ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന് യോഗ്യത നേടിയ രാജ്യങ്ങളുടെ കൊടികള്‍ ദോഹ കോര്‍ണിഷില്‍ പാറിക്കളിക്കുമ്പോള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍പന്തുകളിയാരാധാകര്‍ കാത്തിരിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് കേവലം 9 മാസം മാത്രം ബാക്കി നില്‍ക്കെ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന് യോഗ്യത നേടിയ രാജ്യങ്ങളുടെ കൊടികള്‍ ദോഹ കോര്‍ണിഷില്‍ പാറിക്കളിക്കുന്നത് ഖത്തറിലെ ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിക്കുന്നതാണ് . മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കാനിരിക്കുന്ന ലോക കപ്പ് അവിസ്മരണീയമാക്കാനുള്ള എല്ലാ ഒരുക്കങ്ങളുമായാണ് ഖത്തര്‍ ലോകത്തെ സ്വാഗതം ചെയ്യുന്നത്.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന് യോഗ്യത നേടിയ രാജ്യങ്ങള്‍ക്കിടയില്‍ ഇസ് ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെയും റിപ്പബ്ലിക് ഓഫ് കൊറിയയുടെയും പതാകകളാണ് കഴിഞ്ഞ ദിവസം ദോഹ കോര്‍ണിഷില്‍ ഉയര്‍ത്തി.
യു.എ.ഇ.യെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനത്തെത്തിയാണ് ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ഏഷ്യന്‍ രാജ്യമെന്ന പേരോടെ ഇറാന്‍ മുന്നിലെത്തിയത്. രണ്ടാം സ്ഥാനക്കാരായ കൊറിയ സിറിയയെ അനായാസം മറികടന്നു. ഇരു ടീമുകളും ആതിഥേയ രാജ്യമായ ഖത്തര്‍, അര്‍ജന്റീന, ബെല്‍ജിയം, ബ്രസീല്‍, ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, സെര്‍ബിയ, സ്‌പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയ്ക്കൊപ്പം ഇതിനകം തന്നെ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന് യോഗ്യത നേടിയ രാജ്യങ്ങളുടെ പട്ടികയില്‍ ചേരുന്നു.
ഇറാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ അംബാസഡര്‍മാരെ സ്വാഗതം ചെയ്യവേ, ”രണ്ട് ഏഷ്യന്‍ ഫുട്‌ബോള്‍ പവര്‍ഹൗസുകള്‍ ലോകകപ്പ് കുടുംബത്തില്‍ ചേര്‍ന്നു” എന്നാണ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞത്.
”ഇതില്‍ നിങ്ങളോടൊപ്പം (ഇറാനും ദക്ഷിണ കൊറിയയും) കളിക്കുന്നത് ഒരു വലിയ ആഘോഷമായിരിക്കും. ഇറാനിലെയും ദക്ഷിണ കൊറിയയിലെയും ജനങ്ങള്‍ക്ക് ഒരു യഥാര്‍ത്ഥ ഏഷ്യന്‍ ആഘോഷത്തിന് ആതിഥ്യമരുളുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, ”ഹസന്‍ അല്‍ തവാദി പറഞ്ഞു.
അതേസമയം, ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ഏഷ്യന്‍ രാജ്യമായതില്‍ അഭിമാനമുണ്ടെന്ന് ഇറാന്‍ അംബാസിഡര്‍ ഹമീദ് റെസ ദെഹ്ഗാനി പറഞ്ഞു.
”ഞങ്ങളുടെ ടീം വിപുലമായ തലങ്ങളില്‍ എത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മറ്റ് രാജ്യങ്ങളില്‍ ലോകകപ്പ് നടക്കുമ്പോള്‍ പോലും ഇറാനിയന്‍ ആരാധകര്‍ അതില്‍ പങ്കെടുക്കാന്‍ എപ്പോഴും ഉത്സുകരാണ്, എന്നാല്‍ ഖത്തര്‍ ഇറാനോട് അടുത്താണ്, അതിനാല്‍ ധാരാളം കളിയാരാധകര്‍ ഖത്തറിലെത്തുമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ലോകകപ്പ് മികച്ചതായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, കാലാവസ്ഥയും മികച്ചതാകുമെന്നാണ് കരുതുന്നത്. ഖത്തറിന്റെ ലോക കപ്പ് തയ്യാറെടുപ്പുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ആറാം തവണയാണ് ഇറാന്‍ ലോക കപ്പില്‍ കളിക്കുന്നത്.
2002-ലെ പ്രകടനത്തേക്കാള്‍ മികച്ച പ്രകടനത്തോടെ ദേശീയ ടീം സെമിഫൈനലില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പബ്ലിക് ഓഫ് കൊറിയന്‍ അംബാസഡര്‍ ജൂണ്‍-ഹോ ലീ പറഞ്ഞു. ”ഞങ്ങളുടെ ദേശീയ ടീം തുടര്‍ച്ചയായ പത്താം തവണയും ലോകകപ്പിലേക്ക് കടക്കുന്നത് അതിശയകരമാണ്, അവര്‍ ഇവിടെ വലിയ സ്വാധീനം ചെലുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” അംബാസഡര്‍ ലീ പറഞ്ഞു.
”ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം 2002ല്‍ ഞങ്ങള്‍ സെമിയില്‍ എത്തിയതാണ്. ആ പ്രദര്‍ശനം ഖത്തറില്‍ ആവര്‍ത്തിക്കാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഫുട്‌ബോളിനോടുള്ള അഭിനിവേശത്തിന് പേരുകേട്ടതാണ് കൊറിയ കോവിഡ് സ്ഥിതി മെച്ചപ്പെടുകയാണെങ്കില്‍, നിരവധി കൊറിയക്കാര്‍ കളികാണാനായി ഖത്തറിലെത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.