ഖത്തര്‍ മലയാളിക്ക് ഫിഫ പ്രസിഡന്റിന്റെ സര്‍പ്രൈസ് സമ്മാനം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ മലയാളിക്ക് ഫിഫ പ്രസിഡന്റിന്റെ സര്‍പ്രൈസ് സമ്മാനം . തൃശൂര്‍ ജില്ലയിലെ തളിക്കുളം സ്വദേശിയായ സുല്‍ഫിക്കര്‍ പി. എസിനെ തേടിയാണ് ഫിഫ പ്രസിഡണ്ട് ഗിയാനി ഇന്‍ഫാന്റിനോയുടെ കയ്യൊപ്പോടു കൂടിയ സമ്മാനമെത്തിയത്.
കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന 2022 ഫിഫ ലോക കപ്പിന്റെ കലാശപ്പോരിന് വേദിയാകുന്ന ലുസൈല്‍ സ്‌റ്റേഡിയത്തിന്റെ ജോലികളില്‍ ഭാഗമാവാനവസരം ലഭിച്ച സുല്‍ഫിക്കര്‍ വരച്ച ഫിഫ പ്രസിഡണ്ട് ഗിയാനി ഇന്‍ഫാന്റിനോയുടെ ചാര്‍ക്കോള്‍ ചിത്രമാണ് സമ്മാനത്തിന് കാരണമായത്.
ചാര്‍ക്കോള്‍ കലാകാരന്‍ എന്ന നിലക്ക് പല പ്രധാനികളുടേയും ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെങ്കിലും അവര്‍ക്കൊന്നും അവ നേരിട്ടെത്തിക്കാന്‍ കഴിയാറില്ല. എന്നാല്‍ തന്റെ പ്രൊജക്ട് മാനേജര്‍ മുഹന്നദ് ഖൗലിന്റെ സഹായത്തോടെ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയിലെ ലീഡ് എഞ്ചിനീയര്‍ തമീം അല്‍ അബ്ദുവാണ് ചിത്രം ഫിഫ പ്രസിഡണ്ടിനെത്തിച്ചത്. അതിനെ തുടര്‍ന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഒപ്പിട്ട ഫുട്ബോളും പ്രശംസ പത്രവും ഫിഫയുടെ സമ്മാനവും സുല്‍ഫിക്കറിനെ തേടിയെത്തിയത്.
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തമായിരുന്നു അത്. ആ നിമിഷം എന്നെന്നേക്കുമായി കാത്തുസൂക്ഷിക്കുമെന്നും എല്ലാ ഫുട്‌ബോള്‍ പ്രേമികള്‍ക്കും പ്രോത്സാഹനത്തിന്റെയും ആദരവിന്റെയും പ്രചോദനത്തിന്റെയും അടയാളമായാണ് ഇതിനെ കണക്കാക്കുന്നതെന്നും സുല്‍ഫിക്കര്‍ പറഞ്ഞു.
കരിയും ഗ്രാഫൈറ്റും ഉപയോഗിച്ച് തീര്‍ത്ത ഇന്‍ഫാന്റിനോ പോര്‍ട്രെയിറ്റ് പൂര്‍ത്തിയാക്കാന്‍ സുല്‍ഫിക്കറിന് മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ. പാരീസ് സെന്റ് ജെര്‍മെയ്ന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി, അമേരിക്കന്‍ നടന്‍ ലിയോനാര്‍ഡോ ഡി കാപ്രിയോ, കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍, മലയാള സിനിമ താരം ജയസൂര്യ തുടങ്ങിയവരുടെ ഛായാചിത്രങ്ങള്‍ സുള്‍ഫിക്കര്‍ വരച്ചിട്ടുണ്ട്. ജയസൂര്യയുടെ ചിത്രം സുല്‍ഫിക്കറിന്റെ ഭാര്യ അമല ത്വാഹ നടന് അടച്ചുകൊടുക്കുകയും അദ്ദേഹത്തിന്റെ പ്രത്യേക പ്രശംസ നേടുകയും ചെയ്തു. എന്റെ ഭാര്യ അമലയാണ് എന്റെ ഏറ്റവും വലിയ പിന്തുണ എന്നാണ് സുല്‍ഫിക്കര്‍ പറയുന്നത്.
ഇതുവരെ ഏകദേശം 500 പോര്‍ട്രെയിറ്റുകള്‍ സുല്‍ഫിക്കര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ഖത്തറില്‍ സിവില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന സുല്‍ഫിക്കര്‍ തന്റെ പാഷനായ പോര്‍ട്രെയിറ്റുകള്‍ വരച്ചാണ് ജീവിതം കൂടുതല്‍ മനോഹരമാക്കുന്നത്.