ലോക കപ്പ് കാണാനെത്തുന്ന ഭിന്ന ശേഷിക്കാരായ ഫുട്‌ബോള്‍ ആരാധകര്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കും
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ ആതിഥ്യമരുളുന്ന 2ഫിഫ 2022 ലോകകപ്പ് കാണാനെത്തുന്ന ഭിന്ന ശേഷിക്കാരായ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ഖത്തര്‍ സാമൂഹിക വികസന, കുടുംബ മന്ത്രി മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നാദ് പറഞ്ഞു. ബൗദ്ധിക വൈകല്യമുള്ളവരുടെ സൗകര്യം പരിഗണിച്ച് ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ സെന്‍സറി റൂമുകള്‍ ഒരുക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അറബ് ലീഗ് സെക്രട്ടേറിയറ്റ് ജനറലുമായി സഹകരിച്ച് സാമൂഹിക വികസന മന്ത്രാലയം ഷെറാട്ടണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ‘അറബ് ക്ലാസിഫിക്കേഷന്‍ ഫോര്‍ ഡിസെബിലിറ്റിയുടെ രണ്ടാമത് ശില്‍പശാല’യുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി
‘ഭിന്നശേഷിക്കാരായ ആരാധകരെ സ്വീകരിക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണമായും തയ്യാറാണ്. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളുടെ ചരിത്രത്തില്‍ വികലാംഗര്‍ക്ക് ഏറ്റവും കൂടുതല്‍ സൗകര്യമൊരുക്കുന്ന ലോകകപ്പായിരിക്കും ഇതെന്ന് ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായി ക മന്ത്രി പറഞ്ഞു.
ഓട്ടിസം, ന്യൂറോ ബിഹേവിയറല്‍ ഡിസോര്‍ഡേഴ്‌സ് എന്നിവയുള്ള കുട്ടികള്‍ക്ക് എല്ലാ നൂതന ഉപകരണങ്ങളും സജ്ജീകരിച്ച് അനുയോജ്യമായ അന്തരീക്ഷത്തില്‍ സുരക്ഷിതരായി ഇരുന്ന് മത്സരങ്ങള്‍ ആസ്വദിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാരും ഓട്ടിസവും ബാധിച്ച ആരാധകരെ സേവിക്കുന്നതിനായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ‘ഷഫല്ലാഹ് സെന്റര്‍’ എന്ന പേരില്‍ പ്രത്യേക ലോബി തന്നെ സജ്ജീകരിച്ചിട്ടുണ്ട്. അവര്‍ക്ക് മികച്ച യാത്രാനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലോബിയില്‍ അത്യാധുനിക സഹായ സാങ്കേതിക വിദ്യയും വിദ്യാഭ്യാസ പുനരധിവാസ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.