ഈദ് ഫെസ്റ്റിവല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ടൂറിസത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ ദോഹ കോര്‍ണിഷില്‍ അരങ്ങേറുന്ന പ്രഥമ ഈദ് ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഖത്തര്‍ ടൂറിസത്തിലെ ഇവന്റുകളുടെയും ഫെസ്റ്റിവലുകളുടെയും സാങ്കേതിക സഹായ വിഭാഗം മേധാവി ഹമദ് അല്‍ ഖവാജ അറിയിച്ചു.
മെയ് 3 മുതല്‍ 5 വരെ ഖത്തര്‍ ടൂറിസം ദോഹ കോര്‍ണിഷില്‍ സംഘടിപ്പിക്കുന്ന പ്രഥമ ഈദ് ഫെസ്റ്റിവലിന് പ്രതിദിനം 10,000 മുതല്‍ 15,000 വരെ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ടൂറിസം. ഈദ് ഫെസ്റ്റിവല്‍ എല്ലാവര്‍ക്കും ഹൃദ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണെന്നും ഈദാഘോഷം അവിസ്മരണീയമാക്കുമെന്നും ഖത്തര്‍ ടൂറിസം അറിയിച്ചു.
ഉത്സവത്തോടനുബന്ധിച്ച് നിരവധി പ്രധാന പരിപാടികളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 5.30 വരെ ഭീമന്‍ ബലൂണ്‍ പരേഡ് നടക്കും. സന്ദര്‍ശകര്‍ക്ക് ബലൂണ്‍ പരേഡിനൊപ്പം ഫോട്ടോ എടുക്കാന്‍ അവസരം ലഭിക്കും. ഉത്സവത്തോടനുബന്ധിച്ച് ദിവസവും നടക്കുന്ന വെടിക്കെട്ട്, സംഗീത പരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ബലൂണ്‍ പരേഡ് മുതല്‍ ദൈനംദിന സംഗീതക്കച്ചേരികള്‍, കരിമരുന്ന് പ്രയോഗം എന്നിവയടക്കമുള്ള ഓരോ പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടും.
ഉച്ചകഴിഞ്ഞ് 3 മുതല്‍ 4:30 അവര്‍ കോര്‍ണിഷിന്റെ സ്‌ട്രെച്ചില്‍ പ്രവേശനം ആരംഭിക്കും. വൈകുന്നേരം 4:30 മുതല്‍ 5:30 വരെ, ദോഹ ബലൂണ്‍ പരേഡ് ഖത്തറിന്റെ പരിസ്ഥിതിയുടെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും പ്രതീകങ്ങളായ സൂപ്പര്‍ മാരിയോ പോലുള്ള ഭീമാകാരമായ ക്ലാസിക് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങും. തിമിംഗല സ്രാവ്, ഡോ ബോട്ട് ഷോകളുമുണ്ടാകും.
രാത്രിയില്‍ 7.30 മുതല്‍ രാത്രി 9 വരെ, അറബ് ലോകത്തെ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന തത്സമയ സംഗീത കച്ചേരികളായിരിക്കും.
മെയ് 3 ന് മഹ്മൂദ് അല്‍ തുര്‍ക്കിയുടെ സംഗീത കച്ചേരി നടക്കും. മെയ് 4 ന് നാസര്‍ അല്‍ കുബൈസിയും , ഉത്സവത്തിന്റെ അവസാന ദിവസമായ മെയ് 5 ന് സുല്‍ത്താന്‍ ഖലീഫയുമാണ് സംഗീതവിരുന്നൊരുക്കുക.
‘യെമ ഹ്മൈദ്’ പോലുള്ള പോപ്പ് ഗാനങ്ങള്‍ക്ക് പേരുകേട്ട ഒരു ഇറാഖി ഗായകനാണ് അല്‍ തുര്‍ക്കി. ഖത്തര്‍ ആതിഥ്യമരുളിയ രാജ്യമായ 2006 ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ തന്റെ കരിയര്‍ ആരംഭിച്ച ഖത്തറി ഗായകനാണ് അല്‍ കുബെയ്സി. സുല്‍ത്താന്‍ ഖലീഫ കഴിവുള്ള ഒരു സൗദി താരമാണ്.
വൈകുന്നേരം 5.30 മുതല്‍ രാത്രി 11 വരെ ഹീലിയം ബലൂണുകളുടെ പ്രദര്‍ശനമുണ്ടാകും. രാത്രി 9 മണിക്കുള്ള കരിമരുന്ന് പ്രയോഗം മാനത്ത് വര്‍ണവിസ്മയങ്ങള്‍ തീര്‍ക്കും.
മെയ് 3 മുതല്‍ 5 വരെ ദോഹ കോര്‍ണിഷ് ഷെറാട്ടണ്‍ ഇന്റര്‍സെക്ഷന്‍ മുതല്‍ റാസ് ബു അബൗദ് വരെയും മജ്ലിസ് അല്‍ താവൂണ്‍ സ്ട്രീറ്റിന് പുറമെ കോര്‍ണിഷ് സ്ട്രീറ്റിലേക്കുള്ള റോഡുകളുടെ അവസാന ഭാഗവും അടച്ചിടുമെന്ന് കോര്‍ണിഷ് ക്ലോഷര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിനുള്ള കമ്മിറ്റിയുടെ സെക്രട്ടറി, എഞ്ചി.മുഹമ്മദ് അലി അല്‍ മറി പറഞ്ഞു. ബദല്‍ റോഡുകള്‍ ഉപയോഗിച്ച് സന്ദര്‍ശകരെ ഫെസ്റ്റിവല്‍ നടക്കുന്ന സ്ഥലത്തേക്ക് നയിക്കാന്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സൗജന്യ കര്‍വ ബസ് ഷിട്ടില്‍ സര്‍വീസുകളും മെട്രോ ലിങ്ക് സര്‍വീസും പ്രയോജനപ്പെടുത്താം.