ഖത്തര്‍ ആരോഗ്യ രംഗം ഏത് സാഹചര്യവും നേരിടുവാന്‍ സജ്ജം
അമാനുല്ല വടക്കാങ്ങര
ദോഹ. ആരോഗ്യ രംഗത്തെ ഏത് സാഹചര്യവും നേരിടുവാന്‍ ഖത്തര്‍ ആരോഗ്യ മേഖല സജ്ജമാണെന്നും പരിശീലനം സിദ്ധിച്ച ജീവനക്കാരുംഅത്യാധുനിക സൗകര്യങ്ങളുമാണ് ആരോഗ്യ മേഖലയുടെ കരുത്തെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ഥാനി അഭിപ്രായപ്പെട്ടു. ഓരോ ഘട്ടങ്ങളിലും അവസരത്തിനൊത്തുയരുന്ന ഖത്തര്‍ ആരോഗ്യ മേഖല കോവിഡ് മഹാമാരിയില്‍ നിന്നും പാഠം പഠിച്ചാണ് മുന്നോട്ടുപോകുന്നത്.
കോവിഡിന്റെ തുടക്കത്തില്‍ പ്രതിദിനം 100 പേരെ മാത്രമേ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇപ്പോള്‍ ഇത് ഏകദേശം 70,000 എന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 2-3% വരും. ദേശീയ ആരോഗ്യ പരിരക്ഷാ സംവിധാനം ഏത് സാഹചര്യത്തെയും നേരിടാന്‍ കൂടുതല്‍ പ്രതിരോധശേഷിയുള്ളതാകുന്നുവെന്നത് ഖത്തറിന് അഭിമാനകരമായ നേട്ടമാണ് .
ഖത്തറില്‍ നടന്നുവരുന്ന ഖത്തര്‍ ഹെല്‍ത്ത് 2022ന്റെയും രണ്ടാം ഖത്തര്‍ പബ്ലിക് ഹെല്‍ത്ത് വെര്‍ച്വല്‍ കോണ്‍ഫറന്‍സിന്റെയും രണ്ടാം ദിനത്തില്‍ ‘പാന്‍ഡെമിക്കില്‍ നിന്ന് കൂടുതല്‍ പ്രതിരോധശേഷിയുള്ള സംവിധാനം ശക്തമായി ഉയര്‍ന്നുവരുന്നു എന്ന വിഷയത്തില്‍ നടന്ന പ്ലീനറി പാനലില്‍ സംസാരിക്കുകയായിരുന്നു ഡോ. മുഹമ്മദ് അല്‍ ഥാനി .
‘ആവശ്യമെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഖത്തറിലെ മുഴുവന്‍ ആളുകളെയും പരിശോധിക്കാന്‍ രാജ്യത്ത് സൗകര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഐസിയു ശേഷി മൂന്നിരട്ടിയായി വര്‍ധിച്ചതിനാല്‍ കോവിഡ് മരണങ്ങള്‍ നിയന്ത്രിക്കാനായി. ലോകാാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണങ്ങളുള്ള രാജ്യങ്ങളുടെ മുന്‍ നിരയിലാണ് ഖത്തര്‍.