ഉക്രേനിയന്‍ അഭയാര്‍ഥികളെ സഹായിക്കാന്‍ 5 മില്യണ്‍ ഡോളര്‍ അനുവദിച്ച് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഉക്രേനിയന്‍ അഭയാര്‍ഥികളെയും കുടിയിറക്കപ്പെട്ടവരെയും സഹായിക്കാന്‍ ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് മുഖേന 5 മില്യണ്‍ ഡോളര്‍ അനുവദിക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചു.
ഉക്രെയ്‌നിനായുള്ള ‘വെര്‍ച്വല്‍’ ഡോണേഴ്സ് കോണ്‍ഫറന്‍സില്‍ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ ആണ് ഈ പ്രഖ്യാപനം നടത്തിയത്.
ഉക്രെയ്നിലെ സൈനിക നടപടി ഉടനടി അവസാനിപ്പിക്കാനും മാനുഷിക ഇടനാഴികള്‍ സുരക്ഷിതമാക്കാനുമുള്ള ഖത്തറിന്റെ ആഹ്വാനം മന്ത്രി ആവര്‍ത്തിച്ചു. പ്രശ്‌നങ്ങള്‍ സമാധാനപരമായ സംവാദങ്ങളിലൂടെയാണ് പരിഹരിക്കേണ്ടത്.
ലോകം ദുഷ്‌കരമായ ഘട്ടങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോകുന്നത്. അനേകരെ സുരക്ഷിതമായ സ്ഥലത്തേക്കും മികച്ച ഭാവിയിലേക്കും മാറാന്‍ പ്രേരിപ്പിക്കുന്നു. ഉക്രേനിയക്കാര്‍ അവരുടെ ചരിത്രത്തിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധവും അതിന്റെ ഭീകരതയും ഒഴിവാക്കാന്‍ രാജ്യത്തിനകത്തായാലും പുറത്തായാലും അവരെ പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. മുമ്പ് യുദ്ധത്തിന്റെ വിപത്താലും അവരുടെ കഷ്ടപ്പാടുകളോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ അവഗണനയും അനുഭവിച്ച സിറിയന്‍ അഭയാര്‍ത്ഥികളുടേയും ആധുനിക ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അഭയാര്‍ത്ഥി ദുരന്തത്തിനിരയായ ഫലസ്തീന്‍ ജനതയുടേയും അവസ്ഥയോട് സമാനമായ ദുരന്തമാണ് ഉക്രേനിലും സംഭവിക്കുന്നത്.
ഈ സാഹചര്യത്തില്‍, ബാള്‍ക്കണിലും പരിസരത്തും സംഘര്‍ഷം മറ്റ് അയല്‍രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്ന് ഖത്തര്‍ ഭയപ്പെടുന്നതായി അസിസ്റ്റന്റ് മന്ത്രി പറഞ്ഞു, ഇരകളുടെ കുടുംബങ്ങളോട് ഖത്തറിന്റെ ആത്മാര്‍ത്ഥ അനുശോചനം രേഖപ്പെടുത്തുകയും ഈ മനുഷ്യദുരന്തത്തിന് അടിയന്തിര പരിഹാരത്തിനായി ആഗ്രഹിക്കുകയും ചെയ്യുന്നതായി മന്ത്രി വ്യക്തമാക്കി.