
ഖത്തര്‍ ടൂറിസത്തിന്റെ ഐക്കണിക് ലിമോസിന് ഡിസൈന്‍ മല്‍സരത്തിന് മികച്ച പ്രതികരണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ടൂറിസവും പങ്കാളിയായ മുവാസലാത്തും (കര്‍വ) സംഘടിപ്പിച്ച ”ഐക്കണിക് ലിമോസിന് ഡിസൈന്‍” മത്സരത്തിന് മികച്ച പ്രതികരണം.
മൊത്തം 450-ലധികം ഡിസൈനുകളാണ് മല്‍സരത്തിന് ലഭിച്ചത്. ഖത്തര്‍ ടൂറിസം അതോരിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി എന്‍ട്രികള്‍ അവലോകനം ചെയ്യുകയും നവംബര്‍ 22 വരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയും ചെയ്യും. നവംബര്‍ 23 മുതല്‍ 30 വരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഡിസൈനുകള്‍ ഒരേസമയം പൊതുജനങ്ങള്‍ക്കും ജൂറി വോട്ടിനും നല്‍കിയാണ് വിജയികളെ തീരുമാനിക്കുക. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന ഡിസൈനിന് ‘പീപ്പിള്‍സ് ഡിസൈന്‍ ചോയ്സ്’ അവാര്‍ഡ് ലഭിക്കും.
ഖത്തര്‍ ടൂറിസത്തിന്റെ സര്‍വീസ് എക്സലന്‍സ് പ്രോഗ്രാമിന്റെ ഭാഗമായ ഐക്കോണിക് ലിമോസിന് ഡിസൈന്‍ മത്സരം ഖത്തറിന്റെ സംസ്കാരവും പൈതൃകവും പുരോഗമന ഭാവിയും സുസ്ഥിരതയും പരിസ്ഥിതി സൗഹൃദ വീക്ഷണവും പ്രതിഫലിപ്പിക്കുന്നതാണ്. മത്സര മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുക.