Uncategorized

മിടുക്കരായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി വിദേശകാര്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: മിടുക്കരായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി വിദേശകാര്യ മന്ത്രാലയം. പ്‌ളസ് ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം നടത്തുന്നതിനുള്ള സ്‌കോളര്‍ഷിപ്പുകളാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ന്ല്‍കുന്നത്. സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ഫോര്‍ ഡയസ്‌ഫോറ ചില്‍ഡ്രന്‍ ( എസ്.പി.ഡി.സി) പദ്ധതി പ്രകാരം 18 ഇസിആര്‍ രാജ്യങ്ങളില്‍ നിന്നുള്ള 150 വിദ്യാര്‍ഥികള്‍ക്കാണ് ഓരോ വര്‍ഷവും മന്ത്രാലയം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

 

അഫ്ഗാനിസ്താന്‍, ബഹ്റൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, സൗദി അറേബ്യ, കുവൈത്ത്, ലബ്നാന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, ദക്ഷിണ സുദാന്‍, സുദാന്‍, സിറിയ, തായ്ലന്റ്, യുഎഇ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

രക്ഷിതാക്കളുടെ പ്രതിമാസ വരുമാനം 4000 ഡോളറില്‍ താഴെയുള്ളവരെ മാത്രമാണ് പരിഗണിക്കുക. അക്കാദമിക് മികവനുസരിച്ചാണ് സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കുക.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദ്യാഭ്യാസ ചിലവിന്റെ 75 ശതമാനം ( പരമാവധി 4000 ഡോളര്‍ വരെ ) സ്‌കോളര്‍ഷിപ്പായി ലഭിക്കും.
എന്‍ഐടികള്‍, ഐഐടികള്‍, പ്ലാനിങ് ആന്റ് ആര്‍ക്കിടെക്ചര്‍ സ്‌കൂളുകള്‍, നാക് അക്രഡിറ്റേഷനും യുജിസി അംഗീകാരവുമുള്ള എ ഗ്രേഡ് സ്ഥാപനങ്ങള്‍, ഇന്ത്യയിലെ സെന്‍ട്രല്‍ യൂനിവേഴ്സിറ്റികള്‍, ഡാസ സ്‌കീമിന് കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പഠനങ്ങള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

മേല്‍ സ്ഥാപനങ്ങളില്‍ പുതുതായി ചേരുന്ന വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. കൂടുതല്‍ വിവരങ്ങള്‍ www.spdcindia.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Related Articles

Back to top button
error: Content is protected !!