ഖത്തര്‍ തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറിക്ക് അമേരിക്കന്‍ ബഹുമതി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ഉബൈദലിക്ക് അമേരിക്കന്‍ ബഹുമതി. മനുഷ്യക്കടത്തിനെതിരെയയുള്ള ശക്തമായ നിലപാടുകളും യുക്തമായ പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ച് മനുഷ്യക്കടത്തിനെതിരെ പൊരുതുന്ന ഹീറോകളുടെ കൂട്ടത്തില്‍പ്പെടുത്തിയാണ് അല്‍ ഉബൈദലിയെ അമേരിക്ക ആദരിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യക്കടത്തിനെതിരെ ശ്‌ളാഘനീയമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന 8 പേരെയാണ് ട്രാഫിക്കിംഗ് ഇന്‍ പേര്‍സണ്‍സ് ഹീറോസ് അവാര്‍ഡ് 2021 നല്‍കി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്‌ളിങ്കണ്‍ ആദരിച്ചത്. തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുകയും മനുഷ്യ ക്കടത്തിനെതിരെ അസാധാരണമായ പ്രകടനം കാഴ്ചവെക്കുകയും ചെയ്യുന്നവരെയാണ്
ട്രാഫിക്കിംഗ് ഇന്‍ പേര്‍സണ്‍സ് ഹീറോസ് അവാര്‍ഡ് നല്‍കി ആദരിക്കാറുള്ളത്.
തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ ഖത്തര്‍ തൊഴില്‍ വകുപ്പ് നടപ്പാക്കിയ വിപ്‌ളവകരമായ പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ അവാര്‍ഡ് വിലയിരുത്തപ്പെടുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം ലളിതവും സുതാര്യവുമാക്കി, എക്‌സിറ്റ് പെര്‍മിറ്റ് സമ്പ്രദായം എടുത്ത് കളഞ്ഞ്, മിനിമം വേതന നിയമം കൊണ്ട് വന്ന് , വേജ് പ്രൊട്ടക് ഷന്‍ സിസ്റ്റം വ്യവസ്ഥാപിതമായി നടപ്പാക്കി തൊഴില്‍ മേഖലയില്‍ വമ്പിച്ച മാറ്റമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഖത്തര്‍ നടപ്പാക്കിയത്. ഈ പരിവര്‍ത്തനങ്ങളുടെ ചാലകശക്തിയായി നേതൃപരമായ പങ്ക് വഹിച്ചത് പരിഗണിച്ചാണ് അല്‍ ഉബൈദലിയെ അമേരിക്കന്‍ ബഹുമതിക്ക് തെരഞ്ഞെടുത്തത്.
ഈ വര്‍ഷത്തെ ട്രാഫിക്കിംഗ് ഇന്‍ പേര്‍സണ്‍സ് ഹീറോസ് അവാര്‍ഡ് ലഭിച്ച അല്‍ ഉബൈദലിയെ ഖത്തര്‍ വിദേശ കാര്യ സഹമന്ത്രിയും വക്താവുമായ ലുല്വാ അല്‍ ഖാഥര്‍ അഭിനന്ദിക്കുകയും തൊഴിലാളി ക്ഷേമ രംഗത്തെ ഖത്തറിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.