കോവിഡ് പ്രതിരോധ മുന്നണി പോരാളികളുടെ ബഹുമാനാര്‍ഥം പ്രത്യേക പതിപ്പ് കോവിഡ്-19 തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി ഖത്തര്‍ പോസ്റ്റ്
അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് പ്രതിരോധ മുന്നണി പോരാളികളുടെ ബഹുമാനാര്‍ഥം പ്രത്യേക പതിപ്പ് കോവിഡ്-19 തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി ഖത്തര്‍ പോസ്റ്റല്‍ സര്‍വീസസ് കമ്പനി (ഖത്തര്‍ പോസ്റ്റ്). മെഡിക്കല്‍, ഹെല്‍ത്ത് കെയര്‍ സ്റ്റാഫ്, പോലീസ്, മിലിട്ടറി ഉദ്യോഗസ്ഥര്‍, തപാല്‍ ജീവനക്കാര്‍ തുടങ്ങി കോവിഡ് പ്രതിരോധ മുന്‍നിര പോരാളികളോടുള്ള ആദരസൂചകമായാണ് കോവിഡ്-19 തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.
കോവിഡ് 19 സറ്റാമ്പുകളുടെ സെറ്റില്‍ 7 റിയാല്‍ വിലയുള്ള രണ്ട് സ്റ്റാമ്പുകളും 8 റിയാല്‍ വിലയുള്ള ഫസ്റ്റ് ഡേ കവറും അടങ്ങിയിരിക്കുന്നു.
കൂടാതെ ഫോള്‍ഡര്‍ തന്നെ 70 റിയാലിന്് പൊതുജനങ്ങള്‍ക്ക് വില്‍ക്കും. നിലവില്‍ 10,000 സ്റ്റാമ്പുകളും 1,000 ഫസ്റ്റ് ഡേ
കവറുകളുമാണ് വില്‍പനക്ക് തയ്യാറാക്കിയിരിക്കുന്നതെന്നും ഖത്തര്‍ പോസ്റ്റിന്റെ എല്ലാ ശാഖകളിലും ഈ സെറ്റ് ലഭ്യമാണെന്നും കമ്പനി അറിയിച്ചു.
ആധുനിക മനുഷ്യ ചരിത്രത്തിലെ ഏറ്റവും അസാധാരണമായ ഒരു കാലഘട്ടത്തില്‍ കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള സേവനം ചെയ്ത ഓരോ മുന്‍നിര പ്രവര്‍ത്തകരുടെയും അശ്രാന്ത പരിശ്രമത്തെ അഭിനന്ദിച്ചുകൊണ്ട് ഖത്തറിലെയും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെയും ഫിലാറ്റലിക് കളക്ടര്‍മാരെയും ഈ പതിപ്പ് വാങ്ങുവാന്‍ ഖത്തര്‍ പോസ്റ്റ് ക്ഷണിച്ചു.
തപാല്‍ സ്റ്റാമ്പുകളുടെ വിതരണത്തിലൂടെ രാജ്യം ആതിഥേയത്വം വഹിക്കുന്ന പ്രധാന പരിപാടികള്‍ രേഖപ്പെടുത്തുന്ന തന്ത്രമാണ് ഖത്തര്‍ പോസ്റ്റ് സ്വീകരിക്കുന്നത്. ഫിഫയുമായുള്ള സഹകരണ കരാറിന് കീഴില്‍ ഖത്തര്‍ പോസ്റ്റ് ഖത്തര്‍ 2022 ലോകകപ്പിനുള്ള എല്ലാ തപാല്‍ സ്റ്റാമ്പുകളുടെയും എക്സ്‌ക്ലൂസീവ് ദാതാവായി മാറിയിരിക്കുന്നു, ഇത് ഫുട്ബോളില്‍ ഖത്തറിന്റെ ചരിത്രത്തിലേക്കും പാരമ്പര്യത്തിലേക്കും വെളിച്ചം വീശാന്‍ ലക്ഷ്യമിടുന്നതാണ് .