ചില വിഭാഗങ്ങള്‍ക്ക് വിസ അനുവദിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള കരട് നിര്‍ദേശത്തിന് ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ചില വിഭാഗങ്ങള്‍ക്ക് വിസ അനുവദിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള കരട് നിര്‍ദേശത്തിന് ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി റിപ്പോര്‍ട്ട്. ഖത്തറിലെ ചില ജനവിഭാഗങ്ങള്‍ക്ക് പ്രവേശന വിസയും താമസാനുമതിയും നല്‍കുന്നത് നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന് അല്‍ ഥാനി അവതരിപ്പിച്ച കരട് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച അമിരി ദിവാനില്‍ നടന്ന മന്ത്രിസഭായോഗമാണ് നിര്‍ണായകമായ തീരുമാനമെടുത്തത്. എന്നാല്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് നിയന്ത്രണമെന്ന് വ്യക്തമല്ല.
രാജ്യത്തെ ജനസംഖ്യാനുപാതികമായി ഓരോ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് നേരത്തെ നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കേണ്ട പല പദ്ധതികളും കണക്കിലെടുത്ത് ഈ നിയന്ത്രണങ്ങളില്‍ രാജ്യം താല്ക്കാലികമായ ഇളവുകള്‍ വരുത്തിയിരുന്നു. ഈ ഇളവുകള്‍ എടുത്ത് കളഞ്ഞ് കണിശമായ നാഷണാലിറ്റി അനുപാത വ്യവസ്ഥ തിരികെ കൊണ്ടുവരാനാകും ഈ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.