ടി ശിവദാസമേനോന്റെ നിര്യാണത്തില്‍ ഖത്തര്‍ സംസ്കൃതി അനുശോചിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: മുന്‍ കേരള സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയും മുതിര്‍ന്ന സിപിഐ(എം) നേതാവുമായിരുന്ന ടി. ശിവദാസ മേനോന്റെ നിര്യാണത്തില്‍ ഖത്തര്‍ സംസ്കൃതി അനുശോചിച്ചു.
ഖത്തര്‍ സംസ്കൃതി രൂപീകരണ യോഗത്തില്‍ പങ്കെടുക്കുകയും സംഘടനയ്ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തത് ശിവദാസ മേനോന് ആയിരുന്നു. 1999ല്‍ ഇകെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെയാണ് അദ്ദേഹം ഖത്തര്‍ സന്ദര്‍ശിക്കുകയും സംസ്കൃതി രൂപീകരണ യോഗത്തില്‍ സംഘടനയെ പ്രഖ്യാപിക്കുകയും ചെയ്തത്. കണ്‍സേണ്‍ ഫോര്‍ അതേര്‍സ് എന്ന സംസ്കൃതിയുടെ പ്രഖ്യാപിത മുദ്രാവാക്യം സംഘടനാ രൂപീകരണ വേളയില്‍ ഉയര്‍ത്തിയത് ശിവദാസമേനോന് ആയിരുന്നു.
മൂന്നു തവണ നിയമസഭാ അംഗമായി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1987ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി ഗ്രാമവികസന മന്ത്രിയായും 96 ല്‍ ധനമന്ത്രിയായും പ്രവര്‍ത്തിച്ചു. മുത്തങ്ങാ സമരത്തില്‍ ആദിവാസികള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ പാലക്കാട് എസ്പി ഓഫീസിലേക്ക് സിപിഐ എം നടത്തിയ മാര്‍ച്ചില്‍ ശിവദാസമേനോനെ പൊലീസ് വളഞ്ഞിട്ടു മര്‍ദ്ദിച്ചിരുന്നു.
സംഘടനാ രംഗത്തും ഭരണ രംഗത്തും മികച്ച വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. സംസ്കൃതിയ്ക്ക് എക്കാലവും ഓര്‍ക്കാവുന്ന തരത്തില്‍ ഊര്‍ജ്ജം പകരുന്ന സാന്നിധ്യമായിരുന്ന ശ്രിവദാസമേനോന്റെ നിര്യാണത്തില്‍ സംസ്കൃതി അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും സംസ്കൃതി അനുശോചന കുറിപ്പില്‍ പറഞ്ഞു..