Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വാക്‌സിനെടുത്താലും കോവിഡ് റിസ്‌ക് കൂടിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. പൂര്‍ണമായും കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധിക്കുവാനും അവരില്‍ നിന്നും മറ്റുള്ളവര്‍ക്ക് കോവിഡ് പകരുവാനുമുള്ള സാധ്യത വളരെ കുറവാണെങ്കിലും വാക്‌സിനെടുത്താലും കോവിഡ് റിസ്‌ക് കൂടിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ് ലമാനി അഭിപ്രായപ്പെട്ടു. ഖത്തര്‍ ടി.വി.യുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്ര അനിവാര്യമാണെങ്കില്‍ റിസ്‌ക് കുറഞ്ഞ രാജ്യങ്ങള്‍ തെരഞ്ഞെടുക്കണം.

വാക്‌സിനെടുത്തവരും ഖത്തറിലേക്ക് തിരിച്ച് വരുമ്പോള്‍ പി.സി. ആര്‍. പരിശോധന നടത്തി രോഗബാധയില്ല എന്ന് ഉറപ്പുവരുത്തുന്നുണ്ട്.
നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ അനുവദിക്കുന്നത്. പോസിറ്റീവാകുന്നവര്‍ വാക്‌സിനെടുക്കാത്തവരെ പോലെ ഹോട്ടല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടി വരും.

ഖത്തറില്‍ കോവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്നത് ആശ്വാസകരമാണ്. പ്രതിദിന കേസുകളില്‍ ഇനി വര്‍ദ്ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ വാക്‌സിനേഷന്‍ പദ്ധതി ഊര്‍ജിതമായാണ് മുന്നോട്ട് പോകുന്നത്. രാജ്യത്തെ അര്‍ഹരായ ജനസംഖ്യയുടെ 55 ശതമാനവും ഇതിനകം തന്നെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 70- 80 ശതമാനം പേരെങ്കിലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതോടെയാണ് രാജ്യം സാധാരണ നിലയിലേക്ക് മാറുക. ഓക്ടോബര്‍ മാസത്തോടെ ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ മറ്റു സേവനങ്ങള്‍ പുനരാരംഭിക്കും. ആരോഗ്യ രംഗത്ത് വലിയ പ്രതീക്ഷ നല്‍കുന്ന പുരോഗതിയാണ് അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആശുപത്രി അഡ്മിഷനുകളും തീവ്രപരിചണ വിഭാഗത്തിലുള്ള അഡ്മിഷനുമൊക്കെ കുറഞ്ഞത് കോവിഡ് നിയന്ത്രണ വിധേയമാകുന്നതിന്റെ ലക്ഷണമാണ് .

വൈറസ് ഭീഷണി പൂര്‍ണമായും മാറുന്നതുവരെ സമൂഹം ജാഗ്രതയോടെയുള്ള പ്രതിരോധ നടപടികള്‍ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഖത്തറിലെ ജനങ്ങളുടെ ഉയര്‍ന്ന പ്രബുദ്ധതയും കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതില്‍ സഹായിച്ച പ്രധാന ഘടകമാണ് .

Related Articles

Back to top button