ഫിഫ 2022 ലോകകപ്പ് ഖത്തറിനുള്ള ഇരുപത്തിനാലര ലക്ഷം ടിക്കറ്റുകള്‍ ഇതിനകം വിറ്റു
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിനുള്ള ഇരുപത്തിനാലര ലക്ഷം ടിക്കറ്റുകള്‍ ഇതിനകം വിറ്റതായി ഫിഫ അറിയിച്ചു. ആഗസ്ത് 16 ന് അവസാനിച്ച ഏറ്റവും പുതിയ വില്‍പ്പന കാലയളവില്‍ 5 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. അറബ് മേഖല, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് ടിക്കറ്റിന് ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ടായത്.
അടുത്ത വില്‍പ്പന ഘട്ടത്തിനായുള്ള ലോഞ്ച് തീയതി സെപ്റ്റംബര്‍ അവസാനത്തോടെ പ്രഖ്യാപിക്കും.
ലോകമെമ്പാടുമുള്ള കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാല്‍പന്തുകളിയുടെ മഹാമേളക്ക് പന്തുരുളാന്‍ നൂറില്‍ കുറവ് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫിഫ 2022 ലോകപ്പ് ടിക്കറ്റുകളുടെ ഡിമാന്‍ഡ് ഉയര്‍ന്നിരിക്കുകയാണ് . ഖത്തര്‍, യുഎസ്എ, ഇംഗ്ലണ്ട്, സൗദി അറേബ്യ , മെക്സിക്കോ, യുഎഇ, ഫ്രാന്‍സ്, അര്‍ജന്റീന, ബ്രസീല്‍, ജര്‍മ്മനി എന്നിവയാണ് ടിക്കറ്റ് വില്‍പ്പനയുടെ റാങ്കിംഗില്‍ മുന്നിലുള്ള രാജ്യങ്ങള്‍.
ആരാധകര്‍ക്ക് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ ടിക്കറ്റ് വാങ്ങാന്‍ കഴിഞ്ഞ ജൂലൈ 5 മുതല്‍ ആഗസ്റ്റ് 16 വരെയുള്ള അവസാന വില്‍പ്പന കാലയളവില്‍ മാത്രം, മൊത്തം 520,532 ടിക്കറ്റുകള്‍ വിറ്റു. കാമറൂണ്‍ – ബ്രസീല്‍, ബ്രസീല്‍ – സെര്‍ബിയ, പോര്‍ച്ചുഗല്‍ – ഉറുഗ്വേ, കോസ്റ്റാറിക്ക -. ജര്‍മ്മനി, ഓസ്ട്രേലിയ – ഡെന്മാര്‍ക്ക് തുടങ്ങിയ ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ അനുവദിച്ചത്.
ഖത്തര്‍, സൗദി അറേബ്യ, യുഎസ്എ, മെക്സിക്കോ, യുഎഇ, ഇംഗ്ലണ്ട്, അര്‍ജന്റീന, ബ്രസീല്‍, വെയില്‍സ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ താമസിക്കുന്ന ആരാധകരാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ഫിഫ ടിക്കറ്റിംഗ് അക്കൗണ്ടില്‍ ഒന്നോ അതിലധികമോ മത്സരങ്ങളുടെ സ്ഥിരീകരണം ഇപ്പോള്‍ കൈവശം വച്ചിരിക്കുന്ന ആരാധകര്‍, ഖത്തറിന് പുറത്ത് താമസിക്കുന്നവരാണെങ്കില്‍ അവരുടെ താമസസ്ഥലം ബുക്ക് ചെയ്തും അവരുടെ ഹയ്യാ കാര്‍ഡിന് (ടൂര്‍ണമെന്റിന്റെ ഫാന്‍ ഐഡി) അപേക്ഷിച്ചും എത്രയും വേഗം അവരുടെ യാത്ര ആസൂത്രണം ചെയ്യാന്‍ ഫിഫ ആഹ്വാനം ചെയ്തു. ടിക്കറ്റിനോടൊപ്പം ഹയ്യ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ കളിസ്ഥലങ്ങളിലേക്ക് പ്രവേശനം അനുവദിക്കൂ. നവംബര്‍ 1 മുതല്‍ ഖത്തറില്‍ സന്ദര്‍ശനത്തിനും ഹയ്യ കാര്‍ഡ് നിര്‍ബന്ധമാണ്.
അന്താരാഷ്ട്ര ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശനം നല്‍കുകയും മത്സരദിവസങ്ങളില്‍ സൗജന്യ പൊതുഗതാഗത സൗകര്യവും മറ്റ് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഹയ്യ കാര്‍ഡ് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.
പുതിയ ടിക്കറ്റ് വില്‍പന സെപ്തംബര്‍ അവസാനം പ്രഖ്യാപിക്കും. ഇതുവരെ ടിക്കറ്റ് ഉറപ്പിച്ചിട്ടില്ലാത്തവര്‍ക്ക് അപ്പോള്‍ പരിശ്രമിക്കാം. , ടൂര്‍ണമെന്റിന്റെ അവസാനം വരെ നടക്കുന്ന അവസാന നിമിഷ വില്‍പന ഘട്ടത്തില്‍, ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ ടിക്കറ്റുകള്‍ അനുവദിക്കുകയും പണമടച്ച ഉടന്‍ സ്ഥിരീകരിക്കുകയും ചെയ്യും.
FIFA.com/tickets എന്നതാണ് പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് വാങ്ങാനുള്ള ഒരേയൊരു ഔദ്യോഗിക ചാനലെന്ന് ഫിഫ ഓര്‍മപ്പെടുത്തി. അവസാന നിമിഷത്തെ വില്‍പ്പന ഘട്ടം ആരംഭിക്കുന്നതോടെ ദോഹയില്‍ കൗണ്ടര്‍ വില്‍പ്പനയും ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു.