Breaking News

ഖത്തറില്‍ കാഷ്യര്‍ ഇല്ലാത്ത സ്റ്റോറുകള്‍ തുറക്കാനൊരുങ്ങി അല്‍ മീര കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനി

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ കാഷ്യര്‍ ഇല്ലാത്ത സ്റ്റോറുകള്‍ തുറക്കാനൊരുങ്ങി അല്‍ മീര കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനി. ഈ രൂപത്തിലുള്ള ആദ്യ സ്‌റ്റോര്‍ ലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന് മുന്നോടിയായി തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും നൂതന സാങ്കേതികവിദ്യയിലൂടെ അതുല്യമായ സേവനങ്ങള്‍ നല്‍കുന്നതിനും സഹായകമായ വിപുലീകരണ തന്ത്രം മുന്നോട്ട് കൊണ്ടുപോകുന്നതിന് ചെക്ക്ഔട്ട് രഹിത സാങ്കേതികവിദ്യയുടെ മുന്‍നിര ദാതാക്കളായ സിപ്പിനുമായി അല്‍ മീര കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനി പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട് .

രാജ്യത്ത് ഉപഭോക്താക്കള്‍ക്ക് സവിശേഷമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന പുതിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഖത്തറിലെ അല്‍ മീര സൂപ്പര്‍മാര്‍കെറ്റ് ശൃംഖല രംഗത്തെത്തിയെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് . അത്യാധുനിക സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷ്യല്‍ ബുദ്ധിയും ഉപയോഗിച്ചാണ് ഈ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുക. ഉപഭോക്താക്കള്‍ക്ക് ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍, ഭക്ഷണസാധനങ്ങള്‍, മറ്റ് അവശ്യവസ്തുക്കള്‍ മുതലായവയാണ് ഈ സ്വയം നിയന്ത്രിത സ്‌റ്റോറുകളില്‍ ലഭിക്കുക.

”ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് കൂടുതല്‍ സൗകര്യപ്രദവും രസകരവുമാക്കുന്നതിന് ഈ പുതിയ ചെക്ക്ഔട്ട് രഹിത സ്റ്റോറുകള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഞങ്ങളുടെ സേവനങ്ങള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും എല്ലായ്പ്പോഴും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഞങ്ങളുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമാണ് ഈ നടപടിയെന്നും അല്‍ മീര പറഞ്ഞു. .ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 അനുസരിച്ച് പണരഹിത പേയ്മെന്റ് പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച സുഗമമാക്കുന്നതിനും ആധുനിക സാങ്കേതിക പരിഹാരങ്ങള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ പരിവര്‍ത്തനം കൈവരിക്കുന്നതിനുള്ള രാജ്യത്തിന്റെ തന്ത്രത്തിന് അനുസൃതമാണിതെന്നും അല്‍ മീര വിശദീകരിച്ചു.

ഘര്‍ഷണരഹിതമായ സ്മാര്‍ട്ട് സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത് ക്യാമറകളുടെയും സെന്‍സറുകളുടെയും ഒരു ശേഖരത്തിലൂടെയാണ്, അത് ഉപഭോക്താക്കളെ എന്‍ട്രി പോയിന്റ് മുതല്‍ അവര്‍ പോകുന്നതുവരെ ട്രാക്ക് ചെയ്യുന്നു, ഷോപ്പിംഗ് ഇടപാടുകള്‍ വേഗത്തിലും ലളിതവും സമ്മര്‍ദ്ദം കുറഞ്ഞതും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആസ്വാദ്യകരവുമാക്കുന്നതിന് വാങ്ങല്‍ പ്രക്രിയ എളുപ്പമാക്കുകയും വേഗത്തിലാക്കുകയും ചെയ്യുന്നു.

ഷോപ്പില്‍ പ്രവേശിക്കുന്ന ഉടനെത്തന്നെ ഉപഭോക്താവിനെ സാങ്കേതികവിദ്യയും നിരവധി ക്യാമറകളും ഉപയോഗിച്ച് ട്രാക്ക് ചെയ്യും. ഓരോ ഉപഭോക്താവിനും ഓട്ടോമാറ്റിക് ആയി പ്രത്യേകം വെര്‍ച്വല്‍ കാര്‍ട്ട് ഉണ്ടാക്കും. ഷെല്‍ഫില്‍ നിന്നും സാധനം എടുത്താലും തിരികെവെച്ചാലും ഇത് വെര്‍ച്വല്‍ അക്കൗണ്ടില്‍ രേഖപ്പെടുത്തും. ഉപഭോക്താവ് സ്റ്റോറില്‍ നിന്നും പുറത്തുപോകുമ്പോള്‍ വാങ്ങിയ സാധനങ്ങളുടെ കൃത്യമായ വില ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പിന്‍വലിക്കും.

Related Articles

Back to top button
error: Content is protected !!