പ്രവാചക നിന്ദ, ഖത്തര്‍ കാബിനറ്റ് അപലപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: പ്രവാചകന്‍ മുഹമ്മദ്(സ)യ്ക്കെതിരെ ഇന്ത്യയിലെ ഭരണകക്ഷിയിലെ ഒരു വക്താവ് നടത്തിയ പരാമര്‍ശങ്ങളെ ഖത്തര്‍ ഭരണകൂടം ശക്തമായി അപലപിക്കുകയും തള്ളികളയുകയും ചെയ്തതായി പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ അമീരീ ദീവാനില്‍ ഇന്ന് ചേര്‍ന്ന ഖത്തര്‍ മന്ത്രി സഭ യുടെ പ്രതിവാരയോഗം അടിവരയിട്ടു. ഇസ് ലാമിനെതെയുള്ള ഗുരുതരമായ അവഹേളനവും അതിന്റെ പവിത്രതകളുടെ ലംഘനവും, ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നതും സഹിഷ്ണുത, സഹവര്‍ത്തിത്വം, പരിഷ്‌കൃത പെരുമാറ്റം തുടങ്ങിയ മൂല്യങ്ങള്‍ക്ക് പൂര്‍ണ്ണമായും വിരുദ്ധവുമാണെന്ന് കാബിനറ്റ് വിലയിരുത്തി.
ഇസ്ലാമിന്റെ യാഥാര്‍ത്ഥ്യത്തെയും സ്വഭാവത്തെയും അവഗണിക്കുന്ന ഈ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നിശിതമായി നിരസിച്ച മന്ത്രിസഭ, ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിലും രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധം ശക്തിപ്പെടുത്തുന്നതിലും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എല്ലാവരോടും ആവശ്യപ്പെട്ടു. വിദ്വേഷം ഉണര്‍ത്തുന്നതും ശത്രുതയുടെ വികാരങ്ങള്‍ ആളിക്കത്തിക്കുന്നതും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്നതുമായ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയാണ് വേണ്ടതെന്ന് മന്ത്രി സഭ നിരീക്ഷിച്ചു.