
കോവിഡിന്റെ ഡെല്‍റ്റ വകഭേദം ഖത്തറില്‍ കണ്ടെത്തി
അഫ്‌സല്‍ കിളയില്‍ : –
ദോഹ : മാരക പ്രഹര ശേഷിയുള്ള കോവിഡിന്റെ ഡെല്‍റ്റ വകഭേദം ഖത്തറില്‍ കണ്ടെത്തിയതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യുസുഫ് അല്‍ മസ്‌ലമാനി അഭിപ്രായപ്പെട്ടു. ഖത്തര്‍ ടി വിയുമായി സംസാരിക്കുകയായിരുന്നു അദ്ധേഹം. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും വ്യാപകമായ വാക്‌സിനേഷന്‍ ക്യാമ്പയിനും കാരണമാണ് ഡെല്‍റ്റ വകഭേദത്തിന്റെ വരവ് പിന്തിപ്പിക്കാന്‍ സാധിച്ചതെന്ന് അദ്ധേഹം പറഞ്ഞു. ഡെല്‍റ്റ വകഭേദം 2021 ഫെബ്രുവരിയില്‍ തന്നെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും നാല് മാസം കഴിഞ്ഞാണ് ഖത്തറിലെത്തിയത്. ഇക്കാലയളവില്‍ വാക്‌സിനേഷനിലാണ് രാജ്യം കൂടുതല്‍ ശ്രദ്ധിച്ചത്. അത് കൊണ്ട് തന്നെ രാജ്യത്തെ ജനങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും ഇതിനെ തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുകയും ചെയ്തു.
12 വയസ്സിന് മീതെയുള്ള ജനങ്ങളില്‍ ഏറെകുറെ 85 ശതമാനത്തോളവും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ട്. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഊര്‍ജ്ജിതമായി മുന്നോട്ട് പോവുകയാണ്. സമൂഹത്തിന് മുഴുവന്‍ വാക്‌സിനേഷന്‍ നല്‍കി ഈ രോഗത്തെ പ്രതിരോധിക്കാനാണ് ഖത്തര്‍ പരിപാടി തയ്യാറാക്കിയിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാം ഘട്ടം പിന്തിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ നിരീക്ഷിച്ചാണ് ഒരോ ഘട്ടവും നിയന്ത്രണങ്ങള്‍ നീക്കിക്കൊണ്ട് രാജ്യം മുന്നോട്ട് വന്നത്. എന്നാല്‍ ഈ അടുത്ത ദിവസങ്ങളിലായി കോവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിക്കുകയും രോഗമുക്തി കുറയുകയും ചെയ്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ നിവൃത്തി ഇല്ല. ഇപ്പോഴും രണ്ട്, മൂന്ന് സ്‌റ്റേജുകളിലാണ് രാജ്യം ഉള്ളത്. ഈ അവസ്ഥ വ്യത്യാസം വന്നെങ്കില്‍ മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനാകൂ എന്ന് അദ്ധേഹം പറഞ്ഞു.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ മുന്‍കരുതല്‍ നടപടി സ്വീകരിച്ചതെന്ന് അദ്ധേഹം പറഞ്ഞു.