ഖത്തറില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷം, പക്ഷേ അപകടകരമല്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഖത്തറില്‍ അതിവേഗം പടരുന്നുണ്ടെങ്കിലും, ഇത് ഇടത്തരം, മിതമായ വൈറസായി തരംതിരിച്ചിട്ടുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ അണുബാധ നിയന്ത്രണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ജമീല അല്‍ അജ്മി പറഞ്ഞു.
ഖത്തറിലെ കമ്മ്യൂണിറ്റി പ്രതിരോധശേഷി 85 ശതമാനത്തിലധികം എത്തിയതിനാല്‍ രോഗലക്ഷണങ്ങള്‍ മിതവും സൗമ്യവുമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഖത്തര്‍ ടെലിവിഷന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഒമിക്രോണ്‍ വകഭേദം അതിവേഗം പടരുന്നുണ്ടെങ്കിലും, ഖത്തറിലെയും ലോകത്തിലെ മറ്റ് രാജ്യങ്ങളിലെയും ഒമിക്രോണ്‍ കേസുകള്‍ അപകടകരമല്ലെന്നാണ് കാണുന്നത്. ചില കേസുകളില്‍ നേരിയ പനിയും
കടുത്ത തലവേദനയും അനുഭവപ്പെടുന്നു. മിക്ക കേസുകളിലും ആശുപത്രി അഡ്മിഷനോ കാര്യമായ ചികില്‍സയോ ആവശ്യം വരില്ല.
എന്നാല്‍ കൊറോണ വൈറസിന് സമാനമായ ലക്ഷണങ്ങളുള്ളവരോ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരോ ആരോഗ്യ കേന്ദ്രത്തില്‍ പോയി പരിശോധന നടത്തണമെന്ന് അല്‍ അജ്മി നിര്‍ദ്ദേശിച്ചു.
രോഗബാധിതരായ കേസുകള്‍ക്ക് തീവ്രപരിചരണം ആവശ്യമുണ്ടോ ഇല്ലയോ എന്നറിയാന്‍ തുടര്‍ച്ചയായ നിരീക്ഷണമുണ്ട്, ലോകമെമ്പാടുമുള്ള വാക്‌സിനേഷന്‍ നിരക്ക് 70 ശതമാനത്തില്‍ എത്തിയാല്‍ പാന്‍ഡെമിക് അവസാനിക്കുമെന്നും അവര്‍ പറഞ്ഞു.