വാക്‌സിനെടുത്തവര്‍ക്കുള്ള പി.സി.ആര്‍ പരിശോധന, എംബസി ഇടപെടണമെന്ന ആവശ്യം ശക്തമാവുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ നിന്നും രണ്ട് ഡോസ് വാക്‌സിനുമെടുത്ത് നാട്ടിലേക്ക് പോകുന്നവര്‍ക്ക് പുറപ്പെടുന്നതിന് മുമ്പുള്ള പി.സി.ആര്‍ പരിശോധന ഒഴിവാക്കി കിട്ടാന്‍ ഇന്ത്യന്‍ എംബസി ഇടപെടണമെന്ന ആവശ്യം ശക്തമാവുന്നു. പ്രവാസികള്‍ക്ക് അമിതമായ സാമ്പത്തിക ഭാരം ഏല്‍പ്പിക്കുന്നതാണ് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള പി.സി.ആര്‍ പരിശോധന. 250 മുതല്‍ 300 റിയാല്‍ വരെയാണ് വിവിധ സ്വകാര്യ മെഡിക്കല്‍ സെന്ററുകള്‍ ഇതിനായി ഈടാക്കുന്നത്.
ഖത്തറില്‍ കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും മൊത്തം രോഗികളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്ത പശ്ചാത്തലത്തില്‍ നിരവധി യുറോപ്യന്‍ രാജ്യങ്ങള്‍ ഖത്തറില്‍ നിന്നുള്ളവര്‍ക്ക് പി.സി.ആര്‍ പരിശോധന ഒഴിവാക്കുകയും ഖത്തറിനെ ഹരിതപട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഖത്തറിലെ ഏറ്റവും വലിയ പ്രവാസി വിഭാഗമായ ഇന്ത്യന്‍ സമൂഹത്തിന് അമിതമായ സാമ്പത്തിക ഭാരം ഏല്‍പ്പിക്കുന്ന ഈ പി.സി.ആര്‍ പരിശോധന ഒഴിവായികിട്ടുവാന്‍ ഇന്ത്യന്‍ എംബസി കേന്ദ്ര ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് സാധ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കമ്മ്യൂണിറ്റിയുടെ ആവശ്യം.