അമിത വേഗത പിടികൂടാന്‍ കൂടുതല്‍ മൊബൈല്‍ റഡാറുകളുമായി ട്രാഫിക് വകുപ്പ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ വാഹനങ്ങളുടെ അമിത വേഗത പിടികൂടാന്‍ കൂടുതല്‍ മൊബൈല്‍ റഡാറുകളുമായി ട്രാഫിക് വകുപ്പ്. ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫികിന്റെ പദ്ധതികളുടെ ഭാഗമായി അതിവേഗത്തില്‍ പായുന്ന വാഹനങ്ങള്‍ പിടികൂടാന്‍ കൂടുതല്‍ മൊബൈല്‍ ക്യാമറകള്‍ വിന്യസിച്ചതായി വകുപ്പ് അറിയിച്ചു.
മരണങ്ങള്‍ക്കും ഗുരുതരമായ പരിക്കുകള്‍ക്കും കാരണമാകുന്ന അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് അമിത വേഗത, ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുന്നതിന്, അത്തരം നിയമലംഘനങ്ങള്‍ പിടികൂടാന്‍ എല്ലാ റോഡുകളിലും കൂടുതല്‍ മൊബൈല്‍ റഡാറുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് ട്രാഫിക് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ റഡാര്‍ വിഭാഗത്തില്‍ നിന്നുള്ള ഫസ്റ്റ് ലെഫ്റ്റനന്റ് റാഷിദ് ഖമീസ് അല്‍ കുബൈസി പറഞ്ഞു.
പട്രോളിംഗിന്റെ മൊബൈല്‍ റഡാര്‍ ഉപയോഗിച്ച് അതിവേഗത്തില്‍ ഓടിക്കുന്ന വാഹനങ്ങള്‍ നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സിവില്‍, പോലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ടെന്നും വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അല്‍ കുബൈസി മുന്നറിയിപ്പ് നല്കി.
അമിത വേഗതയ്ക്കുള്ള പിഴ വാഹനം പിടിച്ചെടുക്കുകയും വാഹനമോടിക്കുന്നയാളെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്യുകയുമാണെന്നും അദ്ദേഹം വ്യക്തമാക്കി .