ഖത്തറില്‍ ആറാമത് ഈത്തപ്പഴ ഫെസ്റ്റിവല്‍ ഇന്ന് തുടങ്ങും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ആറാമത് ഈത്തപ്പഴ ഫെസ്റ്റിവല്‍ ഇന്ന് തുടങ്ങും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഔപചാരികമായ ഉദ്ഘാടനത്തില്‍ മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഖത്തറില്‍ പരമ്പരാഗതമായ വൈവിധ്യങ്ങള്‍ക്ക് പേരുകേട്ട സൂഖ് വാഖിഫില്‍ ഇന്ന് ആറാമത് പ്രാദേശിക ഫ്രഷ് ഈത്തപ്പഴ ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. സൂഖ് വാഖിഫിന്റെ വടക്കു ഭാഗത്താണ് ഫെസ്റ്റിവല്‍ നടക്കുക.
ഖത്തര്‍ മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന മേളയില്‍ രാജ്യത്തെ 80 ഓളം ഫാമുകള്‍ തങ്ങളുടെ മികച്ച ഈത്തപ്പഴങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഈ ഫാമുകളില്‍നിന്നുള്ള സാമ്പിളുകള്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ലാബില്‍ പരിശോധിക്കുകയും ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് നല്ല ഇനം ഫ്രഷ് ഈത്തപ്പഴങ്ങള്‍ മിതമായ വിലയില്‍ വാങ്ങുവാനുള്ള അവസരമാണ് മേള നല്‍കുക. വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെയാണ് മേള പ്രവര്‍ത്തിക്കുക. തൂലൈ 30 വരെ മേള നീണ്ടുനില്‍ക്കും.
കഴിഞ്ഞ വര്‍ഷം കോവിഡ്് ഭീഷണി കാരണം സൂഖ് വാഖിഫില്‍ ഈത്തപ്പഴ മേള നടന്നിരുന്നില്ല. പകരം അല്‍ മീരയിലെ തെരഞ്ഞെടുത്ത ശാഖകളില്‍ പരിമിതമായ രീതിയില്‍ ഈത്തപ്പഴ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയായിരുന്നു.