ലുസൈല്‍ സ്റ്റേഡിയത്തില്‍ ടര്‍ഫ് വിരിച്ചു, ഫിഫ 2022 ഫൈനല്‍ വേദി നിര്‍മാണം അന്തിമഘട്ടത്തിലേക്ക്
മുഹമ്മദ് റഫീഖ്
ദോഹ : കായിക ലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിന്റെ കലാശക്കൊട്ടിന് വേദിയാകുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ ടര്‍ഫ് വിരിച്ചതോടെ സ്‌റ്റേഡിയത്തിന്റെ നിര്‍മാണ ജോലികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നു. സമയത്തിന് മുന്നേ വേദികള്‍ ഓരോന്നോരോന്നായി പൂര്‍ത്തിയാക്കി ലോകോത്തരമായ കായിക മാമാങ്കത്തിന് വേദിയാകാനുള്ള സംഘാടക മികവും ശേഷിയും തങ്ങള്‍ക്കുണ്ടെന്ന് ഖത്തര്‍ തെളിയിച്ച് കഴിഞ്ഞു. ഇതിനകം തന്നെ അഞ്ച് സ്‌റ്റേഡിയങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തന സജ്ജമാണ്.
ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അല്‍ ജനൂബ് സ്റ്റേഡിയം, എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം, അഹ്‌മദ് ബിന്‍ അലി സ്‌റ്റേഡിയം, അല്‍ബയാത് സ്‌റ്റേഡിയം എന്നീ സ്റ്റേഡിയങ്ങളാണ് ഇതിനോടകം പ്രവര്‍ത്തനസജ്ജമായത്.
തുമാമ സ്റ്റേഡിയം അമീരി കപ്പിന് മുന്നോടിയായി ഒക്ടോബര്‍ 22ന് ഉദ്ഘാടനം ചെയ്യും. റാസ് അബൂ അബൂദിലുള്ള ഏഴാമത് സ്‌റ്റേഡിയം ഫിഫ അറബ് കപ്പിന്റെ ആദ്യ മത്സരങ്ങളോടെ ഉണരും. ഫിഫ വേള്‍ഡ് കപ്പ് 2022 ന് സജ്ജമാക്കാന്‍ തീരുമാനിച്ച എട്ട് വേദികളും സമയത്തിന് മുമ്പേ പൂര്‍ത്തീകരിച്ച് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഖത്തര്‍ അതിന്റെ നിര്‍മാണ വൈഭവവും നിര്‍വ്വഹണ മികവും തെളിയിച്ചിരിക്കുകയാണ്.