ഖത്തര്‍ ഇന്ത്യന്‍ ഓഥേര്‍സ് ഫോറം സംഘടിപ്പിച്ച പുസ്തക പ്രകാശനവും സ്വീകരണവും സഹൃദയ സദസിന് വേറിട്ട അനുഭവമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഓഥേര്‍സ് ഫോറം സംഘടിപ്പിച്ച പുസ്തക പ്രകാശനവും സ്വീകരണവും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍- മുംബൈ ഹാളിലെ നിറഞ്ഞ സഹൃദയ സദസിന് വേറിട്ട അനുഭവമായി .
മലയാളി കവി ഫൈസല്‍ അബുബക്കറിന്റെ ‘നിലാവിന്‍ നനവില്‍’ എന്ന കവിതാസമാഹാരം ഹുസൈന്‍ കടന്നമണ്ണ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത മല്‍ഹമന്‍ മിന്‍ റുഅ്‌യതില്‍ ഹിലാല്‍ എന്ന കൃതി ഖത്തരീ സാംസ്‌കാരിക പ്രവത്തകനും ഖത്ത രീ ഫോറം ഫോര്‍ ഓതേഴ്‌സ് ഫോറം പ്രോഗ്രാം ഡയറക്ടറുമായ സാലിഹ് ഗുറൈബ് അല്‍-ഉബൈദലി ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം ചെയ്തത്.
ഇന്തോ ഖത്തര്‍ സാംസ്‌കാരിക വിനിമയത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സരസമായ ഭാഷണത്തിലൂടെ സദസിനെ കയ്യിലെടുത്ത അല്‍ ഉബൈദലി കൂടുതല്‍ ഇന്ത്യന്‍ രചനകളെ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യുന്നത് സാംസ്‌കാരിക രംഗത്തെ ബന്ധം കൂടുതല്‍ ശക്തമാക്കുവാന്‍ സഹായകമാകുമെന്ന് അഭിപ്രായപ്പെട്ടു.
ലളിതമായ ഭാഷയില്‍ ഉല്‍ ഉബൈദലിയുടെ സംസാരം മൊഴിമാറ്റിയ സുഹൈല്‍ വാഫിയും പരിപാടി ഹൃദ്യമാക്കി.
ഹൃസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ യുവ എഴുത്തുകാരിയും ഇംഗ്ലീഷ് കവയത്രിയുമായ സമീഹ ജുനൈദിനുള്ള സ്വീകരണമായിരുന്നു പരിപാടിയുടെ ശ്രദ്ധേയമായ മറ്റൊരു ചടങ്ങ് .
പ്രചോദനാത്മകമായ രണ്ട് പുസ്തകങ്ങളിലൂടെ സഹജീവികളെ ശാക്തീകരിക്കുവാന്‍ പരിശ്രമിക്കുന്ന മുന്‍ ദോഹ പ്രവാസിയായ സമീഹയുടെ രചനകള്‍ യുവ തലമുറക്ക് മാതൃകയാണ്.
ഇന്ത്യന്‍ കള്‍ചറല്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി. അധ്യക്ഷത വഹിച്ചു.
ഷീല ടോമി , സലീം നാലകത്ത് സംസാരിച്ചു. അബ്ദുല്‍ അസീസ് മഞ്ഞിയിലിന്റെ കവിതയും രേന സൂസന്‍ മാത്യൂവിന്റെ ഗാനവും പരിപാടിക്ക് നിറം പകര്‍ന്നു.
ഹുസൈന്‍ കടന്നമണ്ണ സ്വാഗതവും മുഹമ്മദ് ഹുസൈന്‍ വാണിമേല്‍ നന്ദിയും പറഞ്ഞു.
ആന്‍സി മാത്യൂവായിരുന്നു പരിപാടിയുടെ അവതാരക