കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ (2)
ഡോ. അമാനുല്ല വടക്കാങ്ങര
ദുബൈ നിത്യകന്യകയെപ്പോലെയാണ്. നിത്യവും പുതുമയുളള ആകര്‍ഷണങ്ങളുമായി സഞ്ചാരികളെ മാടിവിളിക്കുന്ന മായാനഗരം. നിര്‍മാണ രംഗത്തെ പുതിയ പരീക്ഷണങ്ങളും സാങ്കേതിക വിദ്യയുടെ വ്യാപകമായ ഉപയോഗവുമെന്നല്ല സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളെ നവീകരിക്കുന്ന നടപടികളുമൊക്കെയാകാം സന്ദര്‍ശകരുടെ പറുദീസയായി ഈ നഗരത്തെ മാറ്റുന്നത്. ഇതുകൊണ്ടൊക്കെ തന്നെയാകാം മണല്‍തരികള്‍ പോലും കഥ പറയുന്ന ദുബൈ നഗര കാഴ്ചകളും വിശകലനങ്ങളും എന്നും പ്രസക്തമാകുന്നത്.
ഏത് യാത്രയും മനോഹരമാകുന്നത് യാത്രാംഗങ്ങളുടെ പങ്കാളിത്തവും സഹകരണവുമനുസരിച്ചാണ്. ഫ്‌ളൈ വിത് ആര്‍ജെസ് എന്ന യാത്രാ സംഘം സ്‌നേഹ സൗഹൃദത്തിന്റെ പുത്തന്‍മാതൃകകള്‍ സമ്മാനിച്ചപ്പോള്‍ ഒരു കുടുംബം പോലെയായി മാറി. മാനേജിംഗ് ഡയറക്ടര്‍ അമീറലി പരുവള്ളിയും പ്രോഗ്രാം ഹെഡ് അപ്പുണ്ണിയും വലുപ്പചെറുപ്പമില്ലാതെ എല്ലാവരുമായും ഇടപഴകി കൂട്ടായ്മയുടെ ശക്തിയും സൗന്ദര്യവും അടയാളപ്പെടുത്തിയപ്പോള്‍ റേഡിയോ അവതാരകരും തെരഞ്ഞെടുത്ത ശ്രോതാക്കളുമൊക്കെ യാത്ര അവിസ്മരണീയമാക്കി. അപ്പുണ്ണിയുടെ പ്രിയതമ സോണിയയും മക്കളായ ഹോപും ഫെയിത്തും (വച്ചപ്പന്‍, മാത്തപ്പന്‍) കൂടെ ചേര്‍ന്നതും യാത്രക്ക് മാറ്റുകൂട്ടി. വിജയമന്ത്രങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ കൗതുകവും ജിജ്ഞാസയും യാത്രയുടെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളൊരുക്കി.
യാത്രയിലുടനീളം റേഡിയോ സുനോ ആര്‍.ജെ.കളുടെ എനര്‍ജി പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. അഷ്ടമിയും ബോബിയും നിസയും ജ്യോതികയും ആസ്യയും ഷാഫിയും വിനുവുമെല്ലാം പരസ്പര മല്‍സര ബുദ്ധിയോടെ ആടിയും പാടിയും യാത്ര സജീവമാക്കിയപ്പോള്‍ ടൂറിന്റെ ഓരോ നിമിഷങ്ങളും ആഘോഷമായി മാറി.
തിരുവനന്തപുരം സ്വദേശി ടി.ജി. കൃഷ്ണയായിരുന്നു ഞങ്ങളുടെ ഇന്നത്തെ ടൂര്‍ ഗൈഡ്. ദുബൈ നഗര കാഴ്ചകള്‍ കണ്ടും വിശദീകരിച്ചും പരിചയ സമ്പന്നനായ കൃഷ്ണ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു.
ദുബൈ ഫ്രെയിം
ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ ടവറും ഏറ്റവും വലിയ ഷോപ്പിംഗ് മോളും ഡ്രൈവറില്ലാത്ത ഏറ്റവും നീളം കൂടിയ മെട്രോയും സമ്മാനിച്ച ദുബായില്‍ നിന്നും മറ്റൊരു വിസ്മയം കൂടി -അതാണ് ദുബൈ ഫ്രെയിം എന്നാണ് പറയപ്പെടുന്നത്.
ബുര്‍ജ് ഖലീഫ, എമിറേറ്റ്‌സ് ടവര്‍ എന്നിവ പോലെ ദുബൈ ഫ്രെയിമിലും മലയാളിയുടെ കയ്യൊപ്പുണ്ടെന്നത് ഏറെ അഭിമാനകരമാണ്. ദുബൈ ഫ്രെയിമിന്റെ ഡിസൈന്‍ ആന്റ് സൂപ്പര്‍വിഷന്‍ കണ്‍സല്‍ട്ടന്റ് രവികുമാര്‍ എന്ന പാലക്കാട് സ്വദേശിയായിരുന്നു.
രണ്ട് കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണുകളുമായി ബന്ധിച്ചിരിക്കുന്ന സ്റ്റീല്‍ കൊണ്ട് തീര്‍ത്ത പാലം കൂടി ചേരുമ്പോഴാണ് ദുബായ് ഫ്രെയിം പൂര്‍ണമാകുന്നത്. ഈ പാലത്തിലാണ് പുതിയ ലോകവും പഴയ ലോകവും ഇരുവശങ്ങളുമായുള്ളത്. സാധാരണ മ്യൂസിയങ്ങളില്‍ കാണുന്നതിനേക്കാള്‍ വ്യത്യസ്തമായി കാഴ്ചവസ്തുക്കളുടെ കഥ പറയുന്ന ഡിജിറ്റല്‍ മൂവി സ്‌ക്രീനുകളുടെ പശ്ചാത്തലം കാഴ്ചക്ക് നിറം പകരുന്നു. ദുബൈ എന്ന സ്വപ്‌ന നഗരിയുടെ അനന്തമായ കിനാവുകളാണ് ദുബൈ ഫ്രെയിം അനാവരണം ചെയ്യുന്നത്.
ദുബൈയുടെ ഭൂത വര്‍ത്തമാന കാലത്തിനൊപ്പം ഭാവിയുടെ കഥകള്‍കൂടി പറയുന്ന ദുബൈ ഫ്രെയിമെന്ന വിസ്മയം കാഴ്ച്ചക്കാര്‍ക്ക് പ്രത്യേക അനുഭവം പകരുന്നതാണ്. കറാമയ്ക്ക് എതിര്‍വശമുള്ള വിശാലമായ സബീല്‍ പാര്‍ക്കിന്റെ നാലാം ഗെയ്റ്റ് കടന്ന് ചെന്നെത്തിയാല്‍ സ്വര്‍ണനിറത്തില്‍ ഫോട്ടോ ഫ്രെയിമിന്റെ ആകൃതിയിലുള്ള ദുബൈയുടെ അത്ഭുതമായ ദുബൈ ഫ്രെയിമെന്ന വിസ്മയം കാണാം.
ഡിസൈന്‍ പൂര്‍ത്തിയാക്കി ഒരു ദശകത്തിന് ശേഷം 2018 ജനുവരി 1 ന് പുതുവത്സര സമ്മാനമായി ഉദ്ഘാടനം ചെയ്യപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ ഫ്രെയിമായ ഈ വിസ്മയം ദുബായ് ടൂറിസ്റ്റ് മാപ്പിന്റെ മുകളില്‍ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു.
150 മീറ്റര്‍ ഉയരവും 95 മീറ്റര്‍ വീതിയുമുള്ള ദുബൈ ഫ്രെയിമില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് അത്ഭുതങ്ങളാണ്. എമിറേറ്റിന്റെ ഭൂതവും വര്‍ത്തമാന ഭാവിയും പ്രതിപാദിക്കുന്ന വിശദമായ ഒരു പ്രദര്‍ശനം, ശേഷം ലിഫ്റ്റില്‍ കയറി മുകളിലെത്തിയാല്‍ 93 മീറ്റര്‍ നീളമുള്ള ഗ്ലാസ് പാലത്തിലൂടെ നടന്ന് നഗരം കാണാനുള്ള അവസരം, പിന്നീട് 50 വര്‍ഷത്തിന് ശേഷമുള്ള ദുബായിയുടെ ഭാവി വരച്ച് കാട്ടുന്ന കണ്ണഞ്ചിപ്പിക്കുന്ന ഒരു എക്സിബിഷന്‍, ദുബായിയുടെ ഭൂതവും വര്‍ത്തമാനവും സന്ധിക്കുന്ന സ്ഥലത്താണ് ദുബൈ ഫ്രെയിം സ്ഥിതി ചെയ്യുന്നത്. ഒരു ഭാഗത്ത് പഴയ സിറ്റിയായ ദേരയും മറുഭാഗത്ത് ആകാശം മുട്ടിനില്‍ക്കുന്ന ശൈഖ് സായ്ദ് റോഡിലെ ടവറുകളും. കാഴ്ചയുടെ ഉല്‍സവം സമ്മാനിക്കുന്ന ദുബൈ ഫ്രെയിം ഇതിനകം ലക്ഷക്കണകക്കിനാളുകളാണ് സന്ദര്‍ശിച്ചത്.
മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹവും മൂന്ന് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 20 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. തങ്ങളെ ഈ ഭീമന്‍ ഫോട്ടോ ഫ്രേമിനുള്ളിലാക്കി നിരവധി സന്ദര്‍ശകര്‍ സെല്‍ഫി എടുക്കുന്നത് ഇവിടുത്തെ നിത്യ കാഴ്ചയാണ്.
മെക്സിക്കോക്കാരനായ ഫെര്‍ണാണ്ടോ ഡോണിസ് എന്ന ആര്‍ക്കിടെക്റ്റിന്റെ ആശയമാണ് ദുബൈ ഫ്രെയിം. 2009 ല്‍ നടത്തിയ ഒരു മത്സരത്തിലൂടെയാണ് ദുബൈ ഫ്രെയിമിന്റെ ഡിസൈന്‍ തിരഞ്ഞെടുത്തത്. മത്സരത്തില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നും 926 എന്‍ട്രികളാണ് ലഭിച്ചത്.
അമ്പത് നിലകളുടെ ഉയരമുള്ള ദുബൈ ഫ്രെയിമിന് പിറകില്‍ ഒരു വിവാദമുണ്ട്. തന്റെ ഡിസൈന്‍ ദുബായ് മോഷ്ടിച്ചുവെന്നാണ് ഫെര്‍ണാണ്ടോ ഡോണിസ് പറയുന്നത്. ” അവര്‍ തന്റെ പ്രൊജക്ട് എടുത്തു ഡിസൈന്‍ മാറ്റി. എന്നിട്ട് എന്നെ കൂട്ടാതെ അത്് നിര്‍മ്മിച്ചു.” ഫെര്‍ണാണ്ടോ പറയുന്നു.
ജുമൈറ ബീച്ച്
ദുബൈയില്‍, പേര്‍ഷ്യന്‍ ഗള്‍ഫിലെ തീരത്ത് നിര്‍മിച്ച ആഡംബര റിസോര്‍ട്ടാണ് മദീനത്ത് ജുമൈറ. ഇത് എമിറേറ്റിലെ ഏറ്റവും വലുതാണ്. പുരാതന അറേബ്യയുടെ അന്തരീക്ഷം അത് വീണ്ടും സൃഷ്ടിക്കുന്നു. റിസോര്‍ട്ടിന്റെ താമസസ്ഥലത്തേക്കുള്ള ആദ്യ മിനിറ്റില്‍ നിന്ന് ടൂറിസ്റ്റുകളെ ഇത് ആവാഹിക്കുന്നു. പ്രാദേശിക ഹോട്ടലുകളുടെ ആഢംബരങ്ങളെ വിലമതിക്കാനും പ്രദേശത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനും സന്ദര്‍ശകരുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണിത്.
മദീന ജുമൈറ റിസോര്‍ട്ട് പദ്ധതിയുടെ ആശയം മിറേജ് മില്ലും മിത്തല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പും ചേര്‍ന്നാണ് സാക്ഷാല്‍ക്കരിച്ചത്. മദീനത് ജുമൈറ കോംപ്ലെക്‌സിന്റെ രൂപവത്കരണത്തിന് അവര്‍ ജുമൈറ ബീച്ച് ഹോട്ടലിനു സമീപമുള്ള പ്രദേശം, പ്രശസ്തമായ ബുര്‍ജ് എല്‍-അറബ് അംബരചുംബികള്‍, വൈല്‍ഡ് വാഡി വാട്ടര്‍ പാര്‍ക്ക് എന്നിവയാണ് തിരഞ്ഞെടുത്തത്. ഏറ്റവും അനുയോജ്യമായ സ്ഥലവും പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള സാമീപ്യവും യു.എ.ഇ.യിലെ ഏറ്റവും ജനപ്രിയമായ റിസോര്‍ട്ടായി ഇതിനെ മാറ്റി
പാം ജുമൈറ
ഈന്തപ്പനയുടെ ആകൃതിയില്‍ കടല്‍ നികത്തി ദുബായില്‍ ഉണ്ടാക്കിയിരിക്കുന്ന മൂന്നു കൃതിമദ്വീപുകളാണ് പാം ദ്വീപുകള്‍. ജുമൈറ, ജെബീല്‍ അലി, ദയ്‌റ എന്നിവിടങ്ങളിലായി ഡച്ച് കമ്പനിയായ ഫാന്‍ ഉര്‍ദ്ദ് ഡ്രെഡ്ജിങ് ആണ് ദ്വീപ് നിര്‍മ്മിച്ചിരിക്കുന്നത്.
പാം ജുമൈറ ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപുകളില്‍ ഒന്നാണ്. പാം ദ്വീപുകള്‍ എന്നറിയപ്പെടുന്ന ദ്വീപുസമൂഹത്തിന്റെ ഭാഗമാണ് ഇത്. ഇത് സൃഷ്ടിക്കാന്‍ പേര്‍ഷ്യന്‍ ഗള്‍ഫിന്റെ അടിയില്‍ നിന്നുള്ള മണലാണ് ഉപയോഗിച്ചത്. അതിനൂതനമായ നിരവധി സാങ്കേതികവിദ്യകളുടെ പ്രയോഗത്തിലൂടെയാണ് ഒരു വലിയ റെസിഡന്‍ഷ്യല്‍, എന്റര്‍ടെയ്‌മെന്റ് കോംപ്ലക്‌സ് ഉയര്‍ന്നത്.
2000 ല്‍ സ്ഥാപിതമായ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ നഖീല്‍ പ്രോപ്പര്‍ട്ടീസാണ് നിസ്തുലമായ ഈ പദ്ധതി വികസിപ്പിച്ചത്. കേവലം അഞ്ചര വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കിയത്. 2006 ഡിസംബറില്‍ ദ്വീപ് ക്രമേണ ആരംഭിച്ചു. മുകൡ നിന്നും നോക്കിയാല്‍ ഒരു ഈന്തപ്പനയുടെ ആകൃതിയുള്ളതുകൊണ്ടാണ് ഇതിനെ പാം ജുമൈറ എന്ന് വിളിക്കുന്നത്. ഹെലികോപ്ടറില്‍ കറങ്ങി ഈ ദ്വീപിന്റെ മനോഹാരിത ആസ്വദിക്കുവാന്‍ സംവിധാനമുണ്ട്. ഉപഗ്രഹത്തില്‍ നിന്നുപോലും ഈ ദ്വീപിന്റെ അദ്ഭുതകരമായ രൂപം കാണാമെന്നാണ് പറയപ്പെടുന്നത്.
സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് പാം ജുമൈറ സമ്മാനിക്കുക. റെസിഡന്‍ഷ്യല്‍ ഹൗസുകള്‍, സ്വകാര്യ വില്ലകള്‍, ആഢംബര ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, ടൂറിസ്റ്റുകള്‍ക്കുള്ള വൈവിധ്യമാര്‍ന്ന വിനോദപരിപാടികള്‍ എന്നിവയൊക്കെ ഈ സമുച്ചയത്തിന്റെ ഭാഗമാണ്.
അക്വാപാര്‍ക്ക്, അല്‍ ഇത്തിഹാദ് പാര്‍ക്ക്, പാര ഗ്‌ളൈഡിംഗ് തുടങ്ങിയവയൊക്കെയാണ് സന്ദര്‍ശകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്. യന്ത്ര ബോട്ടുകളിലുള്ള യാത്രയും ഏറെ പ്രചാരമുള്ളതാണ്.
ദ്വീപ് മുഴുവന്‍ കറങ്ങി കാണുവാന്‍ മോണോ റെയില്‍ സംവിധാനവുമുണ്ട്. വണ്‍ വേ ടിക്കറ്റിന് 15 ദിര്‍ഹം റിട്ടേണ്‍ ടിക്കറ്റിന് 25 ദിര്‍ഹമുമാണ് ചാര്‍ജ്.
‘ഐന്‍ ദുബൈ
ദുബൈ സന്ദര്‍ശിക്കുന്നവര്‍ നിര്‍ബന്ധമായും കാണേണ്ട ഒന്നാണ് ‘ഐന്‍ ദുബൈ. ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രമെന്നാണ് ‘ഐന്‍ ദുബൈ’ വിശേഷിപ്പിക്കപ്പെടുന്നത്.
വിനോദസഞ്ചാരരംഗത്തെ പുതിയ ആകര്‍ഷണമായ ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രം (ഒബ്സര്‍വേഷന്‍ വീല്‍) ദുബൈ ടൂറിസം രംഗത്തെ പുതിയ ആകര്‍ഷണമാണ് .
ദുബൈയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നതും അത്യാധുനിക സൗകര്യങ്ങളോടുകൂടിയതുമായ ചക്രമാണിത്. ദുബൈ നഗരത്തിന്റെ ഭംഗി ആകാശത്തുനിന്ന് ആസ്വദിക്കാനുള്ള അവസരമാണിത് സന്ദര്‍ശകര്‍ക്ക് തുറന്നിടുന്നത്. 48 കാബിനുകളാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. ഒരുതവണ ചക്രം ഉയര്‍ന്ന് താഴുന്നതിന് 38 മിനിറ്റെടുക്കും. ഒരേസമയം, 1750 പേര്‍ക്ക് ഇതിലിരുന്ന് കാഴ്ചകള്‍ കാണാം. ഐന്‍ ദുബായ് എന്ന് പേരിട്ടിരിക്കുന്ന നിര്‍മിതിയ്ക്ക് 820 അടി ഉയരമുണ്ട്. സ്വപ്ന നഗരത്തിന്റെ ഭംഗി ആകാശത്തുനിന്ന് 360 ഡിഗ്രിയില്‍ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനുള്ള അവസരമാണിത് തുറന്നിടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് ക്രെയിനുകളാണ് ചക്രക്കാലുകള്‍ക്ക് കരുത്തുപകരാന്‍ ഉപയോഗിച്ചിരിക്കുന്നത്. 11,200 ടണ്‍ ഉരുക്ക് ഇതിന്റെ നിര്‍മിതിക്കായി ഉപയോഗിച്ചിട്ടുണ്ട്. ഈഫല്‍ ടവര്‍ നിര്‍മാണത്തിന് ഉപയോഗിച്ചതിനേക്കാള്‍ 33 ശതമാനം അധികമാണിത്. 10 രാജ്യങ്ങളില്‍ നിന്നുള്ള എന്‍ജിനിയറിങ് വൈദഗ്ധ്യം ഐന്‍ ദുബൈ സാധ്യമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഐന്‍ ദുബൈയിയുടെ മുകളിരുന്ന് ചായകുടിക്കുന്ന വീഡിയോ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ട്വിറ്ററില്‍ പോസ്റ്റുചെയ്തതോടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാവുകയും നിരവധി പേര്‍ ദുബൈയിയുടെ വിശേഷങ്ങള്‍ അന്വേഷിച്ചെത്തുകയും ചെയ്തിരുന്നു.
ദുബൈ നഗര വീഥികള്‍ നിത്യവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് സന്ദര്‍ശകരെ സ്വീകരിക്കുന്നത് കാഴ്ചയുടേയും ആസ്വാദനത്തിന്റേയും വ്യത്യസ്ത അനുഭൂതികള്‍ സമ്മാനിച്ചാണ്. പുതുമകളുടെയും ആകര്‍ഷണങ്ങളുടേയും തോഴിയായി പുതുമണവാട്ടിയെപോലെ നിത്യവും ദുബൈ അണിഞ്ഞൊരുങ്ങുമ്പോള്‍ വിസ്മയ കാഴ്ചകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ( തുടരും)