
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കടകളില്‍ മോഷണം നടത്തിയ രണ്ട് പേരെ സി.ഐ.ഡി പിടികൂടി
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കടകളില്‍ മോഷണം നടത്തിയതിന് രണ്ട് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പിടികൂടി.
വ്യവസായ മേഖലയിലെ വിവിധ കടകളില്‍ മോഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ വകുപ്പിന് ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രണ്ട് ആഫ്രിക്കന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു, ഇവരുടെ പക്കല്‍ നിന്ന് നിരവധി മോഷണ വസ്തുക്കളും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രതികളെ പിടിച്ചെടുത്ത വസ്തുക്കളുമായി ജുഡീഷ്യല്‍ അധികാരികള്‍ക്ക് കൈമാറി.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കടയുടമകളോട് സുരക്ഷാ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും വാതിലുകളും ജനലുകളും ലോക്ക് ചെയ്യാനും അത്തരം മോഷണ സംഭവങ്ങളില്‍ നിന്നുള്ള സുരക്ഷയ്ക്കായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനും ആവശ്യപ്പെട്ടു.