ഖത്തര്‍ ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: സ്‌പോര്‍ട്‌സ് ഈസ് ലൈഫ് എന്ന സുപ്രധാനമായ മുദ്രാവാക്യവുമായി ഖത്തര്‍ ദേശീയ കായിക ദിനം സ്വദേശികളും വിദേശികളും സമുചിതമായി ആഘോഷിച്ചു .
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനി ഖത്തര്‍ സന്ദര്‍ശിക്കുന്ന മൊറോക്കോ ഗവണ്‍മെന്റ് തലവന്‍ അസീസ് അഖന്നൂച്ചിന്റെയും നിരവധി മന്ത്രിമാരുടെയും കൂടെ ലുസൈല്‍ മറീന പ്രൊമെനേഡില്‍ നടന്നാണ്കാ യികദിനാഘോഷത്തിന്റെ ഭാഗമായത്.
ദേശീയ കായിക ദിന പരിപാടികളില്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൊആന്‍ ബിന്‍ ഹമദ് അല്‍ താനിയും സംഘവും ആവേശത്തോടെയാണ് പങ്ക് ചേര്‍ന്നത്.
പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എന്നിവയുടെ സംയുക്താഭ്യമുഖ്യത്തില്‍ ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയവും മുതിര്‍ന്ന ആരോഗ്യ പ്രവര്‍ത്തകരും കൂട്ട നടത്തം സംഘടിപ്പിച്ചാണ് കായിക ദിനത്തില്‍ പങ്കാളികളായത്.
നിരവധി സ്വദേശി കുടുംബങ്ങളും സ്ഥാപനങ്ങളും വൈവിധ്യമാര്‍ന്ന പരിപാടികളോടെ കായിക ദിനം സവിശേഷമാക്കി. പാര്‍ക്കുകളിലും കോര്‍ണിഷിലുമൊക്കെ ധാരാളമാളുകളാണ് വ്യായാമമുറകള്‍ പരിശീലിക്കാനെത്തിയത്.
സൈക്കിള്‍ ചവിട്ടിയും വിവിധ ഗെയിമുകളിലേര്‍പ്പെട്ടും പരിമിതമായ അര്‍ഥത്തിലുള്ള മല്‍സര പരിപാടികള്‍ നടത്തിയുമൊക്കെയാണ് കോവിഡ് പ്രോട്ടോക്കോളിന്റെ പരിധിയില്‍ നിന്നുകൊണ്ട് കായികദിനം കെങ്കേമമാക്കിയത്.
ഖത്തറിലെ ഏറ്റവും വലിയ വിദേശി വിഭാഗമായ ഇന്ത്യന്‍ സമൂഹം ഏറെ സജീവമായാണ് കായിക ദിനത്തെ വരവേറ്റത്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ മേല്‍നോട്ടത്തില്‍ ബിര്‍ള പബ്‌ളിക് സ്‌കൂളിലും ഏഷ്യന്‍ ടൗണിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ്, ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍, എംബസി ഉദ്യോഗസ്ഥര്‍, കമ്മ്യൂണിറ്റി നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
കല്‍ചറല്‍ ഫോറം, ഇന്‍കാസ്, ഡോം ഖത്തര്‍, ഫോക്കസ് ഖത്തര്‍, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല തുടങ്ങി ചെറുതും വലുതുമായ നിരവധി കൂട്ടായമകളാണ് കായിക ദിനത്തിന്റെ ആവേശമേറ്റെടുത്ത് രംഗത്തെത്തിയത്.