എക്സ്പാറ്റ് സ്പോര്‍ട്ടീവ് ‘വെയ്റ്റ് ലോസ് കോമ്പറ്റീഷന്’ പ്രൗഢോജ്വല തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ: ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും ലോകകപ്പിനെ വരവേല്‍ക്കാം എന്ന ആശയം മുന്‍ നിര്‍ത്തി എക്സ്പാറ്റ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് ഖത്തര്‍ ഡയബറ്റീസ് അസോസിയേഷന്റെ അംഗീകാരത്തോടെ സ്പോര്‍ട്സ് കാര്‍ണ്ണിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വെയ്റ്റ് ലോസ് കോമ്പറ്റീഷന് (ശരീര ഭാരം കുറക്കല്‍) മത്സരത്തിന് പ്രൗഢോജ്വല തുടക്കം.
ബര്‍വ്വ സിറ്റിയിലെ കിംസ് ഹെല്‍ത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്തെന്നും മറ്റെല്ലാ തിരക്കുകള്‍ക്കിടയിലും ആരോഗ്യം കാത്ത് സൂക്ഷിക്കുന്നതില്‍ പ്രവാസ ജീവിതത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും സ്വന്തം ആരോഗ്യത്തെ കുറിച്ച് ചില വീണ്ടു വിചാരങ്ങള്‍ക്ക് ഈ മത്സരം പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കായിക മേഖലയില്‍ ഇത്തരം നൂതന ആശയങ്ങളുമായി മുന്നോട്ട് പോകുന്ന എക്സ്പാറ്റ് സ്പോര്‍ട്ടീവിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. എക്സ്പാറ്റ് സ്പോര്‍ട്ടീവ് പ്രസിഡണ്ട് സുഹൈല്‍ ശാന്തപുരം അദ്ധ്യക്ഷത വഹിച്ചു. ശരീര ഭാരവും ആവശ്യത്തിലധികം വണ്ണവും ഉള്ളവര്‍ക്ക് മത്സരബുദ്ധിയോടെ അത് കുറച്ച് ആത്മവിശ്വാസം നല്‍കുകയും ജീവിത ശൈലിയില്‍ ഒരു തിരുത്ത് നല്‍കുകയുമാണ് എക്സ്പാറ്റ് സ്പോര്‍ട്ടീവ് ഇതിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കിംസ് ഹെല്‍ത്ത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിഷാദ് അസീം, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ മാനേജിംഗ് കമ്മറ്റി മെമ്പര്‍ സഫീര്‍ റഹ്മാന്, ഖത്തര്‍ ഡയബറ്റിസ് അസോസിയേഷന് പ്രതിനിധി അഷ്റഫ് പി.വി, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് സോണല്‍ ഹെഡ് നൗഫല്‍ തടത്തില്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ പ്രസിഡണ്ട് റഷീദ് അഹമ്മദ്, കിംസ് ഹെല്‍ത്ത് അഡ്മിനിസ്ട്രേഷന് മാനേജര്‍ ഡോ. ദീപിക, ഡോ. നുസൈബ തുടങ്ങിയവര്‍ സംസാരിച്ചു. ഫിസിയോ തെറാപ്പിസ്റ്റുകളായ ഹുസൈന് വാണിമേല്‍, മുഹമ്മദ് അസ്ലം കള്‍ച്ചറല്‍ ഫോറം സ്പോര്‍ട്സ് വിംഗ് സെക്രട്ടറി അനസ് ജമാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എക്സ്പാറ്റ് സ്പോര്‍ട്ടീവ് ജനറല്‍ സെക്രട്ടറി താസീന്‍ അമീന് സ്വാഗതവും സ്പോര്‍ട്സ് കാര്‍ണ്ണിവല്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുറഹീം വേങ്ങേരി നന്ദിയും പറഞ്ഞു.
ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന മത്സരത്തിന്റെ ഭാഗമായി തത്സമയ ഫിറ്റ്നസ് സെഷനും, ഭക്ഷണക്രമം, വ്യായാമം, തുടങ്ങിയവയെ കുറിച്ചുള്ള ബോധ വത്കരണ ക്ലാസുകളും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ കാലയളവില്‍ ഫിസിയോ തെറാപിസ്റ്റിന്റെയും ഡയറ്റീഷ്യന്റെയും സേവനവും നല്‍കും. സപ്തംബര്‍ 30 ന് റയ്യാന്‍ പ്രൈവറ്റ് സ്കൂളില്‍ വച്ച് നടക്കുന്ന സ്പോര്‍ട്സ് കാര്‍ണ്ണിവലില്‍ വിജയികളെ ആദരിക്കും. ആകര്‍ഷകമായ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.