
എങ്ങും റഡാര്‍ കാമറകള്‍, വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. ട്രാഫിക് നിയമ ലംഘനങ്ങള്‍ പിടികൂടുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളുള്ള റഡാര്‍ കാമറകള്‍ സ്ഥാപിച്ച് ട്രാഫിക് വകുപ്പ്. പ്രധാനപ്പെട്ട റോഡുകളിലും സിഗ്നലുകളിലുമുള്ള സ്ഥിരം കാമറകള്‍ക്ക് പുറമേ രാജ്യത്തെ വിവിധ റോഡുകളില്‍ താല്‍ക്കാലിക കാമറകളും മാറി മാറി സ്ഥാപിക്കുന്നതായാണ് അറിയുന്നത്. സബാഹ് അല്‍ അഹ് മദ് കോറിഡോറില്‍ ഈയിടെയായി പുതിയ റഡാറുകള്‍ വന്നിട്ടുണ്ട്.
ഖത്തറില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ മഹാഭൂരിഭാഗവും പിടികൂടുന്നത് റഡാര്‍ കാാമറകളിലൂടെയാണ് . കാമറയില്‍ കുടുങ്ങിയാല്‍ പിഴയടക്കാതെ രക്ഷപ്പെടാനാവുകയില്ലെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ കണിശമായ ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയും മികച്ച ട്രാഫിക് സംസ്‌കാരം വളര്‍ത്തിയെടുക്കുകയും വേണം.
റോഡിലെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ എല്ലാവരും ജാഗ്രത പാലിക്കണം. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും പ്രധാനമാണ്. നിയമങ്ങള്‍ പാലിക്കുന്നത് എല്ലാവരുടേയും സുരക്ഷക്ക് വേണ്ടിയാണെന്ന കാര്യം ഓരോരുത്തരും ഗൗരവത്തില്‍ ഓര്‍ക്കണം .
നിയമവിരുദ്ധമായി സിഗ്നലുകള്‍ മുറിച്ച് കടക്കുക, വാഹന മോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, അമിത വേഗത, തെറ്റായ രീതിയില്‍ ഓവര്‍ ടേക്ക് ചെയ്യുക മുതലായവയാണ് ഖത്തറിലെ പ്രധാന ട്രാഫിക് നിയമ ലംഘനങ്ങളെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ ബോധവല്‍ക്കരണത്തിലൂടേയും കൃത്യമായ ശിക്ഷ നടപടികളിലൂടേയും ഇവ കുറച്ചുകൊണ്ടുവരുവാനാണ് ട്രാഫിക് വകുപ്പ് ശ്രമിക്കുന്നത്.