Uncategorized

2022 ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ രണ്ടാമത് എഡിഷനുമായി ഖത്തര്‍ പോസ്റ്റ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : 2022 ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ രണ്ടാമത് എഡിഷനുമായി ഖത്തര്‍ പോസ്റ്റ്. ഫിഫയുടെ ഉദ്യോഗസ്ഥരുടെയും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ഖത്തര്‍ പോസ്റ്റ് എന്നിവയുടെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ജൂലൈ 12 തിങ്കളാഴ്ച നടന്ന ഒരു പ്രത്യേക ചടങ്ങിലാണ് രണ്ടാം പതിപ്പ് സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്.

ആദ്യ സെറ്റിന് സമാനമായി, 2022 ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ സ്റ്റാമ്പ് സെറ്റിന്റെ സമാരംഭം ഫിഫ, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി എന്നിവയയുമായി സഹകരിച്ചാണ് പുറത്തിറക്കിയത്. അറബ് മേഖലയില്‍ നടക്കുന്ന പ്രഥമ ഫിഫ ലോകകപ്പിന്റെ മത്സരങ്ങള്‍ക്ക് വേദിയാകുന്ന എട്ട് സ്റ്റേഡിയങ്ങളുടെ തനതായ വാസ്തുവിദ്യ ഉള്‍കൊള്ളുന്ന വ്യതിരിക്തമായ രൂപകല്‍പ്പനകളിലൂടെ ഓരോ സ്റ്റാമ്പും സവിശേഷമാകും.

2022 ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ സ്റ്റാമ്പ് 28 റിയാലിനാണ് പൊതുജനങ്ങള്‍ക്ക് വില്‍ക്കുക. ആദ്യ ഘട്ടമായി 20,000 പകര്‍പ്പുകള്‍, 2,000 ആദ്യ ദിന ലക്കം എന്‍വലപ്പുകള്‍, 3,000 പോസ്റ്റ്കാര്‍ഡുകള്‍, 2,000 ഫോള്‍ഡറുകള്‍ എന്നിവയാണ് അച്ചടിച്ചത്.

ഖത്തര്‍ തപാല്‍ സര്‍വീസസ് കമ്പനി (ഖത്തര്‍ പോസ്റ്റ്) ലോകകപ്പിന്റെ ഇന്റര്‍നാഷണല്‍ ഗവേണിംഗ് ബോഡിയായ ഫിഫയുമായി ലൈസന്‍സ് കരാറില്‍ ഒപ്പിട്ടതിനെതുടര്‍ന്ന് ആദ്യ സ്റ്റാമ്പ് ഏപ്രില്‍ ഒന്നിന് പുറത്തിറക്കിയിരുന്നു.

ലൈസന്‍സ് കരാര്‍ പ്രകാരം 2021 മുതല്‍ 2022 വരെ പതിനൊന്ന് ലക്കം സ്റ്റാമ്പുകളുടെ ഒരു പ്രോഗ്രാം ഖത്തര്‍ പോസ്റ്റ് പുറത്തിറക്കും. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ ചിഹ്നം ഉള്‍ക്കൊള്ളുന്ന ആദ്യ സ്റ്റാമ്പാണ് ആദ്യം പുറത്തിറക്കിയത്.

ഖത്തറിലെ ഫുട്ബോളിന്റെ സമ്പന്നമായ ചരിത്രം അടയാളപ്പെടുത്തുന്നതോടൊപ്പം 2022 ല്‍ ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഓരോ ഘട്ടവും ആഘോഷിക്കുന്നതിനാണ് സ്റ്റാമ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഉപഭോക്താക്കളുടെ ആസ്വാദനത്തിനായി അത്യാധുനിക ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ച് ഖത്തര്‍ പോസ്റ്റിന്റെ നൂതന രൂപകല്‍പ്പനകള്‍ക്ക് ജീവന്‍ നല്‍കുന്ന വിഐപി ഫോള്‍ഡറുകള്‍, ആദ്യ ദിവസത്തെ കവറുകള്‍, സ്മാരക സ്റ്റാമ്പ് സെറ്റുകള്‍ എന്നിവയും മനോഹരമാണ്.

Related Articles

Back to top button
error: Content is protected !!