
ഫിഫ 2022 ലോക കപ്പ് ആരാധകര്‍ക്കായി 130000 റൂമുകള്‍ സജ്ജം
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോക കപ്പ് ആരാധകര്‍ക്കായി 130000 റൂമുകള്‍ സജ്ജമാക്കിയതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു. ഫിഫ ലോകകപ്പ് 2022 ആരാധകരുടെ താമസ സൗകര്യത്തിന്റെ കാര്യത്തില്‍ മികച്ച തയ്യാറെടുപ്പ് ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ആവര്‍ത്തിച്ചു. അതിനായി പ്രത്യേകം ആരംഭിച്ച ഔദ്യോഗിക പ്ലാറ്റ്ഫോമിലൂടെ ആരാധകര്‍ക്ക് മികച്ച താമസ സൗകര്യമൊരുക്കും. മത്സരസമയത്ത് ലഭ്യമായ ഓപ്ഷനുകളുടെ 80 ശതമാനവും പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുന്നു.
ലോകകപ്പ് ആരാധകര്‍ക്ക് താമസസൗകര്യം എളുപ്പത്തില്‍ ലഭ്യമാകും. ഹോട്ടല്‍ മുറികള്‍, ഫ്‌ലോട്ടിംഗ് ഹോട്ടലുകള്‍, വില്ലകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, ഫാന്‍ വില്ലേജുകള്‍ എന്നിങ്ങനെയുള്ള താമസ സൗകര്യങ്ങള്‍ ലഭ്യമാണ്.
ലോക കപ്പ് മല്‍സരത്തിന് ഒരു ദശലക്ഷം ആരാധകരെ ഖത്തര്‍ പ്രതീക്ഷിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.
ടൂര്‍ണമെന്റ് മത്സരങ്ങള്‍ക്കായി ടിക്കറ്റ് നേടിയ ആരാധകര്‍ക്ക് താമസ റിസര്‍വേഷനുകള്‍ക്കായി ഔദ്യോഗിക പ്ലാറ്റ്ഫോം വഴി ഇപ്പോള്‍ താമസസ്ഥലം ബുക്ക് ചെയ്യാം. അപ്പാര്‍ട്ടുമെന്റുകളിലെ താമസച്ചെലവ് ഒരു രാത്രിക്ക് 80 ഡോളര്‍ മുതല്‍ ലഭ്യമാണ് . അതേസമയം റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടുന്നതും നിരവധി വിനോദ പരിപാടികള്‍ നല്‍കുന്നതുമായ ആഡംബര ഫ്േളാട്ടിംഗ് ഹോട്ടലുകളില്‍ ചില മുറികള്‍ ബുക്ക് ചെയ്യുന്നതിന് ഒരു രാത്രിക്ക് ഏകദേശം 180 ഡോളര്‍ ചിലവാകും.
ഫ്േളാട്ടിംഗ് ഹോട്ടലുകള്‍ ലോകകപ്പ് സമയത്ത് ലഭ്യമാകുന്ന കൂടുതല്‍ പ്രത്യേക ഓപ്ഷനുകളിലൊന്നായിരിക്കും. 4,000 ആളുകളുടെ ശേഷിയുള്ള രണ്ട് ക്രൂയിസുകള്‍ വാടകയ്ക്കെടുക്കുന്നതിന് എസ്സി അടുത്തിടെ എംഎസ്സി ക്രൂയിസുമായി ഒരു കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ഓപ്പറേറ്ററായ അക്കോറുമായി 60,000 അപ്പാര്‍ട്ട്മെന്റുകളിലും വില്ലകളിലും ഒരു ദശലക്ഷത്തിലധികം രാത്രി താമസം ഓപറേറ്റ് ചെയ്യുന്ന 10,000 ജീവനക്കാരെ നല്‍കാനുള്ള കരാറില്‍ എസ്സി ഒപ്പുവച്ചതായും പ്രസ്താവനയില്‍ പറയുന്നു.
ലോക കപ്പിനായി ഖത്തറിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിരവധി അനുയോജ്യമായ ഓപ്ഷനുകള്‍ ഉണ്ടാകുമെന്ന് ഖത്തര്‍ 2022 സിഇഒ നാസര്‍ അല്‍ ഖാതര്‍ ഉറപ്പ് നല്‍കി. മിഡില്‍ ഈസ്റ്റിലെ ആദ്യ ലോകകപ്പ് ആസ്വദിക്കാന്‍ ഖത്തറിലേക്ക് വരുന്ന എല്ലാ ആരാധകര്‍ക്കും താമസ സൗകര്യങ്ങള്‍ നല്‍കാനുള്ള പ്രതിജ്ഞാബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.
മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വാങ്ങുമ്പോള്‍ താമസ സൗകര്യം ബുക്കുചെയ്യുന്നതിന് ഔദ്യോഗിക പ്ലാറ്റ്‌ഫോം ഉപയോഗിക്കണമെന്ന് അല്‍ ഖത്തര്‍ ഖത്തറിന് പുറത്തുള്ള ആരാധകരോട് ആവശ്യപ്പെട്ടു. ആരാധകര്‍ക്ക് മറ്റ് ഓപ്ഷനുകളും ലഭ്യമാണെങ്കിലും കുറഞ്ഞ വിലയ്ക്ക് താമസം ആഗ്രഹിക്കുന്നവര്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോം ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.