Uncategorized

ലോകകപ്പ് സമയത്ത് ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും കൈകോര്‍ക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ: ലോകകപ്പ് സമയത്ത് ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും കൈകോര്‍ക്കുന്നു. ഫിഫ 2022 ലോകകപ്പിലുടനീളം പൊതുജനാരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന ഏത് ഭീഷണിയും ലഘൂകരിക്കാനും കളിക്കാര്‍, ഉദ്യോഗസ്ഥര്‍, ആരാധകര്‍, പൊതുജനം എന്നിവരുടെ സുരക്ഷ ഉറപ്പാക്കാനും പൊതുജനാരോഗ്യ മന്ത്രാലയത്തിലെയും ലോകാരോഗ്യ സംഘടനയിലെയും ആരോഗ്യ ഉദ്യോഗസ്ഥര്‍ വിപുലമായ നടപടികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

പൊതുജനാരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള മൂന്ന് വര്‍ഷത്തെ പങ്കാളിത്തമായ ”സ്‌പോര്‍ട് ഫോര്‍ ഹെല്‍ത്ത്” എന്നതിന്റെ ചട്ടക്കൂടിലാണ് ഈ ശ്രമങ്ങള്‍ വന്നത്. കാരണം ആരോഗ്യ സുരക്ഷയും ആരോഗ്യ പ്രോത്സാഹനവും ആ പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമാണ്, അപകടസാധ്യത വിലയിരുത്തലും സ്റ്റേഡിയങ്ങള്‍ക്കകത്തും പുറത്തുമുള്ള ബഹുജന സമ്മേളനത്തിനുള്ള പ്രോട്ടോക്കോളുകളും, പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നതില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനുള്ള ഇവന്റ് അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം, റിസ്‌ക് റിപ്പോര്‍ട്ടിംഗ് തുടങ്ങി ബഹുമുഖ പദ്ധതികളാണ് ആരോഗ്യരംഗത്ത് ആസൂത്രണം ചെയ്യുന്നത്.

പ്രധാന കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതില്‍ ആരോഗ്യ സുരക്ഷ ഒരു പ്രധാന പങ്ക് വഹിക്കുന്നു.ലോകകപ്പ് പോലുള്ള പ്രധാന കായിക മത്സരങ്ങള്‍ക്ക് ധാരാളം ആരാധകരെത്തുന്നത് പൊതുജനാരോഗ്യ സേവനങ്ങളേയും പ്രതികരണ സ്രോതസ്സുകളേയും സമ്മര്‍ദ്ധത്തിലാക്കിയേക്കാം. അതിനാല്‍ ഏതൊരു ഫലപ്രദമായ ആരോഗ്യ സുരക്ഷാ പദ്ധതിക്കും തയ്യാറെടുപ്പ് നിര്‍ണായകമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണ, പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പ് ഡയറക്ടര്‍ ഹമദ് ഈദ് അല്‍ റുമൈഹി പറഞ്ഞു.

പൊതുമേഖലയില്‍ മാത്രം 2010 മുതല്‍ പത്ത് പുതിയ ആശുപത്രികളും 16 പുതിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ആരംഭിച്ചതിന് ശേഷം സമീപ വര്‍ഷങ്ങളില്‍ ഖത്തറിലെ ആരോഗ്യമേഖല ശ്രദ്ധേയമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. .

ഖത്തറിലെ ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ.റിയാന ബൂഹഖ, ഖത്തറിന്റെ വിജയകരമായ അനുഭവങ്ങളില്‍ നിന്നും പ്രത്യേകിച്ചും അവിടെ നടന്ന അറബ് കപ്പില്‍ നിന്നും പഠിച്ച പാഠങ്ങള്‍ അടിവരയിടുകയും ശരിയായി കൈകാര്യം ചെയ്താല്‍ ബഹുജന സമ്മേളനങ്ങള്‍ വിജയകരമായി സംഘടിപ്പിക്കാനാകുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

നിരീക്ഷണവും പൊതുജനാരോഗ്യ നടപടികളും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പൊതു ചട്ടക്കൂടില്‍ ഓരോ ഇവന്റിനും പ്രത്യേകം രൂപകല്‍പന ചെയ്ത മുന്‍കരുതല്‍ നടപടികള്‍ വേദികളിലും പങ്കെടുക്കുന്നവര്‍ക്കും ഇവന്റ് നടക്കുന്ന സന്ദര്‍ഭത്തിലും പ്രയോഗിക്കുന്നതിലൂടെ ഒത്തുചേരലുകളില്‍ നിന്ന് ഉണ്ടാകുന്ന അപകടസാധ്യതകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

‘സ്‌പോര്‍ട്ട് ഫോര്‍ ഹെല്‍ത്ത്’ എന്ന അതുല്യ പങ്കാളിത്തം, ഭാവിയിലെ ബഹുജന സമ്മേളനങ്ങളില്‍ ആരോഗ്യ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി ഒരു ആക്ഷന്‍ പ്രോഗ്രാം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

 

Related Articles

Back to top button
error: Content is protected !!