സുരക്ഷിതമായ ലോകകപ്പിന് ആതിഥ്യമരുളാന്‍ ഖത്തര്‍ സന്നദ്ധം, ഹസന്‍ അല്‍ തവാദി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. സുരക്ഷിതമായ ലോകകപ്പിന് ആതിഥ്യമരുളാന്‍ ഖത്തര്‍ സന്നദ്ധമാണെന്നും കാണികള്‍ക്കും കളിക്കാര്‍ക്കും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് ഫിഫ 2022 സമ്മാനിക്കുകയയെന്നും സുപ്രീം കമ്മററ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇക്കണോമിക്് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പിനുള്ള തയ്യാറെടുപ്പുകളൊക്കെ നിശ്ചിത സമയത്തിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കിയ ഖത്തര്‍ കായിക ലോകത്തിന് പുത്തന്‍ അനുഭവങ്ങളൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിക്ക് ശേഷം ലോകം ഒത്തുചേരുന്ന പ്രഥമ മെഗാ ഈവന്റായിരിക്കും ഫിഫ 2022. കളിക്കാരുടേയും കാണികളുടേയും സുരക്ഷ ഉറപ്പുവരുത്തുവാന്‍ വാക്‌സിനെടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. വാക്‌സിന് സൗകര്യമില്ലാത്ത രാജ്യങ്ങള്‍ക്ക് മുന്‍ കൂട്ടി തന്നെ 10 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കുമെന്ന് ഖത്തര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
കണിശമായ ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ പാലിച്ചുകൊണ്ട് കോവിഡ് കാലത്ത് പല മല്‍സരങ്ങളും നടത്തിയത് ഖത്തറിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട് .കോപ്പ അമേരിക്ക,, യൂറോപ്യനന്‍ കപ്പുകളിലെ സുരക്ഷനടപടികളും സുപ്രീം കമ്മറ്റി പഠിക്കും. ഏറ്റവും സുരക്ഷിതമായ ലോകകപ്പിനാണ് ഖത്തര്‍ ആതിഥ്യമരുളുക. ലോകത്തിന് മഹാമാരിയില്‍ നിന്നുള്ള മോചനം ആഘോഷിക്കുവാനുള്ള അവസരമാകും ഖത്തറില്‍ നടക്കുന്ന ഫിഫ 2022 എന്ന് അദ്ദേഹം പറഞ്ഞു.
അറബ് ലോകത്ത് നടക്കുന്ന പ്രഥമ ലോക കപ്പ് ലോക രാജ്യങ്ങള്‍ക്ക് അറേബ്യന്‍ സംസ്‌കാരവും ആതിഥ്യവും അടുത്തറിയുവാന്‍ അവസരമൊരുക്കുമെന്നും എല്ലാവരേയും തുറന്ന മനസ്സോടെയാണ് സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക കായിക ഭൂപടത്തില്‍ ഖത്തറിന്റെ സജീവ സാന്നിധ്യം അടയാളപ്പെടുത്തുന്ന ഫിഫ 2022 20 ബില്യണ്‍ ഡോളറിന്റെ ബിസിനസെങ്കിലും സാക്ഷാല്‍ക്കരിക്കും. നിര്‍മാണ മേഖലയയിലും ഹോസ്പിറ്റാലിറ്റി മേഖലകളിലുമൊക്കെ വമ്പിച്ച കുതിച്ചുചാട്ടമുണ്ടാകും .