ഉസ്മാന്‍ മാരാത്തിന് യാത്രയയപ്പ് നല്‍കി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ പ്രവാസ കലാ സമൂഹത്തിന് നിരവധി ഓര്‍മ്മകള്‍ സമ്മാനിച്ച പ്രമുഖ കലാകാരന്‍ ഉസ്മാന്‍ മാരാത്തിന് യൂത്ത് ഫോറം ഖത്തര്‍ യാത്രയയപ്പ് നല്‍കി. തിരക്കഥാകൃത്ത്, സംവിധായകന്‍, നാടക രചയിതാവ് തുടങ്ങിയ മേഖലകളില്‍ കയ്യൊപ്പ് ചാര്‍ത്തിയ ഉസ്മാന്‍ മാരാത്ത്, ജാക്‌സന്‍ യൂത്ത് ബസാര്‍ എന്ന ചിത്രത്തിന്റെ പിന്നണിയിലെ പ്രധാനി കൂടിയാണ്.
നക്ഷത്രങ്ങള്‍ കരയാറില്ല എന്ന ഡോക്യുഡ്രാമയിലൂടെയാണ് അദ്ദേഹം ദോഹയില്‍ കൈമുദ്ര പതിപ്പിച്ചത്. ഇതിന്റെ രചനയും രംഗഭാഷ്യവുമൊരുക്കിയത് ഉസ്മാന്‍ മാരാത്ത് ആയിരുന്നു. ഈ ഡോക്യുഡ്രാമ 2012 മെയ് മാസത്തിലാണ് അരങ്ങിലെത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇതിന്റെ ഒണ്‍ലൈന്‍ ആവിഷ്‌കാരവും പ്രേക്ഷകരിലേക്കെത്തി. തനിമ ഖത്തറും യൂത്ത് ഫോറം ഖത്തറുമാണ് ഡോക്യുഡ്രാമയുടെ ഒണ്‍ലൈന്‍ ആവിഷ്‌കാരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.പ്രമുഖ സ്വഹാബി ബിലാല്‍ ഇബ്‌നു റബാഹിന്റെ ജീവ ചരിത്രത്തെ ആസ്പദമാക്കിയാണ് ഡോക്യുഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്.
മതാര്‍ ഖദീമിലെ യൂത്ത് ഫോറം കേന്ദ്ര ഓഫീസില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ കേന്ദ്ര ആക്ടിംഗ് പ്രസിഡന്റ് എം.ഐ അസ് ലം തൗഫീഖ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അസ് ലം കെ എ, ജനറല്‍ സെക്രട്ടറി അബ്‌സല്‍ അബ്ദുട്ടി, കേന്ദ്രസമിതി അംഗങ്ങളായ ഹബീബ് റഹ്‌മാന്‍, സല്‍മാന്‍, മുഫീദ്, അഹ്‌മദ് അന്‍വര്‍, അബ്ദു ഷുകൂര്‍, നബീല്‍ കെ സി തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് ഫോറത്തിന്റെ സ്‌നേഹോപഹാരം എം.ഐ അസ് ലം തൌഫീഖ് സമ്മാനിച്ചു. ഉസ്മാന്‍ മാരാത്ത് മറുപടി പ്രഭാഷണം നടത്തി.