ലോകകപ്പ് കാണാനെത്തുന്ന ആരാധകര്‍ക്ക് താമസ സ്ഥലം തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: 2022 ഫിഫ ലോകകപ്പ് ഖത്തറിനായി എത്തുന്ന ആരാധകര്‍ക്ക് അഭിമാനകരമായ മത്സരത്തിനിടെ തങ്ങളുടെ താമസസ്ഥലം തിരഞ്ഞെടുക്കാന്‍ ഒന്നിലധികം ചോയ്സുകള്‍ ഉണ്ടായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒമര്‍ അല്‍ ജാബര്‍ പറഞ്ഞു.
നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന അറബ് ലോകത്തെയും മിഡില്‍ ഈസ്റ്റിലെയും ആദ്യ ലോക കപ്പിന് ലോകമെമ്പാടുമുള്ള 1.5 ദശലക്ഷം ആരാധകരെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.
2022ലെ ഫിഫ ലോകകപ്പ് ഖത്തറില്‍ ആരാധകര്‍ക്ക് താമസ സൗകര്യത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം രാജ്യത്ത് നിലവിലുള്ള ഹോട്ടലുകള്‍, വില്ലകള്‍ പോലുള്ള റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ബര്‍വ പോലുള്ള റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ക്ക് കീഴിലുള്ള ഫ്‌ളാറ്റുകള്‍ എന്നിങ്ങനെ ഒന്നിലധികം ഓപ്ഷനുകള്‍ നല്‍കും,” അല്‍ ജാബര്‍ ഖത്തര്‍ റേഡിയോയോട് പറഞ്ഞു.
”കൂടാതെ, ഫ്േളാട്ടിംഗ് ഹോട്ടലുകളും ഉണ്ടാകും – ദോഹ തുറമുഖത്ത് നിലയുറപ്പിച്ചിരിക്കുന്ന രണ്ട് ഭീമന്‍ പഞ്ചനക്ഷത്ര ക്രൂയിസ് കപ്പലുകളും നാല് ഫാന്‍ വില്ലേജുകളും 1000 ടെന്റുകളും കളിയാരാധകരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളുമടക്കം വൈവിധ്യമാര്‍ന്ന താമസ സൗകര്യങ്ങള്‍ സജ്ജീകരിക്കും. ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോട്ടലുകളും റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും കൃത്യസമയത്ത് അവരുടെ സന്നദ്ധത ഉറപ്പുവരുത്തുന്നതിനും പങ്കാളികളുമായി ഏകോപിപ്പിച്ച് ഈ ഭവന സൗകര്യങ്ങളെല്ലാം ആരാധകര്‍ക്കായി ഒരുക്കുന്നതിനും ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലുസൈലിലെ അല്‍ ഖെതൈഫാന്‍ ദ്വീപ്, മാള്‍ ഓഫ് ഖത്തറിന് സമീപമുള്ള പ്രദേശം, ഖത്തര്‍ യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള പ്രദേശം, മെട്രോ സ്റ്റേഷന് സമീപമുള്ള ഖത്തര്‍ ഫീ സോണ്‍ എന്നിവിടങ്ങളിലാണ് നാല് ഫാന്‍ വില്ലേജുകളൊരുക്കുന്നത്. കളിസ്ഥലങ്ങളും റസ്റ്റോറന്റുകളും കൂറ്റന്‍ സ്‌ക്രീനുകളുമുള്ള കൂടുതല്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആതിഥേയത്വം നല്‍കുന്ന തരത്തില്‍ ഫാന്‍സ് ഗ്രാമങ്ങള്‍ സവിശേഷമായിരിക്കും.
കൂടുതല്‍ ആരാധകരുടെ ഗ്രാമങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ലോകകപ്പിന് ശേഷം അവ പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതി പിന്നീട് പ്രഖ്യാപിക്കുമെന്നും അല്‍ ജാബര്‍ അറിയിച്ചു.