കോവിഡ് മഹാമാരി അന്താരാഷ്ട്ര സഹകരണ പ്രതിബദ്ധത പുതുക്കാനുള്ള പ്രചോദനം; ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍ ഥാനി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഗോള ആരോഗ്യ പ്രതിസന്ധി ലോകത്തെ എല്ലാവര്‍ക്കുമുള്ള വിധി പങ്കുവെക്കുന്നത് സംബന്ധിച്ച ഉണര്‍ത്തലും അന്താരാഷ്ട്ര സഹകരണത്തോടുള്ള പ്രതിബദ്ധത പുതുക്കാനുള്ള പ്രചോദനവുമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍ ഥാനി അഭിപ്രായപ്പെട്ടു. പുതിയ വെല്ലുവിളികളെ നേരിടാന്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിച്ചാണ് ഈ പ്രതിസന്ധിയെ അതിജീവിക്കേണ്ടത്.
ജൂണ്‍ 16 ന് നടന്ന ഭീകരതയെയും അക്രമ തീവ്രവാദത്തെയും തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളില്‍ കോവിഡ് -19 പാന്‍ഡെമിക്കിന്റെ സ്വാധീനം സംബന്ധിച്ച് യു.എന്‍ സുരക്ഷാ സമിതിയില്‍ നടന്ന സെഷനിലാണ് ശൈഖ ആലിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മഹാമാരിയുടെ കാലത്ത് ഭീകരതയെ ചെറുക്കുന്നതും അക്രമാസക്തമായ തീവ്രവാദം തടയുന്നതും രാജ്യങ്ങള്‍ക്ക് പുതിയ വെല്ലുവിളികളാണ് സൃഷ്ടിച്ചത്.
ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ പകര്‍ച്ചവ്യാധിയും അതിന്റെ ഫലങ്ങളും ഉള്‍ക്കൊള്ളുന്നതില്‍ സമഗ്രമായ സമീപനമാണ് ഖത്തര്‍ പിന്തുടര്‍ന്നതെന്ന് അവര്‍ സൂചിപ്പിച്ചു.