Breaking News

പ്രവാസികള്‍ക്ക് വിമാനതാവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് സൗജന്യമാക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് പ്രവാസി സമൂഹം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. പ്രവാസികള്‍ക്ക് കോവിഡ് പരിശോധന സൗജന്യമാക്കിയ കേരള സര്‍ക്കാറിന് ഖത്തറിലെ ലോക കേരള സഭാംഗങ്ങളും നോര്‍ക്കാ ഡയരക്ടര്‍മാരും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നാട്ടിലെ എയര്‍പോര്‍ട്ടുകളില്‍ എത്തുന്നവര്‍ എടുക്കേണ്ട കോവിഡ് ടെസ്റ്റ് തികച്ചും സൗജന്യമാക്കിയത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസപ്രദമായ നടപടിയാണ്. പുതിയ നിബന്ധനകള്‍ വന്ന ഉടനെ കോവിഡ് ടെസ്റ്റ് സൗജന്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോടും കേരളത്തിലെങ്കിലും സൗജന്യമാക്കണമെന്ന് കേരളാ സര്‍ക്കാറിനോടും ഖത്തറിലെ ലോക കേരള സാഭാംഗങ്ങളും നോര്‍ക്കാ ഡയരക്ടര്‍മാരും രേഖാമൂലം ആവശ്യപ്പെടുകയും നിരന്തരമായി ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്തു വരികയായിരുന്നു.

കേരളാ സര്‍ക്കാര്‍ പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങള്‍ സത്വരമായി പരിഗണിക്കുന്നതിനും കോവിഡ് ടെസ്റ്റ് സൗജന്യമാക്കിയതിനും അഭിനങ്ങള്‍ അര്‍പ്പിക്കുന്നു. കേരള സര്‍ക്കാര്‍ മാത്രമാണ് പ്രവാസികള്‍ക്ക് ഈ സൗജന്യം പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ സര്‍ക്കാറിന്റെ മാതൃക ഉള്‍കൊണ്ട് ഇന്ത്യയിലെ മുഴുവന്‍ പ്രവാസികള്‍ക്കും കോവിഡ് ടെസ്റ്റ് സൗജന്യമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാറും തയ്യാറാവണം.
കേന്ദ്ര സര്‍ക്കാറിന്റെ പ്രോട്ടോകോളില്‍ വേറെയും പ്രയാസങ്ങള്‍ ഉണ്ടാക്കുന്ന വ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്. അവ കൂടി പരിഹരിക്കാനാവശ്യമായ നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധവും സമ്മര്‍ദ്ദവും വിജയം കണ്ടതാണ് തീരുമാനം പിന്‍വലിക്കാന്‍ കാരണമായതെന്ന് ഇന്‍കാസ് പ്രസിഡണ്ട് സമീര്‍ ഏറാമല പ്രതികരിച്ചു. വൈകിയാണെങ്കിലും പ്രവാസികള്‍ക്കനുകൂലമായി വന്ന ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ ശക്തമായ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് വിമാനത്താവളങ്ങളിലെ ആര്‍.ടി.പി,സി.ആര്‍ ടെസ്റ്റ് സൗജന്യമാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പ്രവാസി കോര്‍ഡിനേഷനന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ മശ്ഹൂദ് തിരുത്തിയാട് പറഞ്ഞു.

പ്രവാസികള്‍ക്കുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് സൗജന്യമായി നടത്തുമെന്ന കേരള സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനം സംസ്‌കൃതി ഖത്തര്‍ വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി സംസ്‌കൃതി ജനറല്‍ സെക്രട്ടറി പി. വിജയകുമാര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നാട്ടില്‍ വരുന്ന പ്രവാസികളോട് സ്വന്തം നിലയില്‍ ടെസ്റ്റ് നടത്തണമെന്ന് പ്രഖ്യാപിച്ച ക്രൂരതയ്ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച ഈ നീതി പ്രഖ്യാപനത്തെ എല്ലാ പ്രവാസികളും സന്തോഷത്തോടെ നെഞ്ചിലേറ്റുകയാണ്. പ്രവാസികള്‍ക്കൊപ്പം നിന്നുകൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ക്ക് എന്നും പരിഹാരം കണ്ടെത്തിയിട്ടുള്ള സര്‍ക്കാറാണ് ഇന്ന് കേരളം ഭരിക്കുന്നത്. പ്രവാസികളുടെ വിഷമതകള്‍ ഇല്ലാതാക്കി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിക്കുന്നതോടൊപ്പം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നതായി ഖത്തര്‍ സംസ്‌കൃതി പ്രസ്താവനയില്‍ പറഞ്ഞു..

വിമാന യാത്രക്ക് മുമ്പായി ആര്‍.ടി. പി. സി. ആര്‍. ടെസ്റ്റ് നടത്തുന്നത് സാമ്പത്തികവും പ്രായോഗികവുമായ ഏറെ പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ അത് ഒഴിവാക്കുവാന്‍ കേന്ദ്ര ഗവണ്ഡമെന്റില്‍ സമ്മര്‍ദ്ധം ചെലുത്തുകയാണ് സംസ്ഥാനം ചെയ്യേണ്ടതെന്ന് ഖത്തര്‍ കെ.എം. സി.സി. പ്രസിഡണ്ട് എസ്. എ. എം. ബഷീര്‍ പറഞ്ഞു.

കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം ടെസ്റ്റ് നിര്‍ബന്ധമാക്കിയ വിഷയത്തില്‍ കേരളം നാടകം കളിക്കുകയാണ്. സ്വകാര്യ കമ്പനിക്ക് കരാര്‍ കൊടുത്ത് പ്രതിഷേധം കനത്തപ്പോള്‍ ഗത്യന്തരമില്ലാതെയാണ് കേരളം ചാര്‍ജ് പിന്‍വലിക്കുവാന്‍ തയ്യാറായത്.

നാട്ടില്‍ സൗജന്യപരിശോധന നിലവിലിരിക്കെ വിമാനം കയറുന്നതിന് മുമ്പ് പരിശോധന വേണ്മെന്ന തീരുമാനം പിന്‍വലിക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് അംഗീകരിക്കുന്ന ഗവണ്‍മെന്റാണ് കേരളം ഭരിക്കുന്നതെന്നും കൊറോണ ഭീഷണി തുടങ്ങിയതുമുതല്‍ വളരെകരുതലോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍ അഭിപ്രായപ്പെട്ടു. പ്രവാസ ലോകത്ത് നിന്ന് വിമാനങ്ങളെത്തിയപ്പോള്‍േ സര്‍ക്കാര്‍ ചിലവില്‍ ക്വാറന്റൈന്‍ സൗകര്യങ്ങളൊരുക്കിയ കേരള ഗവണ്ഡമെന്റ് വിമാനതാവളത്തിലെ ടെസ്റ്റുകള്‍ സൗജന്യമാക്കിയ നടപടി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!