ജൂലൈ മാസം 473 നിയമലംഘനങ്ങള്‍ കണ്ടെത്തി ലേബര്‍ ഇന്സ്പെക്ഷന് ഡിപ്പാര്‍ട്ട്മെന്റ്
അമാനുല്ല വടക്കാങ്ങര
ദോഹ: തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ലേബര്‍ ഇന്സ്പെക്ഷന് ഡിപ്പാര്‍ട്ട്മെന്റ് ജൂലൈ മാസം നടത്തിയ വ്യാപകമായ പരിശോധനയില്‍ 473 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും സ്ഥാപനങ്ങള്‍ എത്രത്തോളം പാലിക്കുന്നുവെന്ന് നിരീക്ഷിക്കുന്നതിനാണ് പരിശോധന നടത്തിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ 3,693 പരിശോധനാ സന്ദര്‍ശനങ്ങളാണ് ജൂലൈ മാസം നടത്തിയത്.
ഈ കാലയളവില്‍ തൊഴിലാളികളില്‍ നിന്ന് ലേബര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന് 2,232 പരാതികള്‍ ലഭിച്ചതായും അതില്‍ 211 എണ്ണം തീര്‍പ്പാക്കുകയും, 827 പരാതികള്‍ തൊഴില്‍ തര്‍ക്ക പരിഹാര സമിതികള്‍ക്ക് അയച്ചതായും ഏകദേശം 1,194 പരാതികളുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
ജൂലൈ മാസം മന്ത്രാലയത്തിന് ഏകദേശം 4,692 പുതിയ റിക്രൂട്ട്മെന്റ് അഭ്യര്‍ത്ഥനകള്‍ ലഭിച്ചു. അതില്‍ 2,680 എണ്ണം അംഗീകരിക്കുകയും, 2012 എണ്ണം നിരസിക്കുകയും ചെയ്തു.
പെര്‍മിറ്റ് പുതുക്കാനുള്ള 287 അഭ്യര്‍ത്ഥനകളും പുതിയ പെര്‍മിറ്റ് നല്‍കാനുള്ള 379 അഭ്യര്‍ത്ഥനകളും നല്കിയ പെര്‍മിറ്റുകള്‍ റദ്ദാക്കാനുള്ള 156 അഭ്യര്‍ത്ഥനകളും ഉള്‍പ്പെടെ ജൂലൈ മാസത്തില്‍ വര്‍ക്ക് പെര്‍മിറ്റിനായി മന്ത്രാലയത്തിന് സമര്‍പ്പിച്ച അപേക്ഷകളുടെ എണ്ണം ഏകദേശം 822 ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.