
സ്‌പോര്‍ട്‌സ് ഈസ് ലൈഫ്, ഈ വര്‍ഷത്തെ ദേശീയ കായിക ദിന മുദ്രാവാക്യം
അമാനുല്ല വടക്കാങ്ങര
ദോഹ: ഈ വര്‍ഷത്തെ ദേശീയ കായിക ദിനത്തിന്റെ മുദ്രാവാക്യം സ്‌പോര്‍ട്‌സ് ഈസ് ലൈഫ് എന്നതായിരിക്കുമെന്ന് ഖത്തറിലെ കായിക യുവജന മന്ത്രാലയത്തിലെ ദേശീയ കായിക ദിന കമ്മിറ്റി അറിയിച്ചു.
കായിക വിനോദങ്ങള്‍ പൊതുവെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതിനാലും മാനസികാരോഗ്യത്തിനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സഹായിക്കുന്നതിനാലുമാണ് ഈ വര്‍ഷത്തെ ദേശീയ കായിക ദിനത്തിന്റെ മുദ്രാവാക്യമായി ‘സ്‌പോര്‍ട്‌സ് ഈസ് ലൈഫ്’ എന്നത് തിരഞ്ഞെടുത്തതെന്ന് കായിക യുവജന മന്ത്രിയുടെ ഉപദേഷ്ടാവ് അബ്ദുള്‍ റഹ്‌മാന്‍ അല്‍ ദോസരി ഇന്ന് ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒറ്റപ്പെടലില്‍ നിന്ന് രക്ഷിക്കുകയും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന സുപ്രധാനമായ മേഖലയാണ് സ്‌പോര്‍ട്‌സ്
‘ആദ്യ കായിക ദിനം സംഘടിപ്പിച്ച് 10 വര്‍ഷം പിന്നിടുമ്പോള്‍ സ്‌പോര്‍ട്‌സ് പരിശീലിക്കുന്നതിനെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍ വര്‍ദ്ധിച്ചതായും പാര്‍ക്കുകളും ജിമ്മുകളും എപ്പോഴും വ്യായാമം ചെയ്യുന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വര്‍ഷം മുഴുവനും രാജ്യത്തെ വിവിധ കായിക ഫെഡറേഷനുകള്‍ സംഘടിപ്പിക്കുന്ന 575 ഇനങ്ങളാണ് സ്പോര്‍ട്സ് കലണ്ടറില്‍ ഉള്ളതെന്നും ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് കലണ്ടറാണിതെന്നും അല്‍-ദോസരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഭൂരിഭാഗം പാര്‍ക്കുകളിലും നടപ്പാതകളും വ്യായാമ യന്ത്രങ്ങളും ഉണ്ടെന്നും ലോകകപ്പ് സൗകര്യങ്ങളില്‍ പോലും പാര്‍ക്കുകളും കളിസ്ഥലങ്ങളും ഉള്ളതിനാല്‍ ഖത്തര്‍ ഒരു വലിയ കായിക മേഖലയായി മാറിയെന്നും അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് അല്‍-ദോസരി കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം കായിക ദിനത്തിന്റെ ഭാഗമായി ഔട്ട് ഡോര്‍ പരിപാടികള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ഒരു ഗ്രൂപ്പിലെ പരമാവധി 15 പേരുടെ പരിധി സംഘാടകര്‍ പാലിക്കണമെന്നും അല്‍-ദോസരി കൂട്ടിച്ചേര്‍ത്തു. ഈ പരിധികള്‍ എല്ലാ സ്‌പോര്‍ട്‌സിനും ബാധകമാണ്, അത്യാശ്യമാണെങ്കില്‍ മാത്രമേ മാസ്‌ക് നീക്കംചെയ്യാന്‍ അനുവദിക്കൂ.