃതിയുമായി ഇണങ്ങിച്ചേരാനുള്ള അവസരവും ഉറപ്പാക്കാനും മുഴുവന്‍ ടീമും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. സൗന്ദര്യവും സൗരഭ്യവും സമന്വയിക്കുന്ന വിസ്മയ കാഴ്ചകള്‍ ഏതൊരാളിലും ആവേശമുയര്‍ത്താന്‍ പോന്നതാണ് .

‘എക്സ്പോ 2020-ന് സമാന്തരമായാണ് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്റെ പുതിയ സീസണ്‍ നടക്കുന്നത്, ഇത് ആഗോള പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. എക്സ്പോയുടെ അത്യാധുനിക രൂപകല്‍പ്പന, സര്‍ഗ്ഗാത്മകത, ആതിഥ്യമര്യാദ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ സൗന്ദര്യത്തിലും രൂപകല്‍പനയിലുമെന്നല്ല മൊത്തം നിര്‍മിതിയില്‍ തന്നെ നിസ്തുലമാണ്.

കാട്ടിലെ കൂണ്‍ ആകൃതിയിലുള്ള വീടുകളില്‍ താമസിക്കുന്ന ചെറിയ നീല ജീവികളുടെ ഒരു സാങ്കല്‍പ്പിക സമൂഹത്തെ കേന്ദ്രീകരിച്ചുള്ള കുട്ടികളുടെ കോമിക്, ആനിമേഷന്‍ ഫ്രാഞ്ചൈസിയായ ദി സ്മര്‍ഫ്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഉദ്വേഗജനകമായ പുഷ്പ ഇന്‍സ്റ്റാളേഷനുകളുടെ ഒരു നിരയാണ് ദുബൈ മിറാക്കിള്‍ ഗാര്‍ഡന്റെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലുകളുടെ ഹൈലൈറ്റ് എന്ന് പറയാാം.
ഒരു പ്രത്യേക ‘സ്മര്‍ഫ് വില്ലേജ് അട്രാക്ഷന്‍ ഏരിയ’ സൃഷ്ടിച്ച് , പതിനായിരക്കണക്കിന് കൂണ്‍ വീടുകള്‍ക്ക് ആതിഥേയത്വം വഹിക്കുകയും ആനിമേറ്റഡ് ഫിലിം സീരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഫര്‍ണിച്ചറുകള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തത് ഏറെ കൗതുകകരമാണ്്. ഈ നൂതനമായ കൂണ്‍ വീടുകളില്‍ പ്രവേശിക്കാനും ദി സ്മര്‍ഫിലെ ഒരു കഥാപാത്രത്തെപ്പോലെ ജീവിച്ചതിന്റെ അനുഭവം പങ്കിടാനും കുടുംബങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നതിനാല്‍ കുട്ടികള്‍ക്ക് അവിസ്മരണീയമമായ അനുഭവങ്ങള്‍ ആസ്വദിക്കാനവസരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദുബൈ് മിറാക്കിള്‍ ഗാര്‍ഡന്റെ പത്താം സീസണില്‍ പുതുതായി രൂപകല്‍പന ചെയ്ത ത്രിമാന ഘടികാരം, ജലധാരയുള്ള ‘ഫ്േളാട്ടിംഗ് റോക്ക്’, പുഷ്പ മയിലുകള്‍, കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രണ്ട് പുഷ്പ പ്രദര്‍ശനങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു: ഏകദേശം 15 മീറ്റര്‍ ഉയരമുള്ള ഒരു ‘ജീനി’, ഒരു ‘പറക്കുന്ന മാന്ത്രിക പരവതാനി തുടങ്ങിയ പുതിയ ആകര്‍ഷണങ്ങള്‍ ഗാര്‍ഡനിലെ നിലവിലുള്ള പുഷ്പ പ്രദര്‍ശനങ്ങള്‍ക്ക് പുറമേയാണ്: പച്ചനിറത്തിലുള്ള എമിറേറ്റ്‌സ് എ380, ബാലെ നര്‍ത്തകര്‍, തത്സമയ പ്രകടനങ്ങള്‍ നടത്തുന്ന ഒരു ആംഫി തിയേറ്റര്‍-കം-ഒബ്‌സര്‍വേറ്ററി, തിളങ്ങുന്ന ‘ഫ്േളാറല്‍ കാസില്‍’ എന്നിവയും അതിലേറെയും പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളുന്നു.

ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എമിറേറ്റ്‌സ് എ 380ന്റെ മാതൃകയില്‍ അഞ്ച് ലക്ഷം പുഷ്പങ്ങള്‍ കൊണ്ട് നിര്‍മിച്ച് വിസ്മയ കാഴ്ച ഒരുക്കിയ ദുബൈയിലെ മിറാക്കിള്‍ ഗാര്‍ഡന്‍ സന്ദര്‍ശകരെ വിസ്മയിപ്പിച്ചിരുന്നു. വിമാനത്തിന്റെ അതേ വലുപ്പത്തില്‍ ഒരുക്കിയ ലോകത്തിലെ ഏറ്റവും വലിയ പുഷ്പ മാതൃക കാണാന്‍ മിറാക്കിള്‍ ഗാര്‍ഡനില്‍ ആയിരങ്ങളാണെത്തിയത്. സഞ്ചാരികളുടെ നയനങ്ങളെ വിസ്മയിപ്പിക്കുന്ന ഈ പുഷ്പ മാതൃക നാല് മാസം കൊണ്ടായിരുന്നു നിര്‍മിച്ചിരുന്നത്.2.93 മീറ്റര്‍ നീളത്തില്‍ 10.82 മീറ്റര്‍ ഉയരത്തിലായി തയ്യാറാക്കിയ വിമാനത്തിന്റെ മാതൃകയില്‍ ചലിക്കുന്ന എന്‍ജിന്‍ ഫാനുകളുമുണ്ട്. ഇതിന് ഒരു കിന്റല്‍ ഭാരമുണ്ട്. സൂര്യകാന്തി, സ്‌നാപ്ഡ്രാഗണ്‍ തുടങ്ങയിയ ഏഴ് തരം പൂക്കള്‍ ഉപയോഗിച്ചാണ് മാതൃക തയ്യാറാക്കിയത്.

എമിറേറ്റ്‌സിന്റെ ലോഗോ ഒരുക്കാന്‍ മാത്രം 9000 പൂക്കള്‍ ഉപയോഗിച്ചു. ഒരു ലക്ഷം റോസാപൂക്കള്‍ ഉപയോഗിച്ചാണ് ചിറക് തയ്യാറാക്കിയത്.

ദുബൈയ് മിറക്കിള്‍ ഗാര്‍ഡനില്‍ പ്രവേശിക്കുമ്പോള്‍, അത് സമാധാനത്തിന്റെയും ശാന്തിയുടേയും കാല്‍പനിക ലോകത്തേക്ക് നടക്കുന്നത് പോലെയാണ് അനുഭവപ്പെടുക. നിങ്ങള്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷം നിങ്ങളുടെ മനസ്സിനെ വ്യത്യസ്തങ്ങളായ നിറങ്ങളിലുള്ള പൂക്കളാല്‍ അലങ്കരിച്ചിരിക്കുന്ന മനോഹരമായ ലോകത്തേക്കാണ് ആനയിക്കുക.

മിറാക്കിള്‍ ഗാര്‍ഡനിലെ എല്ലാ നിര്‍മിതികളും കൗതുകകരവും ആകര്‍ഷകവുമാണെങ്കിലും സാധാരണണ ഗതിയില്‍ കുട്ടികളുടെ ശ്രദ്ധകവരുന്ന ഡിസൈനുകളില്‍ പ്രധാനമായവ താഴെ പറയുന്നവയാണ് .

പുഷ്പ ഘടികാരം – യഥാര്‍ത്ഥ സസ്യങ്ങളും പൂക്കളും കൊണ്ട് നിര്‍മ്മിച്ച 15 മീറ്റര്‍ പുഷ്പ ഘടികാരം ശ്രദ്ധിക്കേണ്ടതാണ്. സീസണ്‍ അനുസരിച്ച് ഡിസൈനുകള്‍ മാറ്റുന്നു. ക്ലോക്കിന്റെ മെക്കാനിക്കല്‍ ഭാഗങ്ങള്‍ യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്, അതിന്റെ ഡിസൈന്‍ സൃഷ്ടിച്ചത് സ്വന്തം ഇന്‍-ഹൗസ് ലാന്റ്‌സ്‌കേപ്പിംഗ് കമ്പനിയായ മിറക്കിള്‍ ഗാര്‍ഡന്‍ ലാന്‍ഡ്‌സ്‌കേപ്പിംഗ് ആണ്.

മിക്കി മൗസ് – ശ്രദ്ധേയമായ 18 മീറ്റര്‍ ഉയരമുള്ള മിക്കി മൗസിന്റെ പുഷ്പ ഘടന വിഭാവനം ചെയ്തതും രൂപകല്‍പ്പന ചെയ്തതും ദുബൈയ് മിറാക്കിള്‍ ഗാര്‍ഡനാണ്. ഡിസ്‌നിയുടെ മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ അക്ഷര പുഷ്പ പ്രദര്‍ശനത്തിന് 2018 ഫെബ്രുവരിയില്‍ ‘ലോകത്തിലെ ഏറ്റവും വലിയ ടോപ്പിയറി ഘടന’ എന്ന ഗിന്നസ് റെക്കോര്‍ഡ്‌സ് ലഭിച്ചു. ശില്‍പത്തിന് ഏകദേശം 100,000 ചെടികളും പൂക്കളും ഉണ്ട്, ഏകദേശം 35 ടണ്‍ ഭാരമുണ്ട്, കൂടാതെ 7 ടണ്‍ ഉറപ്പുള്ള കോണ്‍ക്രീറ്റിന്റെ കോണ്‍ക്രീറ്റ് അടിത്തറയുള്ള 50 ടണ്‍ സ്റ്റീല്‍ ഘടന പിന്തുണയ്ക്കുന്നു.

വലിയ ടെഡി ബിയര്‍ -12 മീറ്റര്‍ ഉയരമുള്ള ടെഡി ബിയര്‍ ഘടന പൂന്തോട്ടത്തിലെ ഏറ്റവും പുതിയ ആകര്‍ഷണങ്ങളിലൊന്നാണ്. ടെഡി ബിയര്‍ ഒരു ഹൃദയത്തെ മുറുകെ പിടിക്കുന്ന രീതിയിലാണ് രൂപകല്‍പന. അത് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

20 അടി താഴ്ചയുള്ള ഒരു ഭൂഗര്‍ഭ പുഷ്പ കാസ്‌കേഡ് ആണ് നഷ്ടപ്പെട്ട പറുദീസ അഥവാ ലോസ്റ്റ് പാരഡൈസ്. ഡസന്‍ കണക്കിന് പുഷ്പ വീടുകളും ബംഗ്ലാവുകളും അത്ഭുതകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ഈ സ്വര്‍ഗീയാരാമം കാണേണ്ടത് തന്നെയാണ്.

ലേക്ക് പാര്‍ക്ക് തടാകത്തിന് ചുറ്റും ഇരിക്കുന്ന സന്ദര്‍ശകര്‍ക്ക് അനുഭൂതി പകരും. വര്‍ണ്ണാഭമായ പൂക്കളും ജലധാരയും നിറഞ്ഞതിനാല്‍, തടാക പാര്‍ിക്കിന് ചുറ്റുമിരിക്കുന്നത് തന്നെ ഉന്മേഷദായകമാണ്.

ഹാര്‍ട്ട്‌സ് പാസേജ് – ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ച ശേഷം സന്ദര്‍ശകരുടെ മനസ്സിലേക്ക് വരുന്ന പ്രധാന കാര്യങ്ങളിലൊന്നാണ് ഹാര്‍ട്ട്‌സ് പാസേജ്. ഹാര്‍ട്ട്‌സ് പാസേജ് ഡസന്‍ കണക്കിന് വലിയ ഹൃദയങ്ങള്‍ക്കുള്ളില്‍, ഒരു നടപ്പാതയുടെ മനോഹരവും ശാശ്വതവുമായ മതിപ്പ് നല്‍കുന്നു. ഹൃദയങ്ങള്‍ കടന്നുപോകുന്നിടത്ത് വെറും ഹൃദയങ്ങളുടെ ആകൃതി മാത്രമല്ല, അവയില്‍ ആയിരക്കണക്കിന് പൂക്കള്‍ കൊത്തിവച്ചിട്ടുണ്ട്. പൂക്കളും കിനാക്കളും സൗന്ദര്യവും സൗരഭ്യവും മാത്രമല്ല ഹൃദയവികാരങ്ങളിലൂടെ മാനുഷിക ബന്ധങ്ങളെ ശക്തിപ്പെടുത്തുമെന്ന മഹത്തായ സന്ദേശമാണ് ഹാര്‍ട്‌സ് പാസേജ് അടയാളപ്പെടുത്തുന്നത്.

മിറാക്കിള്‍ ഗാര്‍ഡന്‍ പൂക്കളാല്‍ തീര്‍ത്ത എമിറേറ്റ്‌സ് എ 380 വിമാനം ഒരു ബൊട്ടാണിക്കല്‍ വിസ്മയമാണ്. എമിറേറ്റ്‌സ് എയര്‍ലൈന്‍ ദുബൈ മിറക്കിള്‍ ഗാര്‍ഡനുമായി ചേര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ പുഷ്പ ഇന്‍സ്റ്റാളേഷന്‍ നിര്‍മ്മിച്ചാണ് ലോകത്തിന്റെ കയ്യടി നേടിയത്. എമിറേറ്റ്‌സ് എ380 ന്റെ വലുപ്പത്തിലുള്ള പതിപ്പിലൂടെ 500,000-ലധികം പുതിയ പൂക്കളും ജീവനുള്ള ചെടികളും കൊണ്ട് മൂടിയിരിക്കുന്നു. പൂവിടുമ്പോള്‍, വിമാന ഘടനയ്ക്ക് അഭൂതപൂര്‍വമായ മൊത്തം സ്റ്റെം കൗണ്ട് 5 ദശലക്ഷം പൂക്കളുണ്ടാകും, കൂടാതെ 100 ടണിലധികം ഭാരം വരും. കാഴ്ചയിലും നിര്‍വഹണത്തിലും ഏറെ കൗതുകമുള്ള ദൃശ്യമാണ് ഇത് സമ്മാനിച്ചത്.

പുഷ്പ കൊട്ടാരം – അകത്ത് ഇരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങളോടെ ദശലക്ഷക്കണക്കിന് പൂക്കളാല്‍ ചുറ്റപ്പെട്ട ഈ ഫ്േളാറല്‍ കോട്ട സങ്കല്‍പലോകത്തെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളൊരുക്കും.

കാബനാസ്. മനോഹരമായ പൂന്തോട്ടം ആസ്വദിക്കുന്നതിനിടയില്‍ വിശ്രമിക്കാനുള്ള സംവിധാനമാണിത്. മാന്ത്രിക യാത്ര തുടരുന്നതിന് മുമ്പ് റീചാര്‍ജ് ചെയ്യാനും വിശ്രമിക്കാനും പ്രത്യേകം സജ്ജമാക്കിയ കാബനാസിലെ കൂളിംഗ് സംവിധാനവും തലയിണകളുമൊക്കെ സവിശേഷമാണ് .

സന്ദര്‍ശകര്‍ക്ക്് പുതിയ ആശയവും അനുഭവവും സമ്മാനിക്കുവാന്‍ ഓരോ വര്‍ഷവും ദുബൈ മിറക്കിള്‍ ഗാര്‍ഡന്‍ സ്വയം പുനര്‍നിര്‍മ്മിക്കുന്നു. പ്രതിവര്‍ഷം ശരാശരി 15 ലക്ഷത്തിലധികം സന്ദര്‍ശകരുമായി കമ്മ്യൂണിറ്റി സ്വന്തം അംഗീകാരം നല്‍കിയ മിറക്കിള്‍ ഗാര്‍ഡന്‍ മേഖലയിലും ലോകത്തും ഇത്തരത്തിലുള്ള നിസ്തുലമായ വിനോദ കേന്ദ്രമാണ് .

ഓപ്പണ്‍ പാര്‍ക്കിംഗ്, വിഐപി പാര്‍ക്കിംഗ്, സിറ്റിംഗ് ഏരിയകള്‍, പ്രാര്‍ത്ഥന മുറി, ടോയ്ലറ്റ് ബ്ലോക്കുകള്‍, വുദു സൗകര്യം, സെക്യൂരിറ്റി റൂം, പ്രഥമശുശ്രൂഷ മുറി, വൈകല്യമുള്ള സന്ദര്‍ശകര്‍ക്കുള്ള വണ്ടികള്‍, ചില്ലറ, വാണിജ്യ കിയോസ്‌ക് എന്നിവയുള്‍പ്പെടെയുള്ള ആധുനിക സേവനങ്ങളും സൗകര്യങ്ങളും ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍ സന്ദര്‍ശനം ആസ്വദ്യകരമാക്കും. കോഫി ഷോപ്പുകള്‍, മിഠായി കടകള്‍, പ്രലോഭിപ്പിക്കുന്ന പുതിയ പഴങ്ങളുടെ ജ്യൂസ് കിയോസ്‌ക് എന്നിവയുള്‍പ്പെടെ 30 ലധികം ഭക്ഷണ -പാനീയ ഔട്ട്‌ലെറ്റുകളും സന്ദര്‍ശകര്‍ക്ക് ആശ്വാസകരമാണ് . ( തുടരും)

Related Articles

Back to top button
error: Content is protected !!