വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളുകളിലേക്ക് , വിപുലമായ തയ്യാറെടുപ്പുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പൊതു സ്വകാര്യ മേഖലകളിലെ വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളുളിലേക്ക് മടങ്ങുന്നു. ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷമാണ് സ്‌കൂളുകള്‍ 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതിനായി വിപുലമായ ഒരുക്കങ്ങളും തയ്യാറെടുപ്പുകളുമാണ് സ്‌കൂളുകള്‍ നടത്തിയിരിക്കുന്നത് . പരിസരം മുഴുവന്‍ അണുമുക്തമാക്കിയും സാമൂഹിക അകലം പാലിക്കുന്നതിന്റെ മാര്‍ഗരേഖകള്‍ സ്ഥാപിച്ചും കാമ്പസുകള്‍ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുവാന്‍ സജ്ജമാണ് .
കോവിഡ് ബാധിച്ച് ഭേദമായവരും ബൂസ്റ്റര്‍ ഡോസെടുത്തവരുമടക്കം എല്ലാവരും റാപിഡ്് ആന്റിജന്‍ ടെസ്റ്റ് നടത്തിയ ശേഷമാണ് ഇന്ന് സ്‌കൂളുകളില്‍ ഹാജറാവേണ്ടത്. റാപിഡ് ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവാകുന്നവര്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പരിശോധനക്ക് വിധേയമാവുകയും ഫലം സ്‌കൂളിനെ അറിയിക്കുകയും വേണം. അംഗീകൃത മെഡിക്കല്‍ സെന്ററില്‍ നിന്നും പോസിറ്റീവ് ഫലം സ്ഥിരീകരിക്കുന്നവര്‍ക്ക് ഓണ്‍ ലൈനില്‍ ക്‌ളാസുകള്‍ പിന്തുടരുന്നതിനുള്ള സൗകര്യമുണ്ടാകും.
രാവിലെ 7 മണി മുതല്‍ 12.30 വരെയാണ് ക്‌ളാസുകള്‍ എന്നാണ് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളിലുള്ളത്. എന്നാല്‍ ചില സ്വകാര്യ വിദ്യാലയങ്ങള്‍ 1.30 വരെ പ്രവര്‍ത്തിക്കുമെന്ന് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയതായി അറിയുന്നു.