Archived Articles

ഖത്തറിലെ പ്രവാസി കൃഷി ആരാധകരുടെ സംഗമ വേദിയായി അഗ്രി ഫെയര്‍ 2022

അമാനുല്ല വടക്കാങ്ങര

ദോഹ: പ്രവാസികള്‍ക്കിടയില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതും വേണ്ടി ഗ്രീന്‍ ഖത്തര്‍, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി. ഐ. സി) റയ്യാന്‍ സോണുമായി സഹകരിച്ചു സംഘടിപ്പിച്ച എക്‌സിബിഷന്‍ ‘അഗ്രി ഫെയര്‍ 2022’ സംഘാടന മികവ് കൊണ്ടും, കൃഷി ആരാധകരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.


പ്രതികൂലമായ കാലാവസ്ഥ വക വെക്കാതെ വൈകീട്ട് 4 മണി മുതല്‍ രാത്രി 10 മണി വരെ ഇടമുറിയാതെ പ്രവഹിച്ച ആയിരങ്ങള്‍ക്ക് മനം കുളിര്‍ക്കെ കൃഷി അനുഭവങ്ങളും, കൃഷിയെ കുറിച്ചുള്ള അറിവുകളും പകര്‍ന്നു നല്‍കിയ ഫെയര്‍ ഖത്തറിന്റെ മണ്ണില്‍ ഒരു പുതിയ അനുഭവമായി മാറുകയായിരുന്നു.


ഖത്തറില്‍ കൃഷിയില്‍ പ്രാവീണ്യം തെളിയിച്ച ഗ്രീന്‍ ഖത്തര്‍ വളണ്ടിയര്‍മാര്‍ ഇലൈഹി സബീല, ഹമാമ ഷാഹിദ്, സജ്ന നജീം, നിഷ മുസ്ലിഹ് എന്നിവരുടെ നേതൃത്വത്തില്‍ മണ്ണൊരുക്കല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള ഓരോ ഘട്ടവും മനോഹരമായി ഒരുക്കിയ സ്റ്റാളുകളിലൂടെ നേരിട്ട് വിശദീകരിച്ചു കൊടുത്തു, സന്ദര്‍ശകരുടെ സംശയങ്ങള്‍ക്ക് അവര്‍ കൃത്യമായ മറുപടി നല്‍കി. ഖത്തറിലെ ഗാര്‍ഹിക പരിതസ്ഥിതിയില്‍ എങ്ങിനെ കൃഷി നടത്താം എന്ന് വിശദീകരിച്ചുകൊണ്ടുള്ള ചാര്‍ട്ടുകള്‍ ഓരോ സന്ദര്‍ശകരും അവരുടെ മൊബൈലുകളില്‍ ഒപ്പിയെടുത്തു.

പ്രദര്‍ശനത്തിന്റെ ഔദ്യോഗിക ഉല്‍ഘാടനം മാധ്യമം ഷി ക്യു എക്സലന്‍സ് ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ അവാര്‍ഡ് ജേതാവ് അങ്കിത റായ് ചോക്സിയും മാധ്യമം ഷി ക്യു എക്സലന്‍സ് ഫോര്‍ സോഷ്യല്‍ സര്‍വീസ് അവാര്‍ഡ് ജേതാവ് പി.കെ. സൗദയും ചേര്‍ന്ന് നിര്‍വഹിച്ചു. അഗ്രി ഫയര്‍ ജനറല്‍ കണ്‍വീനര്‍ സജ്ന കരുവാട്ടില്‍ അധ്യക്ഷത വഹിച്ച ഉത്ഘാടന സെഷന്‍ മെഹ്ദിയ മന്‍സൂറിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ഷഫ്‌ന വാഹദ് സ്വാഗതം പറഞ്ഞു, സി.ഐ.സി. റയ്യാന്‍ സോണല്‍ വൈസ് പ്രസിഡന്റ് സുബുല്‍ അബ്ദുല്‍ അസീസ് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മുഖ്യ അതിഥി അങ്കിത റായ് ചോക്‌സെക്ക് ഗ്രീന്‍ ഖത്തറിന്റെ ഉപഹാരം പി.കെ. സൗദ കൈമാറി, ഗ്രൂപ്പ് അഡ്മിന്‍ ഷെജീന ജലീല്‍ നന്ദി പ്രകാശിപ്പിച്ചു.

ചാണകം, വളം, വലകള്‍, ചെടിച്ചട്ടികള്‍, തുടങ്ങി കൃഷി ഒരുക്കാന്‍ ആവശ്യമായ സാധനങ്ങള്‍ ലഭ്യമാവുന്ന സ്റ്റാളുകളും; വിത്തുകള്‍, വിവിധ തരം ചെടികള്‍, തുടങ്ങിയ സൗജന്യമായി വിതരണം ചെയ്യുന്ന സ്റ്റാളുകളും ഒരുക്കിയിരുന്നു.

സംഘാടക സമിതി കണ്‍വീനര്‍മാരായ അബ്ദുല്‍ ജലീല്‍ എം.എം, സിദ്ദിഖ് വേങ്ങര, ഹാരിസ് കെ, തുടങ്ങിയവരും, ശബാന ഷാഫി, ഹഫ്‌സത്ത് മൂന്നാക്കല്‍, ഷെറീന്‍ ഷെബീര്‍, സൈനബ ജലീല്‍, കമറുന്നീസ, സുനീറ സലാം, താഹിര്‍ ടി.കെ, മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍മാരും, സി.ഐ.സി. റയ്യാന്‍ സോണല്‍ ഭാരവാഹികളും പരിപാടികള്‍ നിയന്ത്രിച്ചു.

Related Articles

Back to top button
error: Content is protected !!