മലേഷ്യയില്‍ നിന്ന് 3,600 ഭീമന്‍ മരങ്ങള്‍ ഖത്തറിലെത്തിച്ച് എലഗാന്‍സിയ ഗ്രൂപ്പ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തി ഖത്തറിന്റെ സുസ്ഥിര വികസനത്തില്‍ പങ്കാളികളാകുന്നതിന്റെ ഭാഗമായി എലഗാന്‍സിയ ഗ്രൂപ്പ് മലേഷ്യയില്‍ നിന്ന് 3,600 ഭീമന്‍ മരങ്ങള്‍ ഖത്തറിലെത്തിച്ചു.
ഇതാദ്യമായാണ് ഇത്രയും വലിയ മരങ്ങള്‍ ഒന്നിച്ച് ഖത്തറിലെത്തിക്കുന്നത്. ഖത്തറിലെ സുസ്ഥിര സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തറിനും ഭൂമിക്കും വേണ്ടിയുള്ള ഹരിത ഭാവിയിലേക്ക് സംഭാവന ചെയ്യുന്നതിനുമുള്ള കമ്പനിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കമ്പനി അധികൃതര്‍ വിശദീകരിച്ചു.
മാസങ്ങള്‍ നീണ്ട ആസൂത്രണവും ഏകോപനവും നടത്തിയാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്. ഈ വലിപ്പമുള്ള മരങ്ങള്‍ വേരുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ നീക്കം ചെയ്യുന്നതിനുമുമ്പ് കാര്‍ഷിക തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. ഒരു പുതിയ റൂട്ട് സിസ്റ്റം സ്ഥാപിക്കാന്‍ മരങ്ങളെ സജ്ജമാക്കുവാനുള്ള നടപടിക്രമങ്ങള്‍ 3-4 മാസങ്ങള്‍ എടുത്തേക്കാം.