നാലു പതിറ്റാണ്ടിന്റെ ധന്യമായ നാടക പാരമ്പര്യവുമായി അന്‍വര്‍ ബാബു വടകര
ഡോ. അമാനുല്ല വടക്കാങ്ങര
ഖത്തറിലെ കലാസാംസ്‌കാരിക രംഗങ്ങളിലും സാമൂഹ്യ ജീവകാരുണ്യ മേഖലകളിലും ജ്വലിച്ചുനില്‍ക്കുന്ന പ്രവാസി കലാകാരനായ അന്‍വര്‍ ബാബു വടകര നാട്ടിലും ഗള്‍ഫിലുമായി നാലു പതിറ്റാണ്ടിലേറെ നാടക പാരമ്പര്യമുള്ള സര്‍ഗപ്രതിഭയാണ്. പ്രവാസ ജീവിതത്തിന്റെ വരണ്ട നിമിഷങ്ങളെ സര്‍ഗപ്രവര്‍ത്തനങ്ങളുടെ നനവില്‍ സ്‌നേഹാര്‍ദ്രമാക്കിയ ഈ കലാകാരന്‍ ഖത്തറില്‍ മാത്രം ചെറുതും വലുതുമായ നൂറിലധികം നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. കലയും സാമൂഹികതയും എന്നും അന്‍വര്‍ബാബുവിന്റെ ജീവിതവും ഇഴകിചേര്‍ന്നതായിരുന്നു. സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തങ്ങള്‍ വഹിക്കുമ്പോഴും കലാനിര്‍വഹണത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് തന്റെ സജീവ സാന്നിധ്യം അടയാളപ്പെടുത്തുന്ന അദ്ദേഹം മനുഷ്യ സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും വികാരങ്ങള്‍ക്ക് അടിവരയിട്ടാണ് ജീവിതം ധന്യമാക്കുന്നത്. നടനായും സംവിധായനായും സംഘാടകനായും സാമൂഹ്യ സാംസ്‌കാരിക നായകനായുമൊക്കെ പ്രവാസ ലോകത്ത് തിളങ്ങുന്ന കലാകാരനാണ് അന്‍വര്‍ ബാബു. മതസൗഹാര്‍ദ്ധത്തിന്റെ സവിശേഷ പ്രമേയവുമായി വണ്‍ടു വണ്‍ മീഡിയയുടെ ബാനറില്‍ അഡ്വ. സുബൈര്‍ മാടായി സംവിധാനം ചെയ്യുന്ന ബി.അബു എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അന്‍വര്‍ ബാബു ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.
കലയും സംഗീതവും കൈകോര്‍ത്ത വടകരയുടെ സാമൂഹ്യ പരിസരത്ത് വളര്‍ന്നു വന്ന അന്‍വര്‍ ബാബു ചെറുപ്പം മുതലേ നാടക രംഗത്തും സംഗീത മേഖയിലും മികവ് പുലര്‍ത്തിയിരുന്നു. മാപ്പിള കവിയായിരുന്ന അബ്ദുറഹിമാന്റെയും ഫാത്തിമ ബീവിയുടേയും മകനായി ജനിച്ച അന്‍വര്‍ ബാബു സ്‌ക്കൂള്‍ യുവജനോല്‍സവങ്ങളിലൂടെയാണ് കലാരംഗത്തെ തന്റെ കഴിവുകള്‍ തെളിയിച്ചത്. മാപ്പിളപ്പാട്ടിലും നാടകത്തിലും എന്നും ഒന്നാമനായ അദ്ദേഹം 1977, 78 വര്‍ഷങ്ങളില്‍ സ്‌ക്കൂള്‍ യുവജനോല്‍സവത്തിലെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. കോഴിക്കോട് സംഘം, ചിരന്തന പോലുളള പ്രൊഫഷണല്‍ നാടകവേദിയിലും കെ.ടി. മുഹമ്മദിനെപോലെയുള്ള നാടകാചാര്യന്മാരൊടൊപ്പവും പ്രവര്‍ത്തിക്കുവാന്‍ ഭാഗ്യം ലഭിച്ച അദ്ദേഹം ആള്‍ ഇന്ത്യ റേഡിയോ കലാകാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1980 കളില്‍ കേരളത്തില്‍ സജീവമായിരുന്ന വി.പി മുഹമ്മദ് പള്ളിക്കര, പ്രേമന്‍ മേലടി, കെ.എ. മനാഫ്, ജോസ് ചിറമ്മല്‍ തുടങ്ങിയ നാടക കലാകാരന്മാരുടെ വിവിധ നാടകങ്ങളില്‍ വേഷമിട്ടു. 1987 ല്‍ മംഗളം സംഘടിപ്പിച്ച അഖില നാടക മല്‍സരത്തിലും 1988 ല്‍ എഫ്.എ.സി.ടി സംഘടിപ്പിച്ച നാടകമല്‍സരത്തിലും മികച്ച നടനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.
നാടകരംഗത്ത് സജീവമായിരുന്ന സമയത്താണ് 1989 ല്‍ ദോഹയിലെത്തുന്നത്. അതുകൊണ്ട് തന്നെ നാടകം തലയില്‍ കയറിയ ഒരു പറ്റം ചെറുപ്പക്കാരുമായി ചേര്‍ന്ന് വിവിധ വേദികളില്‍ നാടകമവതരിപ്പിച്ചുകൊണ്ടാണ് ഖത്തറിലെ കലാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ വേദികളില്‍ തിളങ്ങിയതോടെ നിരവധി അവസരങ്ങള്‍ കൈ വന്നു. എ.വി.എം. ഉണ്ണി, അഡ്വ.ഖാലിദ് അറക്കല്‍ എന്നിവരുടെ ശ്രദ്ധേയമായ പല നാടകങ്ങളിലും പ്രധാന വേഷം ചെയ്ത അന്‍വര്‍ ബാബു ഖത്തറിലെ നാടകവേദികളില്‍ തന്റെ സാന്നിധ്യം അടയാളപ്പെടുത്തുകയായിരുന്നു. പ്രൊഫ. എം. എ. റഹ്‌മാന്‍, കരമന ജനാര്‍ദ്ധനന്‍ നായര്‍, ഇബ്രാഹീം വെങ്ങര, അഷ്‌റഫ് പെരിങ്ങാടി, ഫാറുഖ് വടകര, മജീദ് സിംഫണി, മുത്തു ഐ.സി.ആര്‍.സി, എന്‍.കെ. എം. ശൗക്കത്ത് തുടങ്ങിയവരുടെ വിവിധ നാടകങ്ങളില്‍ തിളങ്ങിയ അന്‍വര്‍ ബാബുവാണ് അഷ്‌റഫ് പെരിങ്ങാടിയും മജീദ് എം. ഇ. എസും ചേര്‍ന്നൊരുക്കിയ സംഗീതനാടകശില്‍പമായ ലൈലാ മജ്‌നുവിലെ രാജകുമാരനെ അവതരിപ്പിച്ചത്.ലോകോത്തര സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി 8 സ്റ്റേജുകളിലായി 196 കലാകാരന്മാരെ അണിനിരത്തി അവതരിപ്പിച്ച ലൈല മജ്‌നു ഖത്തറിലെ മലയാളി സമൂഹത്തിന് ആസ്വാദനത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച കലാവിരുന്നായിരുന്നു.
ഒന്നും കല്‍പ്പിക്കാത്ത തമ്പുരാന്‍, അരക്കില്ലം വെന്ത നാട്, ആശ്രമ വീഥിയില്‍ പൂക്കള്‍ വിരിഞ്ഞപ്പോള്‍, ഒരു ശൈത്യകാല രാത്രി , നക്ഷത്രങ്ങള്‍ കൊളുത്തിയ കൈത്തിരി, ഈ ശഹീദുകള്‍ക്ക് മരണില്ല തുടങ്ങി എത്രയോ നാടകങ്ങളിലാണ് അന്‍വര്‍ ബാബു നിറഞ്ഞാടിയത്.
അക്ബര്‍ കക്കട്ടിലിന്റെ കുഞ്ഞിമൂസ വിവാഹിതനാകുന്നു എന്ന നാടകം സംവിധാനം ചെയ്ത് രണ്ട് വേദികളില്‍ അവതരിപ്പിച്ച് സംവിധായകന്റെ കുപ്പായവും തനിക്ക് ചേരുമെന്ന് അന്‍വര്‍ ബാബു തെളിയിച്ചു. നിരവധി ടെലിഫിലിമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഒരു ഡസനിലേററെ അറബി നാടകങ്ങളിലും സീരിയലുകളിലും അഭിനയിക്കുവാന്‍ അവസരം ലഭിച്ച മലയാളി കലാകാരന്‍ എന്നതും അന്‍വര്‍ ബാബുവിന് സ്വന്തമാണ് . അറബി നാടകവേദികളില്‍ സജീവമായ സമയത്ത് ഫ്രാന്‍സിന്റെ ഒരു നാടക സംഘം അവതരിപ്പിന്റെ ഷേക്‌സിപിയറിന്റെ മാക്ബത്തിലും അദ്ദേഹം പ്രധാനപ്പെട്ട വേഷം ചെയ്തു.
കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച അന്‍വര്‍ ബാബു, അഷ്‌റഫ് പെരിങ്ങാടി, ജൈസണ്‍ എന്നിവര്‍ ചേര്‍ന്നാണ് 1992 ല്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ ഡാന്‍സ് ക്‌ളാസുകള്‍ ആരംഭിച്ചത്.
ഖത്തര്‍ മലയാളികളുടെ പൊതുവേദി എന്ന നിലക്ക് ഖത്തര്‍ മലയാളിസമാജമെന്ന ആശയത്തിന് മുന്‍കൈയെടുത്തതും ഈ കൂട്ടായ്മ തന്നെയായിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റി റിക്രിയേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചഅന്‍വര്‍ ബാബു സജീവമായ കലാസാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ ഖത്തറിന്റെ സാംസ്‌കാരിക ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ് . പ്രമുഖ പ്രവാസി മാധ്യമ പ്രവര്‍ത്തകനായിരുന്ന ബാബു മേത്തറിനെപ്പോലുള്ളവരുടെ നേതൃത്വത്തില്‍ നടന്ന പ്രവാസി ഫിലിം ഫെസ്റ്റിവലുകളിലും സജീവമായി പ്രവര്‍ത്തിച്ച അന്‍വര്‍ ബാബു മികച്ച നടനും സംഘാടകനുമെന്ന നിലയില്‍ ശ്രദ്ധേയനാണ് .
സംഗീത നാടക പ്രവര്‍ത്തനങ്ങള്‍ക്കും കലാപരിപാടികള്‍ക്കും പ്രോല്‍സാഹനം നല്‍കുന്നതിനായി ദോഹ കോറസ് എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ ഖത്തര്‍ മലയാളികളുടെ പ്രിയപ്പെട്ട കലാകാരനായി മാറിയ അന്‍വര്‍ ബാബു ജോണ്‍ അബ്രഹാം സാംസ്‌കാരിക വേദി ചെയര്‍മാന്‍ എന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.
സംഗീതത്തിലൂടെ സൗഹൃദമെന്ന മഹത്തായ പ്രമേയത്തോടെ സ്ഥാപിച്ച ഫോം ഖത്തറിന്റെ വര്‍ക്കിംഗ് പ്രസിഡണ്ട്, ഫ്രന്റ്‌സ് ഓഫ് കോഴിക്കോട് വൈസ് പ്രസിഡണ്ട്, വേള്‍ഡ് മലയാളി കൗണ്‍സില്‍, ഖത്തര്‍ കെ.എം.സി.സി. മലബാര്‍ ഹയര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി, ഖത്തര്‍ മാപ്പിള കലാ അക്കാദമി നാടക സൗഹൃദം, ഗപാക് തുടങ്ങി വിവിധ വേദികളിലെ സജീവ പങ്കാളിത്തം സകലകലാവല്ലഭനായ അന്‍വര്‍ ബാബുവിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ കൂടി ഭാഗമാണ്.
ഈ മാസം റിലീസിനൊരുങ്ങുന്ന ബി. അബു, നവംബറില്‍ പുറത്തിറങ്ങുന്ന ഖാസിം അരിക്കുളത്തിന്റെ കഥയറിയാതെ എന്നീ ചിത്രങ്ങളാണ് അന്‍വര്‍ ബാബുവിന്റെ ഏറ്റവും കലാപ്രവര്‍ത്തനങ്ങള്‍. കെ.ആര്‍. വിജയ, കെ.കെ. സുധാകരന്‍, നവാസ് കലാഭവന്‍, താജുദ്ധീന്‍ വടകര, ബന്ന ചേന്ദമംഗല്ലൂര്‍ തുടങ്ങിയവരോടൊപ്പമാണ് കഥയറിയാതെ എന്ന ചിത്രത്തില്‍ അന്‍വര്ഡ ബാബു അഭിനയിച്ചത്.
മാപ്പിളപ്പാട്ടില്‍ തല്‍പരനായ അദ്ദേഹം ഗവേഷണം നടത്തിയതിന്റെ ഫലമായാണ് മാപ്പിളപ്പാട്ട് ഇന്നലെകളിലൂടെ എന്ന പുസ്തകം രചിച്ചത്. അഡ്വ. ടി.കെ. ഹംസയുടെ അവതാരികയോടെ പ്രസിദ്ധീകരിച്ച പ്രസ്തുത പുസ്തകം മാപ്പിളപ്പാട്ട് ചരിത്രം പഠിക്കുന്നവര്‍ക്ക് വഴികാട്ടിയാണ്. മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട തന്റെ രണ്ടാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ് അന്‍വര്‍ ബാബു. മാപ്പിളപ്പാട്ട് ഗവേഷകനായ ഫൈസല്‍ എളേറ്റിലാണ് പുസ്‌കത്തിന്റെ അവതാരിക എഴുതുന്നത്.
മൂന്ന് പതിറ്റാണ്ടിന്റെ ധന്യമായ പ്രവാസജീവിതത്തില്‍ നാടകവും സിനിമയും കലയും സാഹിത്യവുമൊക്കെയായി നിറഞ്ഞുനില്‍ക്കുന്ന സര്‍ഗപ്രതിഭയാണ് അന്‍വര്‍ ബാബു വടകര. ശരീഫയാണ് ഭാര്യ. ഷിയാസ്. ഷമ്മാസ്, ഷാമില്‍ എന്നിവര്‍ മക്കളാണ്.