ഓണ്‍ അറൈവല്‍ വിസയുടെ ഹോട്ടല്‍ ബുക്കിംഗ് പേജ് ഡിസ്‌കവര്‍ ഖത്തര്‍ നീക്കം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്ത്യ, പാക്കിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ നിര്‍ബന്ധമാക്കിയിരുന്ന ഹോട്ടല്‍ ബുക്കിംഗ് പേജ് ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു.
ഹോട്ടല്‍ ബുക്കിംഗ് പേജ് അപ്രത്യക്ഷമായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് താല്‍ക്കാലികമായി നീക്കം ചെയ്തതാണോ പുതിയ നിബന്ധനകളില്‍ മാറ്റം വരുന്നതിന്റെ ഭാഗമോണോ എന്ന് വ്യക്തമല്ല.
ഡിസ്‌കവര്‍ ഖത്തര്‍ ഹെല്പ് ലൈനില്‍ ബന്ധപ്പെട്ടപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും അതിനു ശേഷം വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യുമെന്നും തങ്ങളെ അറിയിച്ചതായി പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ദ പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റിലൂടെ ഹോട്ടല്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ മേല്‍പറഞ്ഞ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക ഏപ്രില്‍ 14 മുതല്‍ ഓണ്‍ അറൈവല്‍ ഫ്രീ ടൂറിസ്റ്റു വിസ ലഭിക്കുകയുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു .
കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക്് കുടുംബങ്ങളേയും ബന്ധുക്കളേയും കൊണ്ടുവരുന്നതിനുള്ള ഒരു മാര്‍ഗമായിരുന്നു ഓണ്‍ അറൈവല്‍ വിസ. ഖത്തറില്‍ താമസിക്കുന്ന അത്രയും ദിവസം ഡിസ്‌കവര്‍ ഖത്തര്‍ വഴി ഹോട്ടല്‍ ബുക്ക് ചെയ്ത വരിക ഒട്ടും പ്രായോഗികമല്ല.
ഓണ്‍ അറൈവല്‍ വിസയുടെ ഹോട്ടല്‍ ബുക്കിംഗ് പേജ് ഡിസ്‌കവര്‍ ഖത്തര്‍ നീക്കം ചെയ്തത് ഏറെ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം നോക്കി കാണുന്നത്.