ഫിഫ 2022 മല്‍സരങ്ങള്‍ നവംബര്‍ 20 ന് തുടങ്ങാന്‍ സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ നടക്കുന്ന ലോക കപ്പ് മത്സരങ്ങള്‍ ഒരു ദിവസം നേരത്തെ തുടങ്ങാന്‍ സാധ്യത. നവംബര് 21 തിങ്കളാഴ്ച തുടങ്ങാനിരുന്ന ടൂര്‍ണമെന്റ് നവംബര്‍ 20 ഞായറാഴ്ച തുടങ്ങാന്‍ ആലോചിക്കുന്നതായി എഎഫ്.പി, റോയിട്ടേര്‍സ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില് 1 ന് എടുത്ത ഡ്രോ പ്രകാരം നവംബര് 21 ആദ്യ ദിനത്തില്‍ സെനഗല്‍-നെതര്‍ലന്‍ഡ്സ് തമ്മിലാണ് ഉദ്ഘാടന മത്സരം. എന്നാല്‍ ആതിഥേയ രാജ്യം ആദ്യ മത്സരത്തില്‍ കളിക്കുന്നതാണ് കീഴ്വഴക്കം.അതിനാല്‍ ഖത്തറിന് ഉദ്ഘാടന മത്സരത്തില്‍ കളിക്കുന്നതിന് വേണ്ടിയാണ് ടൂര്‍ണമെന്റ് ഒരു ദിവസം നേരത്തേയാക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നത്്. ഫിഫ കൗണ്‌സിലിന്റെ അനുമതി ലഭിച്ചാല്‍ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരം നവംബര്‍ 20 ഞായറാഴ്ച ഉദ്ഘാടന മത്സരമാക്കും. ഇതോടെ 28 ദിവസത്തെ ടൂര്‍ണമെന്റന്നത് 29 ദിവസമാകും.