ഫിഫ 2022 ഫൈനല്‍ ഡ്രോ ക്ക് കാര്‍ലി ലോയ്ഡ്, ജെര്‍മെയ്ന്‍ ജെനാസ്, സാമന്ത ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കും
അമാനുല്ല വടക്കാങ്ങര
ദോഹ. അറബ് ലോകത്ത് ആദ്യമായി നടക്കുന്ന പ്രഥമ ലോക കപ്പിന്റെ ഗ്രൂപ്പ് മല്‍സരങ്ങളില്‍ ആര്‍ ആരെ നേരിടുമെന്നറിയുന്നതിനായി ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫിഫ 2022 ഫൈനല്‍ ഡ്രോക്ക് കാര്‍ലി ലോയ്ഡ്, ജെര്‍മെയ്ന്‍ ജെനാസ്, സാമന്ത ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കും. കഫു (ബ്രസീല്‍), ലോതര്‍ മത്തൗസ് (ജര്‍മ്മനി), അദേല്‍ അഹമ്മദ് മലാല്ലാ (ഖത്തര്‍), അലി ദേയ് (ഐആര്‍ ഇറാന്‍) തുടങ്ങിയ പ്രമുഖര്‍ സഹായിക്കും. ), ബോറ മിലുറ്റിനോവിച്ച് (സെര്‍ബിയ/മെക്‌സിക്കോ), ജെയ്-ജയ് ഒക്കോച്ച (നൈജീരിയ), റബാഹ് മദ്‌ജെര്‍ (അള്‍ജീരിയ), ടിം കാഹില്‍ (ഓസ്‌ട്രേലിയ) എന്നിവര്‍ സഹായികളാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 2,000 അതിഥികള്‍ പങ്കെടുക്കുന്ന നറുക്കെടുപ്പ് ചടങ്ങ് ലോകത്തെമ്പാടും കോടിക്കണക്കിന് കളിയാരാധകര്‍ വീക്ഷിക്കും.
നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഫിഫ 2022 ലോക കപ്പ് മല്‍സരങ്ങള്‍ നടക്കുക. 12 ദിവസങ്ങളിലും നിത്യവും 4 മല്‍സരങ്ങള്‍ എന്ന തോതിലാണ് ഗ്രൂപ്പ് മല്‍സരങ്ങള്‍ നടക്കുക.
മൊത്തമുള്ള 32 ടീമുകളില്‍ 29 ടീമുകളാണ് ഇതുവരെ യോഗ്യത നേടിയത്. ജൂണ്‍ 13, 14 തിയ്യതികളില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫ്‌ളേ ഓഫ് മല്‍സരങ്ങളില്‍ നിന്നും രണ്ട് ടീമുകളെ നിശ്ചയിക്കും. യൂറോപ്യന്‍ ക്വാളിഫൈയിംഗ് പ്‌ളേ ഓഫിലൂടെയാണ് മുപ്പത്തിരണ്ടാമത് ടീമിനെ തീരുമാനിക്കുക.