ലോകകപ്പ് ആരംഭിച്ച് 12 ദിവസത്തിന് ശേഷം ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് ഹയ്യ കാര്‍ഡുകള്‍ നിര്‍ബന്ധമായേക്കില്ല
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ആരംഭിച്ച് 12 ദിവസത്തിന് ശേഷം ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് ഹയ്യ കാര്‍ഡുകള്‍ നിര്‍ബന്ധമായേക്കില്ലെന്ന് ഹയ്യ പ്ലാറ്റ്ഫോം സിഇഒ സയീദ് അലി അല്‍ കുവാരിയെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 1 മുതല്‍ ലോകകപ്പ് അവസാനിക്കുന്നത് വരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ലോകകപ്പ് ഫാന്‍ ഐഡി ( ഹയ്യ കാര്‍ഡ് )നിര്‍ബന്ധമാണെന്നാണ് നിലവില്‍ തീരുമാനം . എന്നാല്‍ ലോക കപ്പിന്റെ ആദ്യ 12 ദിനങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്കും സന്ദര്‍ശക പ്രവാഹവും അനുഭവപ്പെടുകയെന്നും അതിന് ശേഷം ഹയ്യ കാര്‍ഡില്ലാതെ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും അല്‍ കുവാരി സൂചന നല്‍കി.
ടൂര്‍ണമെന്റിന്റെ ആദ്യ 12 ദിവസങ്ങള്‍ക്ക് ശേഷം, നിലവിലെ സാഹചര്യത്തിന് അനുസൃതമായി പ്രവേശന നടപടിക്രമങ്ങള്‍ അവലോകനം ചെയ്യുമെന്നും ഹയ്യ കാര്‍ഡില്ലാത്തവരേയും പ്രവേശിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നുമാണ് അല്‍ കുവാരിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് സാധ്യതയും പ്രതീക്ഷയും മാത്രമാണുളളത്.
നവംബര്‍ 20 നും ഡിസംബര്‍ 18 നും ഇടയിലാണ് ഖത്തര്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അറബ് ലോകത്തെ ആദ്യത്തെ ഫിഫ ലോകകപ്പിന് 17 ലക്ഷത്തിലധികം ആളുകളെ ഖത്തറിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
‘അതിന് ശേഷം ഹയ്യ കാര്‍ഡില്ലാതെയും എന്‍ട്രി അനുവദിക്കാന്‍ സാധ്യതയുണ്ട്,’ ഹയ്യ പ്ലാറ്റ്ഫോം സി.ഇ.ഓ സഈദ് അലി അല്‍ കുവാരി പറഞ്ഞു.
ലോക കപ്പിന് 17 ലക്ഷം പേര്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.