
പ്രവാസി സാഹിത്യോത്സവ്;രചന മത്സരങ്ങള്‍ക്ക് 26 ന് തുടക്കമാകും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: പ്രവാസി സാഹിത്യോത്സവ് ഗ്രാന്റ് ഫിനാലെയുടെ രചനാ മത്സരങ്ങള്‍ നവംബര്‍ ഇരുപത്തിയാറിന് നടക്കും. ജൂനിയര്‍ സീനിയര്‍ ജനറല്‍ വിഭാഗങ്ങളിലായി നാഷനല്‍ തലങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് ഗള്‍ഫ് തലത്തില്‍ മത്സരിക്കുന്നത്. നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈന്‍ വഴി നടക്കുന്ന രചനാ വിഭാഗത്തിലും സ്റ്റേജ് വിഭാഗത്തിലുമായി അന്‍പത് ഇനങ്ങളിലാണ് മത്സരിക്കുക. സൗദി വെസ്റ്റ്, യുഎഇ, സൗദി ഈസ്റ്റ്, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ നാഷനലുകളില്‍ നിന്ന് നാനൂറ്റി അറുപത്തി രണ്ട് മത്സരാര്‍ഥികള്‍ പങ്കെടുക്കും.
കഥ, കവിത, പ്രബന്ധം, ഹൈക്കു, സോഷ്യല്‍ ട്വീറ്റ്, മാഗസിന്‍ ഡിസൈന്‍, രിസാല റിവ്യൂ, ജലഛായം, പെന്‍സില്‍ ഡ്രോയിങ്, കാലിഗ്രാഫി തുടങ്ങിയവയിലാണ് മത്സരങ്ങള്‍. ഡിസംബര്‍ പത്തിനാണ് ‘ഗ്രാന്റ് ഫിനാലെ’ സ്റ്റേജ് മത്സരങ്ങള്‍ അരങ്ങേറുക. ഖത്തര്‍ കേന്ദ്രീകരിച്ചു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.രചനാ മത്സരങ്ങളുടെ രജിസ്ട്രേഷനും ഒരുക്കങ്ങളും മറ്റും പൂര്‍ത്തിയായതായി പ്രവാസി സാഹിത്യോത്സവ് സംഘാടക സമിതി അറിയിച്ചു.